
കൊച്ചി: ഇതുവരെ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലാത്ത കടുത്ത അനിശ്ചിതത്വങ്ങളിലൂടെയാണ് മലയാളസിനിമയും ഇന്ന് കടന്നുപോവുന്നത്. കൊറോണയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ മാര്‍ച്ചിലാണ് തിയേറ്ററുകള്‍ അടക്കുന്നത്. തിയേറ്റര്‍ റിലീസ് ഷെഡ്യൂള്‍ ചെയ്ത നിരവധി ചിത്രങ്ങള്‍ അതോടെ അനിശ്ചിതത്വത്തിലായി. ലോക്ക്ഡൗണ്‍ വന്നതോടെ ഷൂട്ടിംഗുങ്ങള് മുടങ്ങുകയും പ്രീ പ്രൊഡക്ഷന്‍- പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നീണ്ടുപോവുകയും ചെയ്തു. നിയന്ത്രണങ്ങളോടെ ഷൂട്ടിംഗും മറ്റു അനുബന്ധജോലികള്‍ക്കും സര്‍ക്കാര്‍ അനുവാദം കൊടുത്തുവെങ്കിലും തിയേറ്ററുകള്‍ എന്ന് തുറക്കാന്‍ കഴിയുമെന്ന കാര്യത്തിലുള്ള അനിശ്ചിതാവസ്ഥകള്‍ ഇതുവരെ നീങ്ങിയിട്ടില്ല.കൊറോണയുടെ പശ്ചാത്തലത്തില്‍ തിയേറ്ററുകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ പല ചിത്രങ്ങളും ഒടിടി റിലീസിനായി തയ്യാറെടുക്കുന്നുവെന്നാണ് അണിയറയില്‍ നിന്നും വരുന്ന വാര്‍ത്തകള്‍. ജയസൂര്യ നായകനായി എത്തിയ ‘സൂഫിയും സുജാതയും’, വിപിന്‍ ആറ്റ്ലിയുടെ ‘മ്യൂസിക്കല്‍ ചെയര്‍’ തുടങ്ങിയ ചിത്രങ്ങള്‍ ഇതിനിടെ ഒടിടി റിലീസ് ചെയ്തിരുന്നു.
ബോളിവുഡിലും ആറോളം ചിത്രങ്ങള്‍ ഇതിനകം ഓടിടി റിലീസായി പ്രേക്ഷകരിലേക്ക് എത്തുകയുണ്ടായി.മമ്മൂട്ടിയുടെ ‘വണ്‍’, ടൊവിനോ തോമസ് ചിത്രം ‘കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്’ എന്നിവയും ഓടിടി റിലീസിനൊരുങ്ങുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എന്നാല്‍ ഇക്കാര്യം അണിയറപ്രവര്‍ത്തകര്‍ ഇതുവരെ സ്ഥിതീകരിച്ചിട്ടില്ല. ഏപ്രിലില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് ‘വണ്‍’.പൊളിറ്റിക്കല്‍ ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രമാണ് ‘വണ്‍’. ഇച്ചായീസ് പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ‘ചിറകൊടിഞ്ഞ കിനാവുകളെ’ന്ന ചിത്രത്തിന്റെ സംവിധായകനായിരുന്ന സന്തോഷ് വിശ്വനാഥാണ്. ബോബി- സഞ്ജയ് ടീമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ കേരള മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായിട്ടാണ് മമ്മൂട്ടി എത്തുന്നത്. ജോജു ജോര്‍ജ്ജ്, സംവിധായകന് രഞ്ജിത്ത്, സലിം കുമാര്‍, മുരളി ഗോപി, ശങ്കര്‍ രാമകൃഷ്ണന്, സുരേഷ് കൃഷ്ണ, മേഘനാഥന്, മുകുന്ദന്, രശ്മി ബോബന്, സുധീര്‍ കരമന, വെട്ടുക്കിളി പ്രകാശ്, സുദേവ് നായര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആര് വൈദിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം നല്കിയിരിക്കുന്നു. എഡിറ്റിങ്ങ് നിഷാദ്.