KERALANEWSTop News

ഒരു മാസത്തിലേറെ നീണ്ട ക്രൂരപീഢനകാലം; മുളകുവെള്ളവും ചൂടുവെള്ളവും ഒഴിച്ചും മൂത്രം കുടിപ്പിച്ചുമുള്ള പീഡനങ്ങൾക്കൊപ്പം സാമ്പത്തികത്തട്ടിപ്പും; രണ്ട് മാസത്തെ തിരച്ചിലിനൊടുവിൽ മാർട്ടിനൊപ്പം പുറത്തു വരുന്നത് ഞെട്ടിക്കുന്ന ലൈംഗിക വൈകൃതങ്ങളുടെ വിവരങ്ങൾ

കൊച്ചി: ഒരു മാസത്തിലേറെ നീണ്ട തടവറക്കാലത്ത് യുവതി നേരിട്ടത് അതിക്രൂരമായ ശാരീരിക-ലൈംഗിക പീഡനങ്ങളും സാമ്പത്തികത്തട്ടിപ്പും. കഴിഞ്ഞ ഫെബ്രുവരി 8 മുതൽ മാർച്ച് 25 വരെ മാർട്ടിനിൽ നിന്നും നിരന്തരമായ ഉപദ്രവവും ലൈംഗികാതിക്രമവുമാണ് യുവതിക്ക് നേരിടേണ്ടിവന്നത്. ഇതിനു പുറമെ അഞ്ച് ലക്ഷം രൂപയും യുവതിയിൽ നിന്ന് ഇയാൾ തട്ടിയെടുത്തിരുന്നു.

ക്രൂരപീഡനത്തിനിരയായ യുവതി എറണാകുളത്ത് ഫാഷൻ ഡിസൈനറായി ജോലി ചെയ്ത് വരുമ്പോഴാണ് മാർട്ടിനുമായി ബന്ധത്തിലാകുന്നത്. ഇവർ ഒരുമിച്ച് താമസിച്ചു വരുന്നതിനിടെ യുവതിയെ മറൈൻ ഡ്രൈവിലെ ഫ്ളാറ്റിലെത്തിച്ച് മാർട്ടിൻ ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു. ശരീരത്തിൽ പൊള്ളലേൽപ്പിക്കുക, ബെൽറ്റ് കൊണ്ടടിക്കുക, കണ്ണിൽ മുളകുവെള്ളം ഒഴിക്കുക, ശരീരത്തിൽ ചൂടുവെള്ളം ഒഴിക്കുക, മൂത്രം കുടിപ്പിക്കുക തുടങ്ങിയ ക്രൂര പീഡനങ്ങളാണ് യുവതിക്ക് നേരെ മാർട്ടിൻ നടത്തിയത്. ഫ്ളാറ്റിന് പുറത്തു പോകുകയോ പീഡന വിവരം പുറത്തു പറയുകയോ ചെയ്താൽ സ്വകാര്യദൃശ്യങ്ങൾ പുറത്തുവിടുമെന്ന ഭീഷണിയും മാർട്ടിൻ ഉയർത്തിയിരുന്നു.

ഒരു മാസത്തിലേറെ കഴിഞ്ഞാണ് യുവതിക്ക് മാർട്ടിന്റെ കണ്ണുവെട്ടിച്ച് ഫ്ലാറ്റിൽനിന്ന് രക്ഷപെടാൻ കഴിയുന്നത്. ഇയാളുടെ പിടിയിൽ നിന്ന് രക്ഷപെട്ട യുവതി ഏപ്രിൽ എട്ടിനാണ് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. യുവതി നൽകിയ പരാതിയിൽ ഏപ്രിൽ എട്ടിന് എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്യാൻ വൈകി. തുടർന്ന് യുവതി ജൂൺ ഏഴിന് പോലീസിനെതിരേ മാധ്യമങ്ങളിലൂടെ രംഗത്തെത്തുകയും വനിതാകമ്മിഷൻ അടക്കം പോലീസിനെ ശക്തമായി വിമർശിക്കുകയും ചെയ്തു. തുടർന്നാണ് പോലീസ് അന്വേഷണം ശക്തമാക്കിയത്.

മാര്‍ട്ടിന്‍ ജോസഫ് ജൂൺ എട്ടുവരെ കൊച്ചിയിലുണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന സി.സി.ടി.വി. ദ്യശ്യങ്ങൾ പുറത്തുവന്നിരുന്നു. പോലീസ് അന്വേഷണം കാര്യക്ഷമമായിരുന്നില്ല എന്ന യുവതിയുടെ ആരോപണങ്ങൾ ശരിവെക്കുന്നതാണ് ദൃശ്യങ്ങൾ. ഫ്ളാറ്റിലെ ലിഫ്റ്റിൽ നിന്ന് ഇറങ്ങിപ്പോകുന്ന സി.സി.ടി.വി. ദൃശ്യങ്ങളാണ് പുറത്തുവന്നത്.

കൂട്ടാളികളായ തൃശ്ശൂർ പാവറട്ടി സ്വദേശി പറക്കാട്ടുവീട്ടിൽ ധനീഷ്(29), പുത്തൂർ സ്വദേശി കണ്ടിരുത്തി വീട്ടി ശ്രീരാഗ്(27), മുണ്ടൂർ സ്വദേശി പരിയാടൻ വീട്ടിൽ ജോൺ ജോയ്(28) എന്നിവർ വ്യാഴാഴ്ച രാവിലെ അറസ്റ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തിരച്ചിൽ നടത്തിയത്. മാർട്ടിന്റെ വീടിന് അടുത്തുള്ള തൃശ്ശൂർ മുണ്ടൂരിലെ ചതുപ്പ് പ്രദേശത്താണ് പോലീസ് തിരച്ചിൽ തുടങ്ങിയത്. ആദ്യം ഉച്ചയ്ക്ക് ഒരു ഒളിസങ്കേതത്തിൽ തിരച്ചിൽ നടത്തിയെങ്കിലും ഇവിടെനിന്ന് പ്രതി കടന്നിരുന്നു. രാത്രിയോടെ ആളൊഴിഞ്ഞ ഒരു വീട്ടിൽ മാർട്ടിൻ ഒളിവിൽ കഴിയുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പിടിയിലായത്.

ഇന്നലെ രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്ത മാർട്ടിന്റെ സൃഹൃത്തുക്കളുടെ മൊഴിയിൽ നിന്നും ലഭിച്ച വിവരങ്ങളാണ് മാർട്ടിൻ എവിടെയെന്ന് കണ്ടെത്താൻ പൊലീസിന് സഹായകമായത്. തൃശ്ശൂർ മുണ്ടൂരിൽ കാട്ടിൽ അയ്യൻകുന്നു എന്ന സ്ഥലത്ത് ഒളിച്ചിരിക്കുകയായിരുന്നു പ്രതി. നാട്ടുകാരുടെ കൂടി സഹായത്തോടെ പൊലീസ് വനത്തിൽ നടത്തിയ തെരച്ചിലിനൊടുവിലാണ് മാ‍ർട്ടിനെ കണ്ടെത്താനായത്. നൂറിലേറെ നാട്ടുകാരാണ് തെരച്ചിലിൽ പങ്കെടുത്തത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close