ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ വികസിപ്പിച്ചെടുത്ത കൊറോണ വാക്സിന് കുരങ്ങുകളില്‍ ഫലപ്രദം

ലണ്ടന്‍ : ഓക്സ്ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത കൊറോണ വാക്സിന് കുരങ്ങുകളില്‍ ഫലപ്രദമെന്ന് റിപ്പോര്‍ട്ട്. ആറ് കുരങ്ങുകളിലാണ് കൊറോണ വാക്സിന് പരീക്ഷിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നാണ് വിവരം. ഒറ്റ ഷോട്ട് വാക്സിന് നല്കിയ ചില കുരങ്ങുകള്‍ 14 ദിവസത്തിനുള്ളില്‍ കൊറോണ വൈറസിനെതിരെ ആന്റി ബോഡികള്‍ വികസിപ്പിച്ചു. കൂടാതെ 28 ദിവസത്തിനുള്ളില്‍ എല്ലാ സുരക്ഷിത ആന്റിബോഡികളും വികസിപ്പിച്ചെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു. കുരങ്ങുകളുടെ ശ്വാസകോശത്തിനുണ്ടാകുമായിരുന്ന പരിക്കുകള്‍ തടയാന്‍ വാക്സിന് കഴിഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പഠന ഫലം സംബന്ധിച്ച് മേഖലയിലെ വിദഗ്ധരുടെ ശാസ്ത്രീയ അവലോകനങ്ങള്‍ ഇതുവരെ നടന്നിട്ടില്ല. മനുഷ്യരില്‍ നടത്തിവരുന്ന പരീക്ഷണങ്ങളുടെ ഫലം കൂടി വന്നാല്‍ മാത്രമേ വാക്സിന് ഫലപ്രദമാണെന്നു പറയാന്‍ സാധിക്കൂ.
മനുഷ്യരിലും വാക്സിന് പരീക്ഷിച്ചു തുടങ്ങിയിരുന്നു. മൈക്രോ ബയോളജിസ്റ്റായ ഡോ എലിസ ഗ്രനാറ്റോയാണ് ആദ്യമായി വാക്സിന് പരീക്ഷണത്തിനു വിധേയമായത്. ആത്മവിശ്വാസത്തോടെയാണ് താന്‍ ഇതിനു സമ്മതിക്കുന്നതെന്ന് ശാസ്ത്രജ്ഞകൂടിയായ എലിസ പറഞ്ഞിരുന്നു . മൂന്നുമാസത്തെ ഗവേഷണത്തിനൊടുവിലാണ് ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വാക്സിനോളജി പ്രൊഫ സാറാ ഗില്‍ബര്‍ട്ടിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞന്മാരുടെ സംഘം വാക്സിന് വികസിപ്പിച്ചെടുത്തത്.
ഓക്സ്ഫോര്‍ഡില്‍ വികസിപ്പിച്ച വാക്സിന്റെ വിജയത്തില്‍ എണ്പതു ശതമാനവും തനിക്ക് പൂര്‍ണ വിശ്വസമുണ്ടെന്നാണ് പ്രഫ. ഗില്‍ബര്‍ട്ട് വ്യക്തമാക്കുന്നത്. പ്രായഭേദമന്യേ അയ്യായിരത്തോളം വൊളന്റിയര്‍മാരില്‍ വരും മാസങ്ങളില്‍ വാക്സിന്റെ പരീക്ഷണം നടത്താനാണ് പദ്ധതി. പരീക്ഷണത്തിന്റെ ഭാഗമായി വിവിധ ഭൂകണ്ഡങ്ങളിലെ തിരഞ്ഞെടുത്ത രാജ്യങ്ങളിലും ട്രയല്‍സ് നടത്തും. ട്രയല്‍സിന് വിധേയരാകുന്ന വൊളന്റിയര്‍മാരെ നിരന്തരം നിരീക്ഷണത്തനു വിധേയരാക്കും. ഇവര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്നും എന്നാല്‍ അപകട സാധ്യത ഇല്ലെന്നുമാണ് ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തുന്നത്.പരീക്ഷണം വിജയകരമായാല്‍ സെപ്റ്റംബര്‍ മാസത്തോടെ പത്തുലക്ഷം ഡോസുകള്‍ ലഭ്യമാക്കത്തക്കവിധമുള്ള ഒരുക്കമാണ് ഓക്സ്ഫഡ് സര്‍വകലാശാല നടത്തുന്നത്.
കൊറോണ വൈറസിന്റെ ഒരു ഭാഗം വഹിക്കാന്‍ ജനിതകമായി രൂപകല്‍പ്പന ചെയ്ത നിരുപദ്രവകരമായ ചിമ്പാന്‍സി വൈറസില്‍ നിന്നാണ് ChAdOx1 nCoV-19 എന്നറിയപ്പെടുന്ന വാക്സിന് ഓക്സ്ഫോര്‍ഡ് നിര്‍മ്മിച്ചിരിക്കുന്നത്. വാക്സിന് ഉണ്ടാക്കുന്നതിനായി യുകെയിലെ നിര്‍മ്മാതാക്കളുമായും വിദേശത്ത് നിരവധി പേരുമായും ഇതിനകം ഡീലുകള്‍ നടത്തി. മെയ് പകുതിയോടെ 500 പേര് വരെ ട്രയലിന്റെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ടീമിലെ പ്രൊഫ സാറാ ഗില്‍ബര്‍ട്ട് പറഞ്ഞു.
ഓക്സ്ഫോര്‍ഡ്, സതാംപ്ടണ് എന്നിവിടങ്ങളില്‍ ആണ് ട്രയല്‍ നടത്താന്‍ പദ്ധതിയിട്ടിരിക്കുന്നത്. പിന്നീട് മൂന്നിടങ്ങള്‍ കൂടി കൂട്ടിച്ചേര്‍ക്കും. അതേസമയം, ലണ്ടന്‍ ഇംപീരിയല്‍ കോളേജ് ടീം ഫെബ്രുവരി മുതല്‍ മൃഗങ്ങളില്‍ വാക്സിന് പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ജൂണില്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 70 ലധികം വാക്സിനുകള്‍ ലോകമെമ്പാടും വികസിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ ചൈനയ്ക്കും അമേരിക്കയ്ക്കും ഒപ്പം മനുഷ്യരില്‍ പരീക്ഷണങ്ങള്‍ നടത്തുന്ന ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നായി യുകെയും മാറും. പുതിയ വാക്സിന് കോവിഡ് വൈറസിനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് കരുതിയാലും അത് സുരക്ഷിതമാണെന്ന് ഉറപ്പാക്കാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് ചീഫ് സയന്റിഫിക് ഓഫീസര്‍ സര് പാട്രിക് വാലന്‍സ് പറഞ്ഞിരുന്നു.