KERALANEWS

ഒടുവില്‍ കോന്നി ഐരവണ്‍ തൂക്കുപാലത്തിന് ഒടുവില്‍ ശാപമോക്ഷം

കോന്നി : കാലപ്പഴക്കം മൂലം കഴിഞ്ഞ ആറു വര്‍ഷകാലമായി ഏത് നിമിഷവും നിലം പതിച്ചേക്കാം എന്ന ഭീഷണിയില്‍ കോന്നി നിവാസികള്‍ ഭയന്നിരുന്ന കോന്നി ഐരവണ്‍ തൂക്കുപാലത്തിന് ഒടുവില്‍ ശാപമോക്ഷം. കോന്നിയിലെ ഐരാവണ്‍ പാലത്തിന്റെ അറ്റകുറ്റപണികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചു. തൂക്കുപാലത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി അഞ്ചു ലക്ഷം രൂപയാണ് ഭരണാനുമതി നല്‍കിയിരിക്കുന്നത്.

2011ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഭരണകാലത്ത് അഡ്വ അടൂര്‍ പ്രകാശ് എം പി റവന്യൂ മന്ത്രി ആയിരുന്ന കാലഘട്ടത്തിലാണ് കോന്നി – അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ച് അച്ഛന്‍കോവിലാറിന് കുറുകെ ഐരവണ്‍ തൂക്കുപാലം നിര്‍മ്മിച്ചത്. കോഴിക്കോട് നിന്നും തൂക്കുപാല നിര്‍മ്മാണത്തില്‍ വിദഗ്ധരായ ഖലാസികള്‍ എത്തിയാണ് ആറ് മാസംകൊണ്ട് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ദുരന്ത നിവാരണ വകുപ്പിന്റെ 57 ലക്ഷം രൂപ വിനിയോഗിച്ചായിരുന്നു ഐരവണ്‍പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തികരിച്ചത്.

അച്ഛന്‍കോവിലാറിന്റെ ഇരു കരകളിലും കോണ്‍ക്രീറ്റ് ആര്‍ച്ചുകള്‍ നിര്‍മ്മിച്ച് ഇരുമ്പ് വടങ്ങള്‍ ഉപയോഗിച്ച് ഇരുകരകളേയും ബന്ധിപ്പിച്ച് ഇരുമ്പ് തകിടുകള്‍ കൊണ്ട് തൂക്കുപാലത്തിന്റെ നടപാത നിര്‍മ്മിച്ചാണ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. എന്നാല്‍ പാലം നിര്‍മ്മിച്ച് മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ കൈവരികള്‍ തുരുമ്പിക്കുകയും കൈപിടികള്‍ വേര്‍പെടുകയും ചെയ്തു . അതോടൊപ്പം നടപ്പാത ബന്ധിപ്പിച്ച നട്ടും ബോള്‍ട്ടുകളും തുരുമ്പിച്ച് ദ്രവിച്ച് അടര്‍ന്ന് വീഴുകയും ചെയ്തു.

പാലം അപകടാവസ്ഥയിലാണെന്ന് ദൃശ്യ-വാര്‍ത്ത മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നുവെങ്കിലും അറ്റകുറ്റപ്പണിയുടെ മേല്‍നോട്ട ചുമതല സംബന്ധിച്ചുള്ള തര്‍ക്കവും നിര്‍മ്മാണം നടത്തുവാന്‍ ദുരന്ത നിവാരണ അതോറിറ്റിക്ക് പണമില്ലെന്ന വാദവും മൂലം ആറ് വര്‍ഷമാണ് ഇതിന്റെഅറ്റകുറ്റപണികള്‍ക്കായി ഒരു നാട് കാത്തിരിക്കേണ്ടി വന്നത്.

കോന്നി,അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ അയ്യായിരത്തോളം ആളുകളാണ് ഐരവണ്‍ പാലത്തെ മാത്രം ആശ്രയിക്കുന്നത്. പാലം തകര്‍ച്ചാവസ്ഥയിലേക്ക് എത്തിയപ്പോള്‍ തന്നെ പ്രദേശവാസികള്‍ ഇടപെട്ട് ഈ പ്രശ്‌നം അധികൃതരുടെ മുന്‍പില്‍ അറിയിച്ചിരുന്നു. പക്ഷേ അധികൃതര്‍ ഗൗരവതരമായ ഈ വിഷയത്തെ അവഗണിക്കുകയായിരുന്നു ചെയ്ത്. തുടര്‍ന്ന് ജനങ്ങളുടെ നിരന്തരമായ അപേക്ഷകളും അഭിപ്രായങ്ങളും കാരണമാണ് ഐരവണ്‍ പാലത്തിന്റെ അറ്റകുറ്റ പണികള്‍ക്കായി സര്‍ക്കാര്‍ സഹായ ഹസ്തവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close