MoviesNEWSWORLD

ഒത്തുതീര്‍പ്പുകളില്ലാതെ ജീവിത ഭാഷ്യം ചമച്ച സിനിമകള്‍ ! കിം ഓര്‍മ്മയാകുമ്പോള്‍

സ്വയം സ്വായത്തമാക്കിയ ഒരു കല. അതിന്റെ ചക്രവര്‍ത്തിയായിരുന്നു കിം കി ഡുക്ക്. അക്കാദമിക് തലത്തില്‍ സിനിമയെക്കുറിച്ച് യാതൊന്നും സമ്പാദിക്കാനാകാതെ, പരാജയപ്പെട്ട കൗമാരവും യുവത്വവും പിന്നിട്ട ശേഷം സിനിമയുടെ ലോകത്തെത്തിയ കിം, വര്‍ഷങ്ങളായി വിവിധ സിനിമാമേളകളുടെ പ്രധാന ആകര്‍ഷണമാണ്. ദൃശ്യപരമായും പ്രമേയപരമായും മൗലികത അവകാശപ്പെടാവുന്ന സിനിമകള്‍ അദ്ദേഹത്തെ വേറിട്ടുനിര്‍ത്തുന്നു. പലപ്പോഴും ഒരാഘാതം പോലെ കിം തന്റെ സിനിമകളെ പ്രേക്ഷകനെ അനുഭവിപ്പിക്കാറുണ്ട്.

ദക്ഷിണ കൊറിയയിലെ ഗ്യാങ്ങ്‌സാങ്ങ് പ്രവിശ്യയിലെ ദരിദ്ര കുടുംബങ്ങളിലൊന്നിലാണ് 1960ല്‍ കിം ജനിക്കുന്നത്. ഒമ്പതാം വയസ്സില്‍ കുടുംബം സോള്‍ നഗരത്തിലേക്ക് മാറുന്നു. സോളില്‍ കാര്‍ഷിക വൃത്തി പഠിപ്പിക്കുന്ന സ്‌കൂളില്‍ ചേര്‍ന്നു. പതിനേഴാം വയസ്സില്‍ സ്‌കൂളില്‍നിന്നു പുറത്ത്. പിന്നീട് ഫാക്ടറികളില്‍ കുട്ടിത്തൊഴിലാളിയായി മൂന്നു വര്‍ഷം. ഇരുപതാം വയസ്സില്‍ സൈന്യത്തില്‍. അഞ്ചുവര്‍ഷത്തെ സൈനിക സേവനത്തിനുശേഷം കാഴ്ചശക്തിയില്ലാത്തവരെ പഠിപ്പിക്കുന്ന സ്‌കൂളില്‍ കിം ചേര്‍ന്നു. ഉപദേശിയാകാമെന്ന പ്രതീക്ഷയില്‍ അവിടെ രണ്ടുവര്‍ഷം കഴിഞ്ഞു. 1990ല്‍ അന്നോളം സമ്പാദിച്ച പണമെല്ലാം ചേര്‍ത്ത് പാരീസിലേക്കൊരു വിമാനയാത്ര. കുട്ടിക്കാലം മുതല്‍ താന്‍ വരച്ച ചിത്രങ്ങള്‍ തെരുവില്‍ വില്‍ക്കുകയായിരുന്നു ഉദ്ദേശ്യം. പാരീസിലെത്തി ചിത്രങ്ങള്‍ വിറ്റുകിട്ടിയ കാശുകൊണ്ട് ജീവിതത്തിലാദ്യമായി ആദ്യമായി കിം ഒരു സിനിമ കണ്ടു. ത്രില്ലര്‍ സിനിമകളിലെന്ന പോലെ കിമ്മിന്റെ ജീവിതത്തിന്റെ വഴിത്തിരിവായത് ആ സംഭവമായിരുന്നു.

ഫ്രാന്‍സില്‍നിന്ന് സിനിമാമോഹവുമായാണ് കിം കൊറിയയില്‍ മടങ്ങിയെത്തിയത്. സിനിമയെ വലിയ മുതല്‍മുടക്കുള്ള വേദി കിമ്മിന് എത്തിപ്പെടാവുന്ന ഇടമായിരുന്നില്ല. നാട്ടിലെ ചെറുകിട തിരക്കഥാരചനാ മത്സരങ്ങളില്‍ പയറ്റുകമാത്രമായിരുന്നു വഴി. 1993ല്‍ സ്‌ക്രീന്‍ റൈറ്റിങ്ങ് എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രശസ്തമായ പുരസ്‌കാരം കിമ്മിനെത്തേടിയെത്തി. ഒരു ചിത്രകാരനും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളിയും എന്ന തിരക്കഥ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ മത്സരത്തില്‍ ഒന്നാമതെത്തി. 1994 കൊറിയന്‍ ഫിലിം കൌസിലിന്റെ മത്സരത്തില്‍ മൂന്നാം സ്ഥാനവും 1995ല്‍ ഓന്നം സ്ഥാനവും കിം സ്വന്തമാക്കി.

ഇന്ന് കൊറിയന്‍ സിനിമയുടെ ലോകഭാഷയാണ് കിം കി ഡുക്കിന്റെ സിനിമകള്‍. വ്യവസ്ഥിതികളോട് കലഹിച്ചാണ് കിമ്മിന്റെ സൃഷ്ടികളേറെയും പിറന്നിട്ടുള്ളത്. കൊറിയന്‍ സിനിമയിലെ സമകാലികരായ പലരുടെയും സിനിമാ പാണ്ഡിത്യം കിമ്മിന് അവകാശപ്പെടാനില്ല. ദരിദ്രമായ ചുറ്റുപാടുകളില്‍ വളര്‍ന്നതുകൊണ്ടും സിനിമയെക്കുറിച്ച് പരിമിതമായ ജ്ഞാനം മാത്രം കൈമുതലായുള്ളതുകൊണ്ടും കിമ്മിന്റെ സിനിമകള്‍ കൊറിയയില്‍ അത്ര സ്വീകാര്യമല്ല. ലോകപ്രശസ്തങ്ങളായ സിനിമാ വേദികളില്‍ സജീവമായി ചര്‍ച്ചചെയ്യപ്പെടുമ്പോഴും അവാര്‍ഡുകള്‍ വാരിക്കൂട്ടുമ്പോഴും അദ്ദേഹത്തിന്റെ സിനിമകള്‍ കൊറിയയില്‍ പലപ്പോഴും പരാജയമാണ്. അവിടുത്തെ സിനിമാ നിരൂപകര്‍ക്ക് ഏറെക്കുറെ പല സിനിമകളും അപ്രസക്തവുമാണ്. എന്നാല്‍, ലോകം കിം കി ഡുക്കിന്റെ സിനിമകള്‍ക്കായി കാത്തിരിക്കുകയായിരുന്നു.

1996ല്‍ കിം തന്റെ സിനിമാജീവിതത്തിന് തുടക്കമിട്ടു. ക്രൊക്കഡൈല്‍ എന്ന സിനിമ കിമ്മിന്റെ പില്‍ക്കാല ചിത്രങ്ങളുമായി ഗുണപരമായും ആഖ്യാനപരമായും താരതമ്യം ചെയ്യാന്‍ പാകത്തിലുള്ളതായിരുന്നില്ല. സോളിലെ ഹാണ്റ്റിവര്‍ നദിക്കരികെ താമസിക്കുന്ന ഒരാള്‍, നദിയില്‍ച്ചാടി ആത്മഹത്യ ചെയ്യാനൊരുങ്ങിയ സ്ത്രീയെ രക്ഷിക്കുന്നതും പിന്നീടയാള്‍ അവളെ എല്ലാത്തരത്തിലും പീഡിപ്പിക്കുന്നതുമായിരുന്നു പ്രമേയം. ഒടുവില്‍ നായകനും നായികയ്ക്കുമിടയില്‍ പ്രണയമുണ്ടാകുന്നുമുണ്ട്. പുസാന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സിനിമയ്ക്ക് അവിടെ ധാരാളം പ്രേക്ഷകരെ സൃഷ്ടിക്കാനായി. കൊറിയന്‍ പനോരമയിലേക്ക് ക്രൊക്കഡൈല്‍ തെരഞ്ഞെടുക്കപ്പെട്ടത് കിമ്മിന്റെ അന്താരാഷ്ട്ര കരിയറിന് തുടക്കം കുറിച്ചു. പിന്നീട് നിരവധി സിനിമകള്‍.

കിമ്മിന്റെ സിനിമകള്‍ കൊറിയയുടെ മധ്യ-ഉപരിവര്‍ഗ ജീവിതത്തിനു ദഹിക്കാത്ത കാഴ്ചകളാണ് സമ്മാനിച്ചത്. സ്ര്ത്രീകള്‍ക്കെതിരായ അക്രമത്തിന്റെ പേരില്‍ സ്ത്രീപക്ഷ വിമര്‍ശകര്‍ രാക്ഷസനെന്നും പരാജയപ്പെട്ടവനെന്നും കിമ്മിനെ കുറ്റപ്പെടുത്തി. കൊറിയന്‍ പത്രങ്ങളും കിമ്മിനെ വെറുതെ വിട്ടില്ല. നാട്ടിലെ പത്രക്കാര്‍ക്ക് തനിക്കരികില്‍വരാന്‍ അനുവാദമില്ലെന്ന് പ്രഖ്യാപിച്ചെങ്കിലും കിമ്മിന് ആ വാക്ക് പലപ്പോഴും പാലിക്കാനായില്ല പക്ഷേ യൂറോപ്പ് കിമ്മിനെ കൂടുതല്‍ വിലപിടിച്ചവനായി കാണാന്‍ തുടങ്ങി. ബെര്‍ലിന്‍ മേളയിലൊക്കെ കിം സ്ഥിര സാന്നിധ്യമായി.

കിമ്മിന്റെ സിനിമകള്‍ സമൂഹത്തിലെ തിരസ്‌കൃതരുടെ ജീവിതത്തിനു പ്രാധാന്യം നല്‍കുന്നവയായിരുന്നു അതുകൊണ്ടുതന്നെ പലപ്പോഴും സദാചാര വാദികള്‍ക്ക് ദഹിക്കാത്ത സിനിമാ അനുഭവമായി അതുമാറി. മൃദുകഥനത്തിലൂടെ പ്രേക്ഷകരെ, പ്രത്യേകിച്ച് യൂറോപ്പിലെയും അമേരിക്കയിലെയും പ്രേക്ഷകരെ കൈയിലെടുക്കാന്‍ കിമ്മിനു സാധിച്ചു. മൗലികമായ കഥനരീതിയാണ് കിമ്മിന്റെ പ്രത്യേകത. സംഭാഷണങ്ങളിലൂടെയല്ലാതെ ശക്തമായി കഥപറയുവാനും തീഷ്ണമായ ചിത്രീകരണത്തിലൂടെ സിനിമയെ പ്രേക്ഷകന്റെ കണ്ണിലുടക്കിനിര്‍ത്തുവാനും അദ്ദേഹത്തിനു എന്നും കഴിഞ്ഞിരുന്നു.

സിനിമ കിം സ്വയം പഠിച്ചതാണെങ്കിലും, സംവിധായകന്‍ സിനിമയുടെ സമ്പൂര്‍ണാധികാരിയാണെന്ന് വിശ്വസിക്കുയാളാണ് കിം. തന്റെ ഭൂരിഭാഗം സിനിമകളുടെയും എഡിറ്റിങ്ങും കലാ സംവിധാനവും തിരക്കഥാ രചനയും സ്വയം നിര്‍വഹിക്കുന്ന കിം, സിനിമകള്‍ നിര്‍മ്മിക്കാനും തയ്യാറാവുന്നു. ഒത്തുതീര്‍പ്പുകളില്ലാതെ തന്റെ ജീവിത ഭാഷ്യം ചമയ്ക്കുകയാണ് കിമ്മിന്റെ ഓരോ സിനിമയും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close