WOMEN

ഓമനക്കുട്ടന്‍ ഹാപ്പിയാണ്; പ്രളയകാലത്തെ കയ്‌പേറിയ അനുഭവങ്ങളിലും മകളുടെ നേട്ടത്തിലും, മനസ്സു തുറന്ന് ഓമനക്കുട്ടന്‍

ദീപ പ്രദീപ്

ആലപ്പുഴ: പ്രളയ ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷണം എത്തിച്ച ഓട്ടോയുടെ പണം നല്‍കാന്‍ കയ്യില്‍ കാശ് തികയാതെ വന്നപ്പോ 70 രൂപ ക്യാമ്പില്‍ ഉള്ളവരോട് പിരിച്ചതിന്റെ പേരില്‍ അഴിമതിക്കാരനെന്ന് പേര് കേള്‍ക്കേണ്ടിവന്ന ഓമനക്കുട്ടനെ ആരും അത്ര പെട്ടന്നു മറക്കാനിടയില്ല. പിന്നീട് യാഥാര്‍ത്ഥ്യം പുറം ലോകം അറിഞ്ഞപ്പോഴേക്കും ഓമനക്കുട്ടന്‍ അഴിമതിക്കാരനായി കഴിഞ്ഞിരുന്നു. സാമൂഹ്യമാധ്യമങ്ങളും മുഖ്യധാര മാധ്യമങ്ങളും ഓമനക്കുട്ടനെ കല്ലെറിഞ്ഞതുപോലെ പക്ഷേ യാഥാര്‍ത്ഥ്യം പുറത്തറിയിച്ചതുമില്ല.

പക്ഷേ പാവപ്പെട്ട ഓമനക്കുട്ടന് അതില്‍ പരാതിയില്ലായിരുന്നു. ഓമനക്കുട്ടന്‍ ഇന്നു ഹാപ്പിയാണ്. അതു മറ്റൊന്നുംകൊണ്ടല്ല. ഓമനക്കുട്ടന്റെ മകള്‍ സുഹൃതിക്ക് കോട്ടയം മെഡിക്കല്‍ കോളേജില്‍ എംബിബിഎസിന് അഡ്മിഷന്‍ കിട്ടിയെന്നതാണ് ആ സന്തോഷം. ഓമനക്കുട്ടന്റെ ഈ സന്തോഷം ഇന്നു മാധ്യമങ്ങള്‍ക്ക് വലിയ വാര്‍ത്തയായി. ഇതും ഓമനക്കുട്ടന് ഇരട്ടി സന്തോഷമാണ് നല്‍കുന്നത്. മകളുടെ നേട്ടത്തെക്കുറിച്ചും പ്രളയകാലത്തെ കയ്പേറിയ ആ വാര്‍ത്തയെക്കുറിച്ചും ഓമനക്കുട്ടന്‍ മീഡിയ മംഗളത്തോട് മനസ്സു തുറന്നു പറയുന്നു.

നേട്ടത്തിന്റെ ക്രഡിറ്റ് മകള്‍ക്ക്

പ്രളയകാലത്തെ ആ സംഭവത്തിനിടെ ഒരുപാട് അവഗണനകള്‍ നേരിട്ടെങ്കിലും ഇപ്പോഴത്തെ നിലയില്‍ ഞാന്‍ ഏറെ സന്തോഷവാനാണ്. കാരണം മക്കള്‍ പഠിക്കുക, അവര്‍ ഒരു നല്ല നിലയിലെത്തുക എന്നത് ഏതൊരു മാതാപിതാക്കളെയും സംബന്ധിച്ച് അഭിമാന നിമിഷമാണ്. ഞങ്ങളെപ്പോലെയുള്ള മാതാപിതാക്കള്‍ കഷ്ടപ്പെടുമ്പോള്‍ അതനുസരിച്ച് തങ്ങളുടെ പഠന നിലവാരം ഉയര്‍ത്താന്‍ മക്കള്‍ ശ്രമിച്ചു എന്നത് വളരെ വലിയ കാര്യമാണ്. അവര്‍ പഠിച്ചു, അവര്‍ അവരുടെ തൊഴില്‍ ചെയ്തു. അതില്‍ നമ്മുടെ അധ്വാനവും ഉണ്ടെന്ന് ഓര്‍ക്കുമ്പോള്‍ സന്തോഷം. ഇങ്ങനെയൊരു നേട്ടത്തിലെത്തിയ മകളെയും എന്നെക്കാളുപരി മക്കള്‍ക്ക് വേണ്ടി പ്രയത്നിക്കുന്ന ഭാര്യയേയും കുറിച്ച് അഭിമാനമുണ്ട്. മാധ്യമങ്ങളില്‍ ഇങ്ങനെയൊരു വാര്‍ത്ത വന്നപ്പോള്‍ സുഹൃതി ഇവിടെ ഇല്ലായിരുന്നു. അതൊരു ദൈവാനുഗ്രഹമായി ഞാന്‍ കാണുന്നു. കാരണം വാര്‍ത്തയ്ക്ക് പിന്നിലെ സത്യത്തെക്കുറിച്ച് എന്റെ മക്കള്‍ക്ക് നന്നായി അറിയാം. അവര്‍ക്ക് വേണ്ടി കഷ്ടപ്പെടുന്ന അച്ഛനെന്ന നിലയില്‍ അങ്ങനെയൊരു സന്ദര്‍ഭത്തില്‍ എന്റെ മോള്‍ ഇവിടെയുണ്ടായിരുന്നെങ്കില്‍ വീട്ടിലെ സാഹചര്യം അവളെയും പഠനത്തെയും ഒരുപക്ഷെ പ്രതികൂലമായി ബാധിക്കുമായിരുന്നു.

എല്ലാം മക്കള്‍ക്കായി

അവര്‍ക്ക് വേണ്ടി ചെയ്യാന്‍ ആഗ്രഹിച്ചതാണ് മകള്‍ നേടിയെടുത്തത്. എത്രത്തോളം പഠിക്കാന്‍ ആഗ്രഹിക്കുന്നുവോ അത്രത്തോളം അവരെ പഠിപ്പിക്കുക എന്നതാണ് എനിക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യം. അത് എന്തൊക്കെ വന്നാലും ചെയ്യും.

മകളുടെ ഫീസടച്ചത് കണ്ണൂരിലെ പാര്‍ട്ടിക്കാര്‍

ഏറെ പ്രശ്‌നങ്ങള്‍ നേരിട്ട സാഹചര്യത്തിലും എനിക്ക് സഹായം ആയി നിന്നത് എന്റെ പാര്‍ട്ടി പ്രവര്‍ത്തകരാണ്. മകളുടെ ഫീസ് അടക്കാനും മറ്റുമായി എന്നെ സഹായിച്ചത് കണ്ണൂരിലെ പാര്‍ട്ടി പ്രവര്‍ത്തകരാണ്. പാര്‍ട്ടിയാണ് സഹായിച്ചത്. അല്ലാതെ ആരോടും ഞാന്‍ വ്യക്തി പരമായ സഹായം ചോദിച്ച് ചെന്നിട്ടില്ല. പത്തനാപുരത്തു നിന്നും കൊല്ലത്തു നിന്നും പാര്‍ട്ടിയോട് അനുഭാവമുള്ള ഉദ്രോഗസ്ഥര്‍ എന്നെ വിളിച്ച് എന്റെ പാസ്ബുക്കിന്റെ നമ്പരാണ് ചോദിക്കുന്നത്. അവര്‍ തെരഞ്ഞെടുപ്പ് ഡ്യുട്ടിയ്ക്ക് പോയപ്പോള്‍ ലഭിച്ച കാശുപോലും എനിക്ക് തരാമെന്ന് പറഞ്ഞിട്ടുണ്ട്.

അടിയുറച്ച പാര്‍ട്ടിക്കാരന്‍

പാര്‍ട്ടി നല്ല നിലവാരത്തില്‍ത്തന്നെയാണ് എന്നോടും കേരളത്തിലെ ജനങ്ങള്‍ക്കൊപ്പവും നില്‍ക്കുന്നത്. എന്റെ കൂടെയല്ല മറിച്ച് ഞാന്‍ പാര്‍ട്ടിക്കൊപ്പമാണ് നില്‍ക്കുന്നത്. എന്റെ ചലനങ്ങള്‍ നിയന്ത്രിക്കുന്നതിന് പോലും പാര്‍ട്ടിയ്ക്ക് വലിയൊരു പങ്കുണ്ട്. ഞാന്‍ ഒരു കാര്യം ചെയ്യുമ്പോള്‍ അത് തെറ്റാണെങ്കില്‍ എന്റെ പാര്‍ട്ടി എനിക്ക് അത് പറഞ്ഞു തരുന്നു. എന്റെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും നല്ല വഴി വളരാനും എന്റെ മക്കള്‍ക്കും പാര്‍ട്ടി ഉപദേശങ്ങള്‍ നല്‍കാറുണ്ട്. ആരീതിയില്‍ പാര്‍ട്ടി എന്നോട് നല്ല സഹകരണമാണ് ചെയ്യുന്നത്.

മാധ്യമങ്ങളോട് പരിഭവമില്ല

വാര്‍ത്ത കൊടുക്കുക എന്ന പണി മാത്രമാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. അവര്‍ അവരുടെ തൊഴില്‍ ചെയ്തു. അല്ലാതെ അതിന് പിന്നിലെ സത്യാവസ്ഥ അവര്‍ ആലോചിക്കാറില്ല. അല്ലെങ്കില്‍ ത്തന്നെ കഴിഞ്ഞ കുറേ നാളുകളായി മാധ്യമങ്ങള്‍ സത്യം അറിഞ്ഞല്ലല്ലോ വാര്‍ത്തകള്‍ കൊടുക്കുന്നത്. അവര്‍ക്ക് വാര്‍ത്ത കിട്ടി. കൊടുത്തു. തെറ്റ് മനസ്സിലാകുമ്പോള്‍ ചിലര്‍ തിരുത്തുന്നു. ആരാണെങ്കിലും തെറ്റ് അറിയുമ്പോള്‍ അത് തിരുത്തുന്നതിലാണ് കാര്യം. അവരും എന്നെപ്പോലെ മനുഷ്യരല്ലേ. അവര്‍ അവരുടെ കടമ ചെയ്യുന്നു. എല്ലാവര്‍ക്കും സാമ്പത്തികം ഒരു പ്രശ്‌നമല്ലേ. അവര്‍ അവരുടെ ശമ്പളത്തിനായി ജോലി ചെയ്യുന്നു. അതിനപ്പുറം അവര്‍ക്ക് മറ്റൊന്നും അറിയേണ്ട കാര്യമില്ല.ഞാന്‍ എന്റെ ജോലി ചെയ്യുന്നു. അതിനപ്പുറം എനിക്ക് ആരോടും പരാതിയുമില്ല, പരിഭവവുമില്ല.

മന്ത്രി വിളിച്ചാലും ബ്രാഞ്ചു സെക്രട്ടറി വിളിച്ചാലും ഒരുപോലെ

മകളുടെ വിജയത്തില്‍ അഭിനന്ദനവുമായി ആദ്യം എത്തിയത് എന്റെ പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകര്‍തന്നെയാണ്. ഒരാളെ എടുത്തു പറയുക എനിക്ക് സാധിക്കാത്ത കാര്യമാണ്. കാരണം എനിക്ക് എല്ലാവരും തുല്യരാണ്. പാര്‍ട്ടിയില്‍ നിന്ന് ബ്രാഞ്ച് സെക്രട്ടറി വിളിച്ചാലും ഉന്നത തലത്തില്‍ നിന്ന് ആരെങ്കിലും വിളിച്ചാലും എനിക്ക് ഒരുപോലെയാണ്.

സാധാരണക്കാരന്‍ 70 രൂപയ്ക്ക് അഴിമതിക്കാരനായല്ലോ ? ഇപ്പോള്‍ വലിയ അഴിമതി കഥകള്‍ കേള്‍ക്കുന്നല്ലോ എന്നു ചോദിച്ചപ്പോള്‍ തന്നെ ഓമനക്കുട്ടന്റെ പ്രതികരണം കടുത്ത സഖാവിന്റേതായി. സര്‍ക്കാരിനെ ആക്രമിക്കുന്ന മാധ്യമങ്ങളോട് പക്ഷേ സ്വന്തം കാര്യത്തില്‍ പ്രതികരിച്ചതുപോലെയല്ല ഓമനക്കുട്ടന്റെ പ്രതികരണം. ഇടതുപക്ഷത്തിന്റെ ആളുകളാണ് ഇരയെന്നാണ് ഓമനക്കുട്ടന്റെ പക്ഷം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close