INSIGHTNEWSWORLD

‘ഒറ്റക്കെട്ടായി അമേരിക്ക’;ബൈഡന്റെ സ്ഥാനാരോഹണത്തില്‍ ഹൃദയത്തുടിപ്പോടെ

പി പി മാത്യു

അമേരിക്കന്‍ ഐക്യ നാടുകളുടെ 46 ആം പ്രസിഡന്റായി ജോ ബൈഡന്‍ ബുധനാഴ്ച്ച അധികാരമേല്‍ക്കുമ്പോള്‍ ഇന്ത്യയുടെ ഹൃദയത്തുടിപ്പുകളും അന്നാട്ടില്‍ കേള്‍ക്കും. വൈസ് പ്രസിഡന്റായി തമിഴ് രക്തമുള്ള കമല ഹാരിസ് സ്ഥാനമേല്‍ക്കുന്നു എന്നത് കൊണ്ടു മാത്രമല്ല അത്. ബൈഡന്‍ ഭരണകൂടത്തില്‍ സുപ്രധാന ചുമതലകള്‍ വഹിക്കുന്ന 25 പേരെങ്കിലും ഇന്ത്യന്‍ വംശജരാണ് എന്നത് ചരിത്രമാണ്. ഇനിയും ഉണ്ടാവാം ഇന്ത്യക്കാര്‍ എന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അമേരിക്കന്‍ ചരിത്രത്തില്‍ 59 ആം തവണയാണ് ഒരു പ്രസിഡന്റ് സ്ഥാനമേല്കുന്നത്. വനിതാ വൈസ് പ്രസിഡന്റും പുതിയ ചരിത്രമാണ്. 78 കാരനായ ബൈഡനോടൊപ്പം അതിപ്രധാന ചുമതലകള്‍ വഹിക്കുക കൂടി ചെയ്യും ഹാരിസ് എന്നതും പുതുമയാണ്.

കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് സത്യപ്രതിജ്ഞാ ചടങ്ങിന്. ജനുവരി ആറിന് യു എസ് കോണ്‍ഗ്രസ് സമ്മേളിക്കുമ്പോള്‍ ആസ്ഥാനമായ ക്യാപിറ്റോളിലേക്കു തെരഞ്ഞെടുപ്പില്‍ തോറ്റ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിജയിയായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടു അദ്ദേഹത്തിന്റെ അനുയായികള്‍ ഇരച്ചു കയറി അക്രമം അഴിച്ചു വിട്ടതിനെ തുടര്‍ന്നാണ് സുരക്ഷാ ശക്തമാക്കിയത്. 500 വെടിയുണ്ടകളും തോക്കുമായി ഒരു ട്രംപ് അനുയായിയെ ക്യാപിറ്റോളിനടുത്തു ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു- വിര്‍ജീനിയയില്‍ നിന്നുള്ള അലന്‍ ബീലെര്‍, 31. ട്രംപിന്റെ ആരാധകരായ വലതുപക്ഷ തീവ്രവാദികള്‍ അഴിഞ്ഞാടും എന്ന ഭീതി ഉയര്‍ന്നിട്ടുണ്ട് എന്ന് ദേശീയ അന്വേഷണ ഏജന്‍സി എഫ് ബി ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാഷിങ്ടണില്‍ 25000 നാഷണല്‍ ഗാര്‍ഡ് ഭടന്മാരെ നിയോഗിച്ചിട്ടുണ്ട്. നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുമുണ്ട്.വാഷിങ്ടണിലേക്കു യാത്ര ഒഴിവാക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.ക്യാപിറ്റോളിന്റെ പടിഞ്ഞാറു വശത്താണ് ജനുവരി 20 ഉച്ചയ്ക്ക് ഒരു മണിക്ക് ചടങ്ങു നടക്കുക. 1933 മുതല്‍ മാറ്റമില്ലാത്ത തീയതിയും സമയവും ആണിത്. സത്യപ്രതിജ്ഞയ്ക്ക് മുന്‍പ് ബൈഡന്‍ പ്രസംഗിക്കും.

യു എസ് ചരിത്രത്തില്‍ ഏറ്റവും ഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധി നിലവിലിരിക്കെ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങു കാണാന്‍ ലോകം കാത്തിരിക്കെ, പുതിയ വൈറ്റ് ഹൗസില്‍ വാര്‍ത്താവിനിമയ ഡയറക്ടര്‍ ആവുന്ന കേത് ബെഡിങ്ഫീല്‍ഡ് പറയുന്നത് അമേരിക്കയുടെ കരുത്തും ഐക്യവും ലോകത്തിനു കാട്ടിക്കൊടുക്കുന്ന ചടങ്ങാവും അതെന്നാണ്. കോവിഡ് മഹാമാരി, ക്യാപിറ്റോളില്‍ ഉണ്ടായ അക്രമങ്ങള്‍, ട്രംപിന്റെ കുറ്റവിചാരണ എന്നിങ്ങനെ പല വിഷയങ്ങളും അമേരിക്കയുടെ ഇമേജിന് കളങ്കമുണ്ടാക്കിയ കാലഘട്ടമാണിത്. ജോ ബൈഡനും കമലയും ബൈബിളില്‍ കൈവച്ചു നിന്നാവും പ്രതിജ്ഞാ എടുക്കുക. ജോണ്‍ കെന്നഡിക്കു ശേഷം പ്രസിഡന്റാവുന്ന ആദ്യത്തെ കാതോലിക്കാ സഭാംഗമായ ബൈഡന്റെ വേരുകള്‍ അയര്‍ലണ്ടിലാണ്. കമല ആവട്ടെ, പാതി ഇന്ത്യനും പാതി ആഫ്രിക്കനും. ലളിതമാണ് പ്രസിഡന്റിന്റെ പ്രതിജ്ഞ: ‘അമേരിക്കന്‍ ഐക്യ നാടുകളുടെ പ്രസിഡന്റ് എന്ന നിലയില്‍ വിശ്വസ്തതയോടെ പ്രവര്‍ത്തിക്കും എന്നും എന്റെ കഴിവിന്റെ പരമാവധി ഉപയോഗിച്ച് ഭരണഘടനയെ സംരക്ഷിക്കും എന്നും പ്രതിജ്ഞ എടുക്കുന്നു.

‘ ബൈഡന്റെ ഡെമോക്രാറ്റിക് പാര്‍ട്ടിയും ഇപ്പോള്‍ പ്രതിപക്ഷമായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഉള്‍പ്പെട്ട ഒരു സമിതിയാണ് ചടങ്ങു സംഘടിപ്പിക്കുക. ചരിത്രത്തില്‍ ആദ്യമായി നിലവിലുള്ള പ്രസിഡന്റ് ചടങ്ങു ബഹിഷ്‌കരിക്കും. എന്നാല്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ഉണ്ടാവും. മുന്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റുമാരില്‍ ജോര്‍ജ് ഡബ്ലിയു ബുഷ് കുടുംബസമേതം എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
കോവിഡ് നിയന്ത്രണങ്ങള്‍ സ്വാഭാവികം. അത് കൊണ്ട് അല്പം നിറപ്പകിട്ടു കുറയാം. ചെലവും കുറയും. എങ്കിലും ഒരു പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ അമേരിക്ക ചെലവഴിക്കുന്നത് പത്തു കോടി ഡോളറാണ്. ഒട്ടനവധി സംഗീത പരിപാടികളും മറ്റും ശനിയാഴ്ച മുതല്‍ ആരംഭിച്ചിട്ടുണ്ട്. വനിതകള്‍ നയിക്കുന്ന സംഗീത പരിപാടി ആയിരുന്നു ആദ്യം. ‘എല്ലാവരും സ്വാതന്ത്ര്യം അര്‍ഹിക്കുന്നു’ എന്ന പേരില്‍. ലേഡി ഗാഗ, ടോം ഹാങ്ക്‌സ് തുടങ്ങിയ ഉന്നത കലാകാരന്മാരുടെ സാന്നിധ്യമുണ്ടാവും. ജെന്നിഫര്‍ ലോപ്പസ്, ജോണ് ബോണ്‍ ജോവി, ബ്രൂസ് സ്പ്രിങ്സ്റ്റീന്‍ എന്നിങ്ങനെ നിരവധി പേര്‍. യൂട്യൂബ്, സി എന്‍ എന്‍ എന്നിവയ്ക്കു പുറമെ ബൈഡന്റെ വെബ്‌സൈറ്റിലും ലൈവ് ആയി കാണാം. ഗാഗ ആണ് ദേശീയഗാനം ആലപിക്കുക. ‘ഒറ്റക്കെട്ടായി അമേരിക്ക’ എന്നതാണ് ചടങ്ങിന്റെ പ്രമേയം. ബിഷോപ്പുമാര്‍, യഹൂദ പുരോഹിതന്മാര്‍. തുടങ്ങിയവരും പ്രസംഗിക്കും.

ചടങ്ങു നടക്കുന്ന വേദിയുടെ പണികള്‍ സെപ്റ്റംബറില്‍ തന്നെ ആരംഭിച്ചിരുന്നു.കോവിഡ് പ്രതിരോധമാണ് ബൈഡന്റെ ആദ്യ മുന്‍ഗണന. പത്തു കോടി ആളുകള്‍ക്ക് ആദ്യ 100 ദിവസത്തിനകം വാക്സിന്‍ നല്‍കുമെന്ന് ബൈഡന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരാള്‍ക്ക് 1400 ഡോളര്‍ എന്ന നിലയില്‍ ഇടക്കാല ആശ്വാസവും. ബൈഡന്‍ ആദ്യം ഒപ്പു വയ്ക്കുന്നത് ഈ ഉത്തരവുകളില്‍ ആയിരിക്കും.
അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കാനുള്ള നടപടികള്‍ ആണ് മറ്റൊരു മുന്‍ഗണന. പാരീസ് ഉടമ്പടി ട്രംപ് കുട്ടയില്‍ എറിഞ്ഞെങ്കില്‍ ബൈഡന്‍ അതില്‍ വീണ്ടും ഒപ്പിടും.ആഘോഷമായ ഒരു പരേഡിലാണ് പ്രസിഡന്റ് വൈറ്റ് ഹൗസിലേക്ക് പോവുക. എന്നാല്‍ ഇക്കുറി പരേഡ് നിയന്ത്രിതമാവും. തിങ്കളാഴ്ച ഡെലവെറില്‍ നിന്ന് തീവണ്ടിയില്‍ വാഷിങ്ടണില്‍ എത്താനുള്ള പരിപാടി ബൈഡന്‍ ഉപേക്ഷിച്ചു. സുരക്ഷാ വിഭാഗങ്ങളുടെ താക്കീതു മൂലമാണിത്. നാലു പതിറ്റാണ്ടോളം സെനറ്റിലേക്കു ഡെലവെറില്‍ നിന്ന് തീവണ്ടിയില്‍ ആണ് ബൈഡന്‍ എത്തിയിരുന്നത്.

ബൈഡന്റെ വൈറ്റ് ഹൌസ് ഡയറക്ടര്‍ ആയി വരുന്നത് നീര ടണ്ടന്‍ ആണെങ്കില്‍ സര്‍ജന്‍ ജനറല്‍ ഡോക്ടര്‍ വിവേക് മൂര്‍ത്തി ആണ്. അങ്ങിനെ നീളുന്ന ഇന്ത്യക്കാരുടെ പട്ടികയില്‍ ഏറ്റവും ഒടുവില്‍ എത്തിയത് ഉപഭോക്തൃ സംരക്ഷയുടെ ചുമതല ഏല്‍ക്കുന്ന രോഹിത് ചോപ്ര ആണ്. ട്രംപ് ഇപ്പോള്‍ നേരിടുന്നത് ഇനിയെന്ത് എന്ന ചോദ്യമാണെങ്കിലും നൂറോളം പേര്‍ക്ക് ക്രിമിനല്‍ കേസുകളില്‍ നിന്ന് വരെ ഒഴിവു നല്‍കാന്‍ അദ്ദേഹം അവസാന ദിവസങ്ങളില്‍ ശ്രമിക്കും എന്നാണ് കരുതപ്പെടുന്നത്. മാപ്പു നേടാന്‍ ശ്രമിക്കുന്നവര്‍ കോടിക്കണക്കിനു ഡോളര്‍ ട്രംപിന്റെ സുഹൃത്തുക്കള്‍ക്ക് നല്‍കിയതായി ന്യു യോര്‍ക്ക് ടൈംസ് ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ജനപിന്തുണ വെറും 34 % ആയി കുറഞ്ഞു നില്‍ക്കുന്ന നേരത്താണ് ട്രംപിന്റെ ഈ നീക്കം.

അധോസഭയായ ഹൌസ് കുറ്റക്കാരനായി പ്രഖ്യാപിച്ച ട്രംപിനെ ഉപരിസഭയായ സെനറ്റും അങ്ങിനെ കണ്ടാല്‍ ഭാവിയില്‍ അദ്ദേഹത്തിന് ഒരു ഭരണ പദവികളും വഹിക്കാന്‍ ആവില്ല. അവിടം കൊണ്ട് തീരുന്നതല്ല നഷ്ടങ്ങള്‍.രണ്ടു ലക്ഷം ഡോളറാണ് മുന്‍ പ്രസിഡന്റിന് പ്രതിവര്‍ഷ പെന്‍ഷന്‍. അത് നഷ്ടമാവും. യാത്രാപ്പടിയായി കിട്ടാവുന്ന 10 ലക്ഷം ഡോളര്‍ പോകും. ആജീവനാന്ത സുരക്ഷയും നഷ്ടമാവും.2024 ല്‍ മത്സരിച്ചു വീണ്ടും പ്രസിഡന്റാവുക എന്ന സ്വപ്നം ട്രംപിനുണ്ട്. പക്ഷെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി തന്നെ ഈ ബാധ്യത ഒഴിവാക്കാനുള്ള ശ്രമത്തിലാണ്. അത് കൊണ്ട് സെനറ്റില്‍ അവര്‍ അതിനു ശ്രമിച്ചേക്കാം. 50 സീറ്റുകള്‍ വീതം ഇരു പാര്‍ട്ടികളും പങ്കിടുന്ന സെനറ്റില്‍ 67 വോട്ടാണ് കുറ്റവിചാരണയ്ക്കു വേണ്ടത്. 17 റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ സഹായിക്കും എന്ന് ഡെമോക്രറ്റുകള്‍ കരുതുന്നു. ബൈഡന്‍ മൗനം പാലിക്കുമ്പോഴും പാര്‍ട്ടി മുന്നോട്ടു തന്നെയാണ് നീങ്ങുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close