
മലപ്പുറം:പാലക്കാട് അതിര്‍ത്തിയില്‍ കൃഷിവിളകള്‍ തിന്ന് നശിപ്പിക്കുന്ന കാട്ടു പന്നികളെ തുരത്താന്‍ വെച്ച കെണിയില്‍ പെട്ട് കാട്ടന ചെരിഞ്ഞ സംഭവം ദേശീയതലത്തില്‍ തന്നെ വളരെ ചര്‍ച്ചചെയ്യപ്പെട്ട സംഭവമായിരുന്നു. അതിദാരുണമായ സംഭവത്തെ മലപ്പുറത്തുകാരുടെ മനോഭാവമായി ചിത്രീകരിക്കാനായിരുന്നു പലരുടെയും ശ്രമം. സാമൂഹ്യമാധ്യമങ്ങളില്‍ മലപ്പുറം ഹാഷ്ടാഗും വലതുപക്ഷ ജാതീയ അജണ്ഡയെ കൃത്യമായി തന്നെ പ്രതിഫലിപ്പിച്ചു. ആ വാദങ്ങളെയെല്ലാം തിരുത്തിക്കുറിക്കുന്നതായിരുന്നു കരിപ്പൂര്‍ വിമാനാപകടത്തില്‍ എല്ലാം മറന്നു രക്ഷാ പ്രവര്‍ത്തനം നടത്തിയ അവിടുത്തെ തദ്ദേശവാസികള്‍. വന്ദേഭാരതം മിഷന് വഴി സ്വദേശത്തു തിരിച്ചെത്തിയ പ്രവാസികളെ കോവിഡ് ഭീതി മറന്നാണ് നാട്ടുകാര്‍ രക്ഷിച്ചത്. അന്ന് വിമാനത്താവളം ഉള്‍പ്പെട്ട പ്രദേശം കണ്ടെയ്മെന്റ് സോണ്‍ ആയിരുന്നു. രാത്രി വളരെ വൈകിയും അപകത്തില്‍പ്പെട്ടവര്‍ക്ക് രക്തദാനം ചെയ്യാന്‍ ആശുപത്രി വരാന്തയ്ക്കുമുന്നില് യുവാക്കളുടെ നീണ്ട നിര കാണാമായിരുന്നു. ഇതേ മലപ്പുറത്തുകാരെക്കുറിച്ചാണ് ആന ചെരിഞ്ഞ സംഭവത്തില്‍ ക്രൂര മനസ്ഥിതിക്കാരെന്ന് ബിജെപി എംപിയും മൃഗസംരക്ഷണ പ്രവര്‍ത്തകയുമായ മേനകഗാന്ധി പരാമര്‍ശിച്ചത്. ഇപ്പോള്‍ അതേ മേനകാഗാന്ധി തന്നെ ഇന്ന് മലപ്പുറത്തുകാരെ പുകഴ്ത്തിയിരിക്കുകയാണ്. കോവിഡ് വ്യാപന സാധ്യതയും വിമാനത്തിനു തീപിടിച്ചുണ്ടായേക്കാവുന്ന അപകടവും വകവയ്ക്കാതെ രക്ഷാ പ്രവര്‍ത്തനം നടത്തിയവരുടെ സേവന മനോഭാവം വിശദീകരിച്ചു മൊറയൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി അബ്ബാസ് വടക്കന്‍ മേനക ഗാന്ധിക്ക് ഇ മെയില്‍ സന്ദേശം അയച്ചിരുന്നു. ഇതിന് നല്കിയ മറുപടിയിലാണ് മേനകാഗാന്ധി മലപ്പുറത്തുകാരെ പുകഴ്ത്തിയത്. വിമാന ദുരന്തമുണ്ടായ സമയത്ത് മികച്ച ഇടപെടലാണു മലപ്പുറത്തുകാരുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന് മേനകാ ഗാന്ധി പ്രശംസിച്ചു. ഇതുപോലെ മനുഷ്യത്വപരമായ സമീപനം എല്ലാ ജീവികള്‍ക്കു നേരെയുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും സന്ദേശത്തില്‍ അവര്‍ വ്യക്തമാക്കി.