ഒരടിയില്ല പിന്നോട്ട്, ഭരണഘടനയുമായി ആസാദ് വീണ്ടും എത്തി

കടുത്ത ഉപാധികളോടെ ഡല്‍ഹി കോടതി ജാമ്യം അനുവദിച്ച് ഡല്‍ഹി വിടാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വീണ്ടും ജമാമസ്ജിദില്‍. പ്രസിദ്ധമായ ജമാമസ്ജിദിന്റെ പടികളിലിരുന്ന് അദ്ദേഹം വീണ്ടും ഭരണഘടനയുടെ ആമുഖം വായിച്ചു.ഒരിക്കലും പിന്നോട്ടില്ലെന്നും നിയമം പിന്‍വലിക്കുന്നതുവരെ പോരാടുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ”ഭരണഘടനയുടെ ആമുഖം വായിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തത്. ഇന്ന് രാജ്യത്ത് ഭരണഘടന പോലും വായിക്കാന്‍ കഴിയാത്ത സാഹചര്യമാണോ നിലവിലുള്ളത്. പോരാട്ടം തുടരും. ഏത് തരത്തിലുള്ള നടപടിയുണ്ടായാലും പിന്നോട്ടില്ല. നിയമം പിന്‍വലിക്കുന്നതുവരെ പോരാട്ടം തുടരാനാണ് തീരുമാനം”- ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.

സമാധാന പ്രതിഷേധമാണ് നമ്മുടെ ശക്തി. എല്ലാ മതങ്ങളില്‍പെട്ടവരും ഈ സമരത്തില്‍ ഐക്യപ്പെട്ട് ഈ സമരം മുസ്ലിങ്ങള്‍ മാത്രം നയിക്കുന്നതല്ലെന്ന് സര്‍ക്കാറിന് മുന്നില്‍ തെളിയിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.ചന്ദ്രശേഖര്‍ ആസാദിനെ കഴിഞ്ഞ ഡിസംബര്‍ 21ന് ഇതുപോലൊരു സമരത്തിനിടയില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 24 മണിക്കൂറിനുള്ളില്‍ ഡല്‍ഹി വിടണമെന്ന ഉപാധിയിലാണ് 26 ദിവസത്തിന് ശേഷം ഡല്‍ഹി കോടതി ബുധനാഴ്ച അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്.