CULTURALWOMEN

ഓണം….പൊന്നോ ണം…. കൊറോണം

എസ്സ്. ശശികല

ശശികല

“പൂവിളി… പൂവിളി… പൊന്നോണമായി
നീ വരൂ.. നീ വരൂ.. പൊന്നോണത്തുമ്പി… “

അകലങ്ങളിൽ നിന്നൊഴുകി വരുന്ന പാട്ടിന്റെ അലകൾ. ഈ ശ്വര !ഓണമെത്തിയോ? ഓടിപ്പോയി കലണ്ടർ നോക്കി. ശരിയാണ്. തിങ്കൾ- 31-തിരുവോണം. അപ്പോൾ ഇന്നു അത്തം.

ഓണത്തിന്റെ ചൂടും ചൂരും ഒന്നുമില്ല. പൂക്കളമിടേണ്ടതാണ്. നാട്ടു പൂക്കളും, വരവ് പൂക്കളും ഒന്നുമില്ല.

മണ്ണും ചാണകവും ചേർത്തു മെഴുകിയ കളത്തിൽ തട്ടുകളുണ്ടാക്കി ഇട്ട പൂക്കളം ഓർമ വന്നു. ചാണക ഉരുളയിൽ കുത്തി നിർത്തിയ തുമ്പ കതിർ. ചുറ്റും തുമ്പപ്പൂക്കളുടെ വെണ്മ. കാറ്റിൽ പറന്നു പോകാതെ കളം നനക്കും. ഇന്നു തുമ്പച്ചെടി കാണാമാണിക്യം.

കൂട്ടരുമൊത്തു സ്കൂളിൽ പോകുമ്പോഴാണ് പൂക്കളങ്ങളുടെ കണക്കെടുപ്പ്. അവയിലെ വൈവിധ്യം നോക്കിയാണ് പൂക്കളങ്ങൾ പ്ലാൻ ചെയ്യുന്നത്.

മുക്കുറ്റി, കാക്കപ്പൂവ്, കൃഷ്ണകിരീടം, കോളാമ്പി, ശതാവരി എല്ലാം തൊടി നിറയെ. ചേമ്പില വരെ കോട്ടി പൂപ്പാത്രമാക്കും. ഓണത്തുമ്പി പോലെ പാറുന്ന കുട്ടികൾ. കടമ്പിൻ പൂക്കളുടെ നീലിമയോലുന്ന എണ്ണക്കടുക്കൻ പൂക്കൾ ഇന്നു കാണാനുണ്ടോ?

ഓണപരീക്ഷ കഴിഞ്ഞു സ്കൂൾ പൂട്ടാൻ കാത്തിരിക്കും. അമ്മ വീട്ടിൽ പോകാൻ. ബാക്കി പൂക്കളം അവിടെ ആണ്‌. മണ്ണ് കുഴച്ചുണ്ടാക്കുന്ന മാതേരെ വച്ചു ഓണ അട നേദിക്കും. മടൽ പൊളിയും ഈർക്കിലും കൊണ്ടുണ്ടാക്കുന്ന അമ്പും വില്ലും കുലച്ചു അട എയ്തെടുക്കുക ചെറിയ ആൺകുട്ടികളുടെ അവകാശമാണ്.

തലപ്പന്തും, കുട്ടീം കോലും, മത്സരിച്ചു ചില്ലാട്ടം പറക്കലുമായി കൊണ്ടാടിയ ഓണക്കാലം. ഒക്കെ വീട്ടു തൊടിയിൽ നിന്നും സ്റ്റേജിലും ഓഡിറ്റോറിയങ്ങളിലേക്കും ഒതുങ്ങി. അവയിലെ ഗ്രാമ്യ ഭംഗി മാത്രം ഇല്ലാതായി.

അന്നൊക്കെ അടപ്രഥമൻ ഉണ്ടാക്കുന്നത് ഒരു കല യാണ്. ഒന്നോ രണ്ടോ വീടുകളിൽ മാത്രമായിരുന്നു അതുണ്ടാക്കുന്നത്. രാത്രി വൈകി അട പുഴുങ്ങി തണുക്കാൻ വച്ചു രാവിലെ തേങ്ങ തിരുമ്മി പാലെടുത്തു ഉണ്ടാക്കുന്ന പ്രഥമന്റെ ആ വശ്യമായ മണം. ആഹാ !ഓർക്കുമ്പോൾ ഇന്നും നാവിൽ കൊതിയൂറും. ആ നാട്ടിലെ ഒട്ടു മിക്ക ആണുങ്ങളും ഈ പാചകത്തിൽ പങ്കാളികളാണ്. ഓണഊണു കഴിഞ്ഞു ഒട്ടു മിക്ക ആൾക്കാരും ഇത് കുടിക്കാനുമെ ത്തും. ഇന്നത്തെ പോലെ റെഡി അട കിട്ടില്ലല്ലോ. ഫ്രിഡ്ജ് ഇല്ലാത്ത അക്കാലത്തു 3ദിവസം വരെ ഒരു കേടുംവരാതെ എങ്ങനെയാണ് സൂക്ഷിച്ചു വച്ചിരുന്നത്? ഇന്നും ഒര്തഭുതമാണ്.

അവിട്ടം നാളിൽ അവിയലും, പച്ചടിയും എല്ലാം കൂടി തിളപ്പിച്ചുണ്ടാക്കുന്ന പഴം കൂട്ടാനും കട്ടതൈരും കൂട്ടി കഴിച്ചിരുന്ന പഴംകഞ്ഞിയുടെ സ്വാദ്. അന്യം നിന്ന ആ ശീലം പഴങ്കഞ്ഞി കടയിലൂടെ പുനർജനിച്ചിട്ടുണ്ടെങ്കിലും ആ തനിമ ഉണ്ടോ? അറിയില്ല.

ചിന്തകൾ കാടു കയറുന്നു. പണ്ടുണ്ടതും പഴമ്പാളയിൽ കിടന്നതും പറഞ്ഞിട്ടെന്തു? ഈ വരുന്ന ഓണത്തെ കുറിച്ചോർക്കു.

ഉത്രാട പാച്ചിലും, ഉപ്പിലിട്ടതും, വറ ത്തുപ്പേരിയും പായസക്കൂട്ടുകളെ കുറിച്ചുള്ള വെപ്രാളവും ഒന്നുമില്ല.

എങ്ങോട്ട് തിരിഞ്ഞാലും ഉണ്ട കണ്ണുകൾ മിഴിച്ചു നോക്കുന്ന ആരോ നമ്മെ പിന്തുടരുന്നോ എന്ന് തോന്നും.

സർക്കാർ ഓണകിറ്റ് തന്നിട്ടുണ്ട്. നല്ല കാര്യം. എന്തുണ്ടാക്കിയാലും കഴിക്കാൻ ആളു വേണ്ടേ? എങ്ങോട്ട് തിരിഞ്ഞാലും s m s(സോപ്പ് , മാസ്ക് , സോഷ്യൽ ഡിസ്റ്റൻസിങ് ). ഓണമുണ്ണാൻ പോയി കൺടൈൻമെന്റിൽ കുടുങ്ങുമോ? റിവേഴ്‌സ് ക്വാറന്റൈനിൽ കഴിയുന്ന വയോജനങ്ങളെ സന്ദർശിച്ചു പൊല്ലാപ്പ് ഉണ്ടാക്കണോ? ചെന്നില്ലെങ്കിൽ അവർക്ക് വിഷമം തോന്നുമോ?

കുട്ടികളുടെ കാര്യമാണ് കഷ്ടം.
“അച്ഛാ !നമുക്കേ ആ വല്യ പുളിമരത്തിൽ ഊഞ്ഞാല് കെട്ടണം. അപ്പു ചേട്ടനേം, കിത്തു ചേച്ചിയേം, അനിവാവേം, എന്നേം ഇരുത്തി അച്ഛൻ ഉണ്ടയിടണം. കേട്ടോ? “

“ഉം….. “

“അച്ഛച്ചനു എന്തോരം കളികളറിയാം. അച്ഛനെന്താ അതൊന്നും അറിയാത്തെ ? “

അതൊക്കെ അച്ഛച്ചൻ തന്നെ പറഞ്ഞു തരുന്നതാണ് സുഖം എന്ന് ഈ കുഞ്ഞുങ്ങളോട് എങ്ങിനെ പറയും?

“ഓ… ഈ ഓണമൊന്നു വന്നെങ്കിൽ !”

ഈ കുഞ്ഞുങ്ങളുടെ സ്വപ്‌നങ്ങൾ തച്ചുടക്കാൻ തോന്നുന്നില്ല. ആ പാവങ്ങൾ സ്വപ്നമെങ്കിലും കാണട്ടെ.

അച്ഛനും അമ്മയ്ക്കും കുറിയറിൽ ഓണ കോടി അയച്ചു എന്ന് വിളിച്ചു പറഞ്ഞപ്പോൾ അച്ഛന്റെ പ്രതികരണം.

“അത് വേണ്ടായിരുന്നു മോനെ. നിന്റെ മക്കളുടെ കുഞ്ഞിക്കൈകൾ തരുന്ന ഓണ പുടവയാകുമോ കുറിയറു കാരൻ തരുന്നത്. നിങ്ങൾക്ക് വരാൻ പറ്റുമ്പോൾ കൊണ്ടു വന്നാൽ മതിയരുന്നല്ലോ? നിങ്ങളാരും ഇല്ലാത്തതു കൊണ്ടു രണ്ടു ഓണസദ്യ കുടുംബ ശ്രീ യിൽ പറഞ്ഞു.”

മനസ്സു വല്ലാതെ നൊന്തു പോയി. എല്ലാവരെയും കൂട്ടി ഓണമൊരുങ്ങുന്നതും വിളമ്പി കഴിപ്പിക്കുന്നതും ആണ്‌ അമ്മയുടെ ഓണം. ആരുമില്ലാത്ത ഓണം അമ്മയ്ക്ക് ഇതാദ്യമാണ്.

എങ്കിലും എന്റെ കോറോണേ. നിന്റെ അദൃശ്യ കരങ്ങൾ വികൃതമാക്കാത്ത എന്താണുള്ളത്?

നീ പല്ലിളിച്ചു കാട്ടി ഞങ്ങളുടെ പിതൃക്കളുടെ അന്നം മുട്ടിച്ചു. ഞങ്ങളുടെ മാവേലി തമ്പുരാനെയും ക്വാറന്റൈനിൽ ആക്കിയോ? പാതാളത്തിൽ നിന്നു പുറപ്പെട്ടിട്ടു ഇത് വരെ ഇങ്ങു എത്തിയില്ലല്ലോ? മാസ്കും, സാനിട്ടൈ സറും പുള്ളിക്ക് പുതുമയല്ലേ ? പൊരുത്ത പെടാൻ സമയം വേണ്ടേ?

അതോ തന്റെ പ്രജകളെ ഓർത്തു കുണ്ഠിത പെടുകയാണോ? അദ്ദേഹം ഇപ്പോൾ കരുതുന്നുണ്ടാവുമോ വാമനൻ എത്ര ഭേദം എന്ന്? പൂക്കളവും, തിരുവാതിരയും, ഊഞ്ഞാലാട്ടവും, ഓണാഘോഷങ്ങളും ഓൺലൈനിൽ കാണാൻ പാതാളത്തിൽ ഒരു നെറ്റ് കണക്ഷൻ എടുത്താൽ പോരെയെന്നു കരുതിയോ?

അദ്ദേഹത്തിന് അറിയില്ലല്ലോ അയൽക്കാരൻ തരുന്ന ഓണപ്പങ്കിനെ നിറഞ്ഞ മനസ്സോടെ സ്വീകരിക്കാൻ കഴിയില്ല എന്ന്. എവിടുന്നാണ് കൊറോണ ചാടി വരുന്നത് എന്ന് പറയാൻ പറ്റുമോ?

മുത്തശ്ശാ എന്നാർത്തു വിളിച്ചു വരുന്ന കുഞ്ഞോമനകളെ വാരി പുണരാൻ ഭയം.
കൊറോണ വരുമോ?

ഓണക്കോടി വാങ്ങാൻ പോയാൽ പേരും നാളും വരെ എഴുതണം. നാളെ പോലീസു നമ്മെ തേടി വരുമോ എന്ന ഭയം.

ഇതെന്തൊരു കാലം? കാലം പൊല്ലാത്ത കാലം.

ഓണവും, വാവും സംക്രാന്തിയും ഒന്നും വേണ്ടേ. ഈ കൊറോണ വന്ന പോലെ പൊടുന്നനെ ഒന്ന് അപ്രത്യക്ഷമായാൽ
മതിയേ.

കാവും, കുളവും, സമൃദ്ധമായ ഒരു കാർഷിക സംസ്കാരവുമുണ്ടായിരുന്ന മലയാളി ഒരു തിരിച്ചു പോക്കിന് തയാറാകുമോ?

ആധുനികതയുടെ വിജ്ഞാനവും സൗകര്യവും നമ്മുടെ മക്കൾക്ക്‌ നൽകുന്നതിനൊപ്പം പഴമയുടെ സൗകുമാര്യവും എളിമയും കൂടി നാമവരെ പഠിപ്പിക്കേണ്ടേ?

പ്രകൃതിയെ മാനിക്കാൻ നമുക്ക് തന്നെ അവരെ ശീലിപ്പിക്കാം. അതിനു ഒരു മഹാമാരി ഇനി നമുക്ക് വേണ്ട. മലയാളിയുടെ ദേശീയോത്സവമായ ചിങ്ങത്തിലെ പൊന്നോണത്തെ കോറോണമാക്കിയ കശ്മലാ നിന്നെ പിടിച്ചു കെട്ടുക എന്നത് തന്നെയാണ് ഇനി ഞങ്ങളുടെ വ്രതം.

Tags
Show More

Related Articles

Back to top button
Close