Election 2021KERALANEWSTop News

ഒരു മന്ത്രിക്കസേര, രണ്ട് എംഎൽഎമാർ; എൻസിപിക്ക് ഉള്ളിലെ തർക്കം കേന്ദ്ര നേതൃത്വത്തിന്റെ പരിഗണയിലേക്ക്

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കൊപ്പം മത്സരിച്ച് മൂന്നു സീറ്റിൽ രണ്ടിലും ജയിച്ച എൻസിപിക്ക് ഈ മന്ത്രിസഭയിൽ ഒരു മന്ത്രിസ്ഥാനം ഉറപ്പാണ്. എന്നാൽ അത് ആരാവണമെന്നുള്ള ചൂടുപിടിച്ച ചർച്ചകളും വാഗ്വാദങ്ങളും നടക്കുകയാണ് ഇപ്പോൾ പാർട്ടിക്കുള്ളിൽ. നേതാക്കൾ ഇരു ചേരിയിലായതോടെ ചർച്ചകൾ കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയിലേക്ക് എത്തിയിരിക്കുകയാണ്.

കുട്ടനാട്ടിൽ നിന്ന് ജയിച്ച തോമസ് കെ തോമസും എലത്തൂർ നിന്ന് മത്സരിച്ച എ കെ ശശീന്ദ്രനുമാണ് എൻസിപിയിൽ നിന്നുള്ള ‘നിയുക്‌ത’ എംഎൽഎമാർ. കോട്ടക്കൽ നിന്ന് മത്സരിച്ച എൻ എ മുഹമ്മദ്കുട്ടി മുസ്ലിം ലീഗിന്റെ ആബിദ് ഹുസൈന്‍ തങ്ങളോട് പരാജയപ്പെട്ടിരുന്നു. മന്ത്രി പദവി സംബന്ധിച്ച് തീരുമാനമെടുക്കാൻ ഈ മാസം 18ന് സംസ്ഥാന ഭാരവാഹി യോഗം വിളിച്ചുചേർക്കും. യോഗത്തിൽ എൻസിപി രാജ്യസഭാംഗമായ പ്രഫുൽ പട്ടേൽ പങ്കെടുക്കും.

മുൻ എംഎൽഎ ആയിരുന്ന തോമസ് കെ ചാണ്ടിയുടെ മരണത്തെ തുടർന്നാണ് സഹോദരനായ തോമസ് കെ തോമസിന് കുട്ടനാട്ടിൽ നറുക്ക് വീഴുന്നത്. നിയമസഭയിൽ തോമസ് പുതുമുഖമാണ്. എന്നാൽ എ കെ ശശീന്ദ്രൻ എംഎൽഎ ആവുന്നത് ആറാം തവണയാണ്.ആദ്യ പിണറായി വിജയൻ മന്ത്രിസഭയിൽ ഗതാഗതവകുപ്പ് കൈകാര്യം ചെയ്തിരുന്നു. പുതുമുഖങ്ങൾക്ക് അവസരമെന്ന സിപിഐഎം നയത്തിന് എൻസിപിയിലും തുടർച്ച വേണമെന്നാണ് തോമസ്.കെ.തോമസിനെ പിന്തുണയ്ക്കുന്നവരുടെ നിലപാട്. കഴിഞ്ഞ തവണ അവസരം ലഭിച്ച എ.കെ. ശശീന്ദ്രൻ മാറിനിൽക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. എന്നാൽ മുതിർന്ന നേതാക്കളിൽ ഒരുവിഭാഗം ഇപ്പോഴും ശശീന്ദ്രൻ മന്ത്രിസ്ഥാനത്ത് എത്തണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എംഎൽഎ എന്ന നിലയിൽ പുതുമുഖമായ തോമസ്.കെ.തോമസിനെ മന്ത്രിയാക്കുന്നത് എങ്ങനെയെന്നാണ് എ.കെ.ശശീന്ദ്രനെ പിന്തുണയ്ക്കുന്നവർ ചോദിക്കുന്നത്.

യോഗം ചേരാൻ തീരുമാനിച്ചെങ്കിലും നിലവിലെ കോവിഡ് നിയന്ത്രണങ്ങൾ തുടർന്നാൽ തീരുമാനം പുനഃപരിശോധിക്കേണ്ടി വരും. നിലവിൽ മന്ത്രിസഭാ സത്യപ്രതിജ്ഞാ ചടങ്ങ് തീരുമാനിച്ചിരിക്കുന്നത് മെയ് 20നാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close