Breaking NewsKERALANEWSTop News

ഒപ്പം താമസിച്ച യുവതിയെ ഫ്ലാറ്റിൽ പൂട്ടിയിട്ട് പീഡിപ്പിച്ച സംഭവം: പ്രതി മാര്‍ട്ടിന്‍ ജോസഫിന്റെ മൂന്ന് സുഹൃത്തുക്കൾ പൊലീസ് കസ്റ്റഡിയിൽ; മാർട്ടിനെതിരെ പരാതിയുമായി മറ്റൊരു യുവതി കൂടി

കൊച്ചി: യുവതിയെ ഫ്‌ളാറ്റില്‍ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച കേസില്‍ മുന്ന് പേര്‍ കസ്റ്റഡിയില്‍. കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫിന്റെ സുഹൃത്തുക്കളായ ശ്രീരാഗ്, ജോണ്‍ജോയ്, ധനേഷ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. മാര്‍ട്ടിനെ കൊച്ചിയില്‍ നിന്നും തൃശ്ശൂരില്‍ എത്തിച്ചത് ഇവരാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഇവര്‍ സഞ്ചരിച്ച വാഹനവും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

യുവതിയെ പീഡിപ്പിച്ച സംഭവം പുറത്തറിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതി മാര്‍ട്ടിനെ പൊലീസിന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കൊച്ചി, തൃശൂര്‍ പൊലീസ് ടീമുകള്‍ സംയുക്തമായാണ്് പ്രതിക്ക് വേണ്ടി തിരച്ചില്‍ നടത്തുന്നത്. ഒളിവില്‍ പോയ പ്രതി മാര്‍ട്ടിന്‍ ജോസഫിനായി നേരത്തെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. അതിനിടെ, മാര്‍ട്ടിന്‍ ജോസഫിന് എതിരെ പുതിയ ഒരു കേസുകൂടി രജിസ്റ്റര്‍ ചെയ്തു. പീഡനത്തിന് ഇരയായെന്ന് പരാതി നല്‍കിയ യുവതിയുടെ സുഹൃത്തായ മറ്റൊരു യുവതിയോട് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. കൊച്ചി കാക്കനാട്ടെ ഫ്‌ളാറ്റില്‍ വച്ചുണ്ടായ സംഭവമാണ് പരാതിക്ക് അടിസ്ഥാനം. മാര്‍ട്ടിന്‍ ജോസഫ് സുഹൃത്ത് സുധീര്‍ എന്നിവരെ പ്രതിയാക്കിയാണ് പുതിയ കേസ്.

ഒപ്പം താമസിച്ച യുവതിയെ ഫ്ലാറ്റിൽ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിനെ കുറിച്ച് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾളാണ്. നേരത്തേ കഞ്ചാവു കേസുകളിൽ പ്രതിയായിരുന്ന മാർട്ടിൻ ജോസഫ് കൊച്ചിയിൽ നയിച്ചിരുന്നത് ആഡംബര ജീവിതമാണ്. തൃശ്ശൂർ മുണ്ടൂർ സ്വദേശിയായ മാർട്ടിൻ ജോസഫ് കൊച്ചി മറൈൻഡ്രൈവിൽ മാസം അര ലക്ഷം രൂപ വാടകയുള്ള ഫ്ളാറ്റിലായിരുന്നു താമസം. വീട്ടുകാരുമായും നാട്ടുകാരുമായും അധികം ബന്ധം പുലർത്താത്ത മാർട്ടിൻ ജോസഫ് എറണാകുളത്ത് ബിസിനസാണ് എന്നായിരുന്നു ഏവരെയും വിശ്വസിപ്പിച്ചിരുന്നത്. മാർട്ടിന് മണിചെയിൻ, ക്രിപ്റ്റോ കറൻസി ഇടപാടുകളുണ്ടെന്നും പൊലീസ് സംശയിക്കുന്നു. അതേസമയം, മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിനെ പോലീസിന് ഇതുവരെയും പിടികൂടാനായിട്ടില്ല.

തൃശ്ശൂരിലും പരിസര പ്രദേശങ്ങളിലും അന്വേഷണ സംഘം തിരച്ചിൽ നടത്തിയെങ്കിലും കാര്യമായ പുരോ​ഗതി ഉണ്ടായില്ല എന്നാണ് സൂചനകൾ. തൃശ്ശൂരിലെ വീടുമായോ വീട്ടുകാരുമായോ വലിയ ബന്ധം പുലർത്തിയിരുന്നില്ല. ഇടയ്ക്ക് ആഡംബര കാറുകളിൽ വീട്ടിൽ വരുന്നതൊഴിച്ചാൽ നാട്ടുകാർക്കും മാർട്ടിനെക്കുറിച്ച് കൂടുതൽ കാര്യങ്ങളൊന്നും അറിയില്ല.എറണാകുളത്ത് ബിസിനസാണെന്ന് മാത്രമാണ് ഇയാൾ വീട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാൽ എന്ത് ബിസിനസാണെന്നോ മറ്റോ ആർക്കും അറിയില്ല. നേരത്തെ ചില കഞ്ചാവ് കേസുകളിൽ മാർട്ടിൻ ഉൾപ്പെട്ടിരുന്നതായാണ് വിവരം. ഇതിനെത്തുടർന്നാണ് എറണാകുളത്തേക്ക് താമസം മാറ്റിയത്. കൊച്ചി നഗരത്തിൽ ആഡംബരജീവിതം നയിച്ചിരുന്ന മാർട്ടിന് മണിചെയിൻ, ക്രിപ്റ്റോ കറൻസി ഇടപാടുകളുണ്ടെന്നും പോലീസിന് സംശയമുണ്ട്.

അതേസമയം, മാർട്ടിൻ ജോസഫിന്റെ മുൻകൂർ ജാമ്യഹർജിയിൽ വെള്ളിയാഴ്ചയ്ക്കകം വിശദീകരണം നല്കാൻ ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചിരിക്കുകയാണ്. ജസ്റ്റിസ് വി. ഷെർസിയാണ് ഹർജി പരിഗണിച്ചത്. എറണാകുളം അഡിഷണൽ സെഷൻസ് കോടതി ജാമ്യ ഹർജി തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇരുവരും തമ്മിലുള്ള ബന്ധം അകന്നതിലുള്ള പ്രതികാരം തീർക്കാനായി കെട്ടിച്ചമച്ചതാണ് പരാതിയെന്നാണ് ജാമ്യഹർജിയിൽ പറയുന്നത്.

പരാതിക്കാരിയായ കണ്ണൂർ സ്വദേശിനി മുൻപ് വിവാഹിതയായിരുന്നുവെന്ന വിവരമടക്കം മറച്ചുവെച്ചുവെന്ന് ഹർജിയിൽ ആരോപിക്കുന്നു. 27-കാരിയായ യുവതിയെ പൊതുസുഹൃത്ത് വഴിയാണ് പരിചയപ്പെടുന്നത്. തുടർന്ന് ഒന്നിച്ചുതാമസിക്കാൻ തുടങ്ങി. പ്ലസ്ടു വിദ്യാഭ്യാസമുള്ള യുവതി ഒരു ഫാഷൻ ഡിസൈനറുടെ അസിസ്റ്റന്റ് ആണെന്ന് പിന്നീട് മനസ്സിലായി. ഇതിനിടയിലാണ് യുവതി വിവാഹിതയാണെന്ന വിവരം അറിയുന്നത്. ആരാഞ്ഞപ്പോൾ വിവാഹബന്ധം വേർപ്പെടുത്താനുള്ള നടപടികൾ നടക്കുകയാണെന്നും ഉടൻ തീരുമാനം ഉണ്ടാകുമെന്നും അറിയിച്ചു.

യുവതി തനിക്ക് പണം തന്നുവെന്ന അവകാശവാദം തെറ്റാണ്. താനാണ് യുവതിയുടെ ആവശ്യങ്ങൾക്കായി പണം നല്കിയത്. ബെംഗളരൂവിൽ ബ്യൂട്ടീഷ്യൻ കോഴ്സ് പഠിക്കുന്നതിനുള്ള പണം നല്കിയതും താനാണ്. തന്നോടു പറയാതെ യുവതി യാത്രപോകുന്നത് പതിവായിരുന്നു. ഫോണിൽപ്പോലും കിട്ടുമായിരുന്നില്ല. ഇതിനെ തുടർന്ന് സുഹൃത്തുക്കൾ ഇടപെട്ട് ബന്ധം രമ്യമായി അവസാനിപ്പിക്കാൻ തീരുമാനിച്ചതാണ്.ഇതിനിടയിലാണ് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ തനിക്കെതിരേ യുവതി പരാതി നല്കുന്നത്.

ഇതിനെ തുടർന്നാണ് സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യഹർജി ഫയൽ ചെയ്യുന്നത്. പരാതിക്കാരി ഹാജരാക്കിയ വ്യാജ ഫോട്ടോഗ്രാഫ് മാത്രം കണക്കിലെടുത്താണ് സെഷൻസ് കോടതി തന്റെ ജാമ്യാപേക്ഷ തള്ളിയത്. ശാരീരികമായി ഉപദ്രവിച്ചതിന്റെ വൈദ്യപരിശോധനാ രേഖകളൊന്നും കോടതിയിൽ ഹാജരാക്കിയിരുന്നില്ലെന്നും ജാമ്യഹർജിയിൽ പറയുന്നു.

എറണാകുളത്ത് ഫാഷൻ ഡിസൈനറായി ജോലി ചെയ്തു വരുമ്പോഴാണ് പീഡനത്തിനിരയായ യുവതി മാർട്ടിനുമായി പരിചയത്തിലാകുന്നത്. ഇവർ ഒരുമിച്ച് താമസിച്ചു വരുന്നതിനിടെ യുവതിയെ മറൈൻഡ്രൈവിലെ ഫ്ളാറ്റിൽ കൊണ്ടുപോയി മാർട്ടിൻ ലൈംഗികമായി പീഡിപ്പിച്ചു. ഫെബ്രുവരി 15 മുതൽ മാർച്ച് എട്ടു വരെയുള്ള ദിനങ്ങളിലായിരുന്നു ഇത്. യുവതിയുടെ സ്വകാര്യദൃശ്യങ്ങൾ പകർത്തിയ പ്രതി, ഫ്ളാറ്റിന് പുറത്തു പോകുകയോ പീഡനവിവരം പുറത്തു പറയുകയോ ചെയ്താൽ വീഡിയോ പുറത്തുവിടും എന്ന് ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നുവെന്നാണ് പരാതി. ഒടുവിൽ മാർട്ടിന്റെ കണ്ണു വെട്ടിച്ച് യുവതി രക്ഷപ്പെട്ടു. ഏപ്രിൽ എട്ടിന് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇപ്പോഴും പ്രതിയുടെ ഉപദ്രവം ഭയന്ന് യുവതി ഒളിവിൽ കഴിയുകയാണ്.

പ്രതിയും യുവതിയും ലിവിങ് ടുഗെതറായി 2020 ഫെബ്രുവരി മുതൽ കൊച്ചിയിൽ വിവിധ ഫ്ളാറ്റുകളിലായി താമസിച്ചു വരികയായിരുന്നു എന്നാണ് പൊലീസും പറയുന്നത്. ഇതിനിടെയാണ് പീഡനം നടന്നത്. 2021 ഏപ്രിൽ എട്ടിന് പരാതി കിട്ടിയ ദിവസംതന്നെ കേസെടുത്തു. ഏപ്രിൽ 10, 12, 13 തീയതികളിൽ അന്വേഷണ സംഘം തൃശ്ശൂരിലെത്തി പ്രതിയുടെ വീട്ടിലും പരിസരത്തും തിരഞ്ഞെങ്കിലും ഒളിവിലായിരുന്നു.

പ്രതിയുടെ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. തുടർന്ന് പ്രതി എറണാകുളം സി.ജെ.എം. കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകുകയും പോലീസ് ജാമ്യാപേക്ഷയെ എതിർത്ത് സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്തു. ജാമ്യഹർജി തള്ളിയ അന്നുതന്നെ തിരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചു. മേയ് 31-ന് ഹൈക്കോടതിയിൽ പ്രതി നൽകിയ മുൻകൂർ ജാമ്യപേക്ഷയെ എതിർത്ത് പോലീസ് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close