
പെട്ടിമുടി: രാജമല പെട്ടിമുടിയില്‍ ദുരന്തമുണ്ടായ അന്നു മുതല്‍ രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം കുവിയുണ്ട്. മണ്ണിനടിയില്‍ നിന്ന് ഓരോ മൃതദേഹവും രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുക്കുമ്പോള്‍ അവള് ഓടിയെത്തും തന്റെ കൂട്ടുകാരിയുടെയാണോ എന്ന് നോക്കാന്‍. അല്ലെന്ന് കാണുമ്പോള്‍ പിന്നെയും കാത്തിരിപ്പ്. എട്ടു ദിവസം കഴിഞ്ഞു. അപകടത്തില്‍ മരിച്ച ഭൂരിപക്ഷം ആളുകളുടെയും മൃതദേഹം പുറത്തെടുത്തു. എന്നിട്ടും കൂട്ടുകാരിയെ കിട്ടിയില്ല. ഒടുവില്‍ അവള് തന്നെ അവളുടെ കൂട്ടുകാരിയെ തിരഞ്ഞു കണ്ടുപിടിച്ചു കൊടുത്തു. രക്ഷാപ്രവര്‍ത്തകര്‍ക്ക്. കൂവി ഒരു നായയാണ്. പെട്ടിമുടിയില്‍ കണ്ടെത്തിയ രണ്ടു വയസുകാരി ധനുഷ്കയുടെ വളര്‍ത്തുനായ. ദുരന്തത്തില്‍ ധനുവിന്റെ അച്ഛന് പ്രദീഷ് കുമാര്‍, അമ്മ കസ്തൂരി, സഹോദരി പ്രിയദര്‍ശനി എന്നിവരാണ് മരിച്ചത്. ഈ കുടുംബത്തില്‍ അവശേഷിക്കുന്നത് മുത്തശി കറുപ്പായി മാത്രമാണ്. കുവിയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായ പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.