KERALANEWSTop News

ഒടുവിൽ കറിവേപ്പിലയായി ജോസ് കെ മാണി; ഏകാം​ഗ പാർട്ടികൾക്കും കേരള കോൺ​ഗ്രസിനും ഓരോ മന്ത്രിമാർ; സുപ്രധാന വകുപ്പും നൽകാനാകില്ലെന്ന നിലപാടിൽ സിപിഎം നേതൃത്വം; തങ്ങളെ തനിക്കാക്കി വെടക്കാക്കി എന്ന തിരിച്ചറിവിൽ കേരള കോൺ​ഗ്രസ് (എം)

കോട്ടയം: കേരള കോൺ​ഗ്രസ് എം പാർലമെന്ററി പാർട്ടി നേതാവായി റോഷി അഗസ്റ്റിനെ തിരഞ്ഞെടുത്തു. ഡോ.എൻ ജയരാജാണ് ഡെപ്യൂട്ടി ലീഡർ. പ്രമോദ് നാരായണൻ പാർലമെന്ററി പാർട്ടി സെക്രട്ടറിയാകും. ഇടത് മുന്നണിയിൽ അർഹമായ പരി​ഗണന കിട്ടിയില്ല എന്ന വികാരം പാർട്ടിക്കുള്ളിൽ ശക്തമാണ്. രണ്ട് മന്ത്രിസ്ഥാനം വേണമെന്നായിരുന്നു കേരള കോൺ​ഗ്രസ് നേതൃത്വം സിപിഎം നേതൃത്വത്തോട് ആവശ്യപ്പെട്ടത്. എന്നാൽ, ഒരു മന്ത്രിയെ മാത്രമേ നൽകാനാകൂ എന്ന നിലപാടിൽ സിപിഎം ഉറച്ചുനിന്നു. ഇതോടെ പ്രധാനപ്പെട്ട വകുപ്പുകൾ ചോദിച്ചെങ്കിലും തങ്ങളുടെ കൈവശമുള്ള പ്രധാന വകുപ്പുകൾ വിട്ടുനൽകാൻ സിപിഎമ്മും സിപിഐയും ഒരുക്കമല്ല. യുഡിഎഫ് വിട്ടുവരുകയും ഇടത് മുന്നണിയുടെ രണ്ട് തെരഞ്ഞെടുപ്പ് വിജയങ്ങൾക്ക് ഒപ്പം നിൽക്കുകയും ചെയ്ത തങ്ങളെ തഴയുന്നതിൽ കേരള കോൺ​ഗ്രസ് നേതാക്കൾക്കും അണികൾക്കും അമർഷമുണ്ട്.

രണ്ട് മന്ത്രിസ്ഥാനം എന്ന ആവശ്യത്തിൽ നിന്നും പിന്നോട്ടില്ലെന്ന് ഇന്നലത്തെ ഉഭയകക്ഷി ചർച്ചയിൽ സിപിഎം നേതാക്കളോട് ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു. അനുനയന സാധ്യത തേടിയ സിപിഎം നേതാക്കൾക്ക് മുന്നിൽ ജോസ് കെ മാണി വെച്ച ഒത്തുതീർപ്പ് ഫോർമുല, രണ്ട് മന്ത്രിമാരെ പാർട്ടിക്ക് ലഭിക്കുന്നില്ലെങ്കിൽ റവന്യൂ, ഉന്നത വിദ്യാഭ്യാസം, സിവിൽ സപ്ലൈസ് എന്നിവയിൽ ഏതെങ്കിലും രണ്ട് വകുപ്പുകൾ പാർട്ടിക്ക് വേണമെന്നായിരുന്നു. എന്നാൽ, സിപിഐയുടെ കൈവശമുളള വകുപ്പുകൾ വിട്ടുനൽകാനാകില്ലെന്ന് അവർ അറിയിച്ചതായും, വിദ്യാഭ്യാസ വകുപ്പ് സിപിഎം തന്നെ കയ്യാളണമെന്നത് പാർട്ടി നയമാണെന്നും സിപിഎം വ്യക്തമാക്കുകയായിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ നിന്നും വ്യത്യസ്തമായി കടുത്ത നിലപാടാണ് കേരള കോൺ​ഗ്രസ് ഇന്നത്തെ ചർച്ചയിൽ സ്വീകരിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.ര ണ്ട് മന്ത്രിമാർ എന്നത് തങ്ങളുടെ ന്യായമായ അവകാശമാണെന്ന് ജോസ് കെ മാണി ചൂണ്ടിക്കാട്ടി. എല്ലാ പാർട്ടികളെയും ഉൾക്കൊള്ളാൻ വിട്ടുവീഴ്ച്ചകൾ വേണമെന്ന ആവശ്യമാണ് സിപിഎം മുന്നോട്ട് വെച്ചത്. വിട്ടുവീഴ്ച്ച ചെയ്യണമെങ്കിൽ അത് സിപിഐ ആണ് എന്നതായിരുന്നു ജോസ് കെ മാണിയുടെ നിലപാട്. 17 എംഎൽഎമാരുള്ള സിപിഐക്ക് നാല് മന്ത്രിമാരും ഡെപ്യുട്ടി സ്പീക്കറും ആകാമെങ്കിൽ തങ്ങൾക്ക് രണ്ട് മന്ത്രിമാരെ ലഭിക്കാൻ സ്വാബാവിക അർഹതയുണ്ടെന്ന് കേരള കോൺ​ഗ്രസ് ചൂണ്ടിക്കാട്ടി. എന്നാൽ, മന്ത്രിമാരുടെ എണ്ണം നിശ്ചയിക്കുന്നതിന് എംഎൽഎമാരുടെ എണ്ണം മാത്രമല്ല മാനദണ്ഡമെന്ന നിലപാടിലായിരുന്നു സിപിഎം. ജോസ് കെ മാണിയുടെ ആവശ്യങ്ങൾ പൂർണമായും അം​ഗീകരിക്കാനാകില്ലെന്ന് സിപിഎം ആർത്ഥശങ്കയില്ലാതെ വ്യക്തമാക്കുകയായിരുന്നു.

ഒരു മന്ത്രിയും സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഒഴികെയുള്ള ഒരു കാബിനറ്റ് റാങ്കും എന്ന നിർദ്ദേശം ഒരു വേള സിപിഎം പോളിറ്റ് ബ്യൂറോ അം​ഗം കോടിയേരി ബാലകൃഷ്ണൻ മുന്നോട്ട് വെച്ചു. എന്നാൽ, ഇപ്പോൾ ചർച്ച മന്ത്രിസഭാ രൂപീകരണത്തെ കുറിച്ചും നിയമസഭാം​ഗങ്ങളുടെ സത്യപ്രതിജ്ഞയെ കുറിച്ചും മതിയെന്നും അതിന് ശേഷമാകാം കാബിനറ്റ് പദവികൾ പങ്കുവെക്കലെന്നും ജോസ് കെ മാണി നിലപാടെടുത്തു. ഇതോടെ രണ്ട് മന്ത്രിമാർ അല്ലെങ്കിൽ രണ്ട് സുപ്രധാന വകുപ്പുകൾ എന്ന നിലപാടിൽ നിന്ന് ജോസ് കെ മാണി പിന്നോട്ടില്ലെന്ന് സിപിഎം നേതൃത്വത്തിനും വ്യക്തമാകുകയായിരുന്നു. തങ്ങളെ വിശ്വാസത്തിലെടുക്കാതെ നടക്കുന്ന ചർച്ചകളോടുള്ള നീരസം ജോസ് കെ മാണി മറച്ചുവെച്ചില്ല. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഇടത് മുന്നണി നേടിയ തിളങ്ങുന്ന വിജയത്തിന് പിന്നിൽ കേരള കോൺ​ഗ്രസുകാരുടെ വിയർപ്പും പ്രയത്നവുമുണ്ടെന്ന് മറക്കരുതെന്നും ഇത്തരം നിലപാടുകൾ കേരള കോൺ​ഗ്രസിനെ അപമാനിക്കുന്നതിന് തുല്യമായാണ് പ്രവർത്തകർ വിലയിരുത്തുക എന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി.

കേരള കോൺ​ഗ്രസ് ആവശ്യപ്പെടുന്ന വകുപ്പുകളിൽ ഉന്നത വിദ്യാഭ്യാസം സിപിഎമ്മിനും സിവിൽ സപ്ലൈസും റവന്യുവും സിപിഐക്കും എന്നതാണ് നിലവിലെ ധാരണ. തങ്ങളുടെ കൈവശമുള്ള വകുപ്പുകൾ ഒന്നും വിട്ടുനൽകില്ലെന്ന് സിപിഐ നേരത്തേ വ്യക്തമാക്കിയിരുന്നു. നിർബന്ധമെങ്കിൽ വനം വകുപ്പ് വിട്ടുനൽകാമെന്നും അതിന് പകരം മറ്റൊരു വകുപ്പ് വേണമെന്നുമായിരുന്നു സിപിഐ നിലപാട്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ ഇപ്പോൾ മറുപടി പറയാൻ കഴിയില്ലെന്ന് സിപിഎം അറിയിക്കുകയായിരുന്നു. എന്നാൽ, പൊതുമരാമത്ത് വകുപ്പ് മാത്രമകും കേരള കോൺ​ഗ്രസിന് നൽകാൻ കഴിയുക എന്നാണ് സിപിഎം കേന്ദ്രങ്ങൾ നൽകുന്ന സൂചനകൾ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close