Breaking NewsCovid UpdatesKERALA

ഓക്‌സ്‌ഫോര്‍ഡ് ആശുപത്രിയിലെ മലയാളി നഴ്‌സും കോവിഡുബാധിച്ച് മരിച്ചു; ഒരുമാസത്തിനിടെ 10 മലയാളികള്‍ വിടപറഞ്ഞു

ലണ്ടന്‍: കോവിഡുബാധിച്ചുള്ള യുകെ മലയാളികളുടെ മരണം തുടരുന്നു. ഓക്‌സ്‌ഫോര്‍ഡ് എന്‍.എച്ച്.എസ് ആശുപത്രിയിലെ നഴ്‌സാണ് കൊറോണമൂലം ഒരുമാസത്തിനിടെ മരണപ്പെടുന്ന യുകെയിലെ പത്താമത്തെ മലയാളി. കുറവിലങ്ങാട് മോനിപ്പള്ളി ഇല്ലിയ്ക്കല്‍ ജോസഫ് വര്‍ക്കിയുടെ ഭാര്യ ഫിലോമിനയാണ്, 62, മരണമടഞ്ഞത്. ഇവര്‍ കുറവിലങ്ങാട് വീടുവച്ച് താമസിച്ചിരുന്നെങ്കിലും ഒരുവര്‍ഷത്തിനുശേഷം തിരികെ യുകെയില്‍ എത്തുകയായിരുന്നു. അശുപത്രിയില്‍ കോവിഡുരോഗികളെ ശുശ്രൂഷിക്കുന്നതിനിടയില്‍ ഒരുമാസത്തിനു മുമ്പാണ് ഫിലോമിനയ്ക്ക് കോവിഡ് ബാധിച്ചത്. അസുഖം ഭേദമാകാതെ ന്യൂമോണിയ അവസ്ഥയിലേക്ക് മാറിയതിനാല്‍ ആശുപത്രിയിലെ ഐസിയുവില്‍ കഴിയുകയായിരുന്നു. ഭര്‍ത്താവ് ജോസഫിനും അസുഖം വന്നിരുന്നെങ്കിലും രണ്ടാഴ്ച കഴിഞ്ഞതോടെ പൂര്‍ണ്ണമായും ഭേദമാകുകയായിരുന്നു. ജിം ജോസഫ്, (യു.എസ്.എ); ജെസ്സി ജോസഫ്, (കാനഡ) ജെറിന്‍ ജോസഫ് (യു.കെ) എന്നിവരാണ് മക്കള്‍.
ഒമ്പതുമലയാളികളാണ് ഈ ഒരുമാസത്തിനിടെ കോവിഡുബാധിച്ച് യുകെയില്‍ മരണമടഞ്ഞത്. സൗത്താംപ്ടണിലെ സെബി ദേവസിയാണ് ഇതിനുമുമ്പ് കോവിഡ് ബാധിച്ചു മരിച്ച മലയാളി. മരണത്തിനു കീഴടങ്ങിയ ആദ്യ മലയാളി ബര്‍മിംഹാമിലെ ഡോക്ടറായിരുന്ന പെരിന്തല്‍മണ്ണ സ്വദേശി ഡോ. ഹംസയാണ്. അതിനുശേഷം റെഡ് ഹില്‍ മലയാളി സിന്റോ ജോര്‍ജും ലണ്ടനില്‍ മകളെ കാണാന്‍ എത്തിയ കൊല്ലം സ്വദേശിനി റിട്ട. അധ്യാപിക ഇന്ദിരയും വെംബ്‌ലിയിലെ തൃശൂര്‍ ചാവക്കാട് പുതിയകത്തു വീട്ടില്‍ ഇഖ്ബാലും ഒരേദിവസം മരണത്തിനു കീഴടങ്ങി. പിന്നാലെ ഡെര്‍ബി മലയാളി സിബി മാണി, ബിര്‍മിങ്ങ്ഹാമിലെ സീനിയര്‍ ജിപി ആയിരുന്ന ഡോ. അമറുദീനും പ്രസ്റ്റണിലെ ഡോക്ടറായിരുന്ന കോഴഞ്ചേരി സ്വദേശിയായ ഡോ. ജെ സി ഫിലിപ്പുമാണ് വിടപറഞ്ഞത്. നിരവധി മലയാളികള്‍ കൊറോണ ബാധിതരായി ബ്രിട്ടനിലെ വിവിധ ആശുപത്രികളിലും വീടുകളിലും ഇപ്പോഴും കഴിയുന്നു. അതിനിടെ ബോസ്റ്റണില്‍ മരണമടഞ്ഞ നഴ്‌സ് അനൂജ് കുമാറിന്, ആശുപത്രി സ്റ്റാഫുകളും മാനേജ്‌മെന്റും പ്രത്യേകം ആദരമര്‍പ്പിച്ചു. ഊര്‍ജ്വസ്വലനായ യുവാവായിരുന്ന അനൂജിന്റെ ഹ്രസ്വകാല ജീവിതം നഴ്‌സുമാര്‍ക്കെല്ലാം മാതൃകയാകേണ്ടതാണെന്നും മരണത്തില്‍ അഗാധമായി അനുശോചിക്കുന്നതായും ദ് യുണൈറ്റഡ് ലിങ്കണ്‍ഷൈര്‍ ഹോസ്പിറ്റല്‍സ് എന്‍.എച്ച്.എസ് ട്രസ്റ്റിന്റെ ചീഫ് എക്‌സിക്യുട്ടീവ് ആന്‍ഡ്രു മോര്‍ഗന്‍ അനുസ്മരണ ചടങ്ങിനിടയില്‍ പറഞ്ഞു.

Tags
Show More

Related Articles

Back to top button
Close