
കോഴിക്കോട്: വിതരണം ചെയ്ത ഓണക്കിറ്റിനൊപ്പം ലഭിച്ച ശര്‍ക്കരയില്‍ നിരോധിത പുകയില ഉല്‍പ്പന്നത്തിന്റെ പാക്കറ്റ്. ശര്‍ക്കരയില്‍ അലിഞ്ഞ് ചേര്‍ന്ന നിലയിലാണ് പാക്കറ്റ് ലഭിച്ചത്. കോഴിക്കോട് ജില്ലയിലെ നടുവണ്ണൂരിലും പൂവാട്ടുപറമ്പിലുമാണ് റേഷന്‍ കടയില്‍ നിന്ന് വിതരണം ചെയ്ത ഓണക്കിറ്റില്‍ പുകയില ഉത്പന്നത്തിന്റെ പാക്കറ്റ് കണ്ടെത്തിയത്. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പരാതി നല്കി.പെരുവയല്‍ പഞ്ചായത്തിലെ 148-ാം നമ്പര്‍ റേഷന്‍ കടയില്‍ നിന്നും ലഭിച്ച ഓണക്കിറ്റിലെ ശര്‍ക്കരയിലാണ് പുകയില പാക്കറ്റ് കണ്ടത്. പെരുവയല്‍ സ്വദേശി ശ്രീധരന് വാങ്ങിയ കിറ്റ് തുറന്നപ്പോള്‍ പുകയിലയുടെ രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ശര്‍ക്കരയില്‍ പുകയില ഉത്പന്നത്തിന്റെ പാക്കറ്റ് കണ്ടെത്തിയത്.നടുവണ്ണൂര്‍ സൗത്തിലെ റേഷന്‍ കടയില്‍ വിതരണം ചെയ്ത ഓണക്കിറ്റിലെ ശര്‍ക്കരയിലും പുകയില ഉത്പന്നത്തിന്റെ പാക്കറ്റ് കണ്ടെത്തി. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. ഉള്ളിയേരി മാവേലി സ്റ്റോറില്‍ നിന്നുമാണ് നടുവണ്ണൂരിലെ റേഷന്‍ കടയിലേക്ക് കിറ്റെത്തിച്ചത്. ബാക്കിയുള്ള കിറ്റുകള്‍ പിന്‍വലിച്ച് പകരം കിറ്റുകള്‍ എത്തിക്കുമെന്ന് സപ്ലൈകോ അധികൃതര്‍ അറിയിച്ചു.