ഓക്സ്ഫോര്‍ഡ് കോവിഡ് വാക്സിന്, രാജ്യത്ത് രണ്ടാം ഘട്ട പരീക്ഷണങ്ങള്‍ ആരംഭിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് രണ്ടാം ഘട്ട പരീക്ഷണങ്ങള്‍ ആരംഭിച്ചു. കോവിഷീല്‍ഡ് എന്നറിയപ്പെടുന്ന വാക്സിന് ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും ബ്രിട്ടീഷ്-സ്വീഡിഷ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അസ്ട്രസെനെക്കയും ചേര്‍ന്നാണ് വികസിപ്പിച്ചെടുത്തത്. ലോകത്തിലെ ഏറ്റവും വലിയ വാക്സിന് നിര്‍മ്മാതാക്കളായ പൂനെ ആസ്ഥാനമായുള്ള സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി സഹകരിച്ചാണ് ഇന്ത്യയില്‍ വാക്സിന് പരീക്ഷണങ്ങള്‍ നടത്തുന്നത്. പൂനെയിലെ ഭാരതി വിദ്യാപീഠ് മെഡിക്കല്‍ കോളജില്‍ ആരംഭിക്കുന്ന പരീക്ഷണത്തില്‍ ആരോഗ്യമുള്ള ഇന്ത്യന്‍ പൗരന്മാരില് പരീക്ഷണം നടത്തി വാക്സിന്റെ സുരക്ഷയും രോഗപ്രതിരോധ ശേഷിയും കണ്ടെത്തും. വാക്സിന് പരീക്ഷണത്തിന് ധാരാളം പേര് സന്നദ്ധത കാണിച്ചിട്ടുണ്ടെന്ന് പൂനെയിലെ ഭാരതി വിദ്യാപീഠ് ഡീംഡ് യൂണിവേഴ്സിറ്റി മെഡിക്കല്‍ കോളജ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സഞ്ജയ് ലാല്‍വാനി പറഞ്ഞു. രണ്ട്, മൂന്ന് പരീക്ഷണങ്ങള്‍ നടത്താന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് ഡ്രഗ് കണ്ട്രോളര് ജനറലില്‍ നിന്ന് ഇതിനകം അനുമതി ലഭിച്ചിട്ടുണ്ട്. പരീക്ഷണത്തിന്റെ ഭാഗമായി പൂനെയിലെയും മുംബൈയിലെയും അയ്യായിരത്തോളം പേര്‍ക്ക് ഓഗസ്റ്റ് അവസാനത്തോടെ വാക്സിന് നല്‍കുമെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. പരീക്ഷണങ്ങള്‍ രണ്ടുമാസത്തിലധികം നീണ്ടുനില്‍ക്കും.