INDIANEWS

ഓരോ ഇന്ത്യക്കാരനും അഭിമാനം, പുതുമയും പഴമയും സംയോജിച്ച് പുതിയ പാര്‍ലമെന്റെ മന്ദിരം

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് തറക്കല്ലിട്ടത്തിനെ ചരിത്രദിനമെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 130 കോടി ജനങ്ങള്‍ക്ക് അഭിമാനിക്കാവുന്ന നിമിഷമാണിതെന്ന് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് ഭൂമിപൂജ നടത്തിയ ശേഷം മോദി പ്രതികരിച്ചു. പുതിയതും പഴയതും ഒരുമിച്ച് നിലക്കൊള്ളുന്നതിന്റെ ഉത്തമ ഉദാഹരണമായിരിക്കും പുതിയ പാര്‍ലമെന്റ് മന്ദിരം. കാലത്തിലും ആവശ്യകതയിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ക്ക് അനുസൃതമായി അവരവരില്‍ തന്നെ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുമെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണമെന്നും മോദി പറഞ്ഞു.പഴയ പാര്‍ലമെന്റ് മന്ദിരം സ്വാതന്ത്ര്യത്തിന് ശേഷമുള്ള കാലത്തിലേക്കുള്ള ദിശാസൂചികയായാണ് നിലക്കൊള്ളുന്നത്. പുതിയ കെട്ടിടം ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ പൂര്‍ത്തീകരണത്തില്‍ സാക്ഷിയായി മാറുമെന്നും മോദി പറഞ്ഞു. പഴയ കെട്ടിടത്തില്‍ രാജ്യത്തിന്റെ ആവശ്യകതകള്‍ നിറവേറ്റുന്നതിനുള്ള ജോലികളാണ് നടന്നത്. പുതിയ കെട്ടിടം 21-ാം നൂറ്റാണ്ടിന്റെ ആഗ്രഹങ്ങള്‍ സഫലമാക്കും. ഇന്ത്യക്കായി ഇന്ത്യക്കാര്‍ തന്നെ പാര്‍ലമെന്റ് പണിയുന്നു എന്നത് മറ്റൊരു പ്രത്യേകതയാണെന്നും മോദി ചൂണ്ടിക്കാട്ടി.കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ 200 പ്രമുഖരാണ് തറക്കല്ലിടല്‍ ചടങ്ങില്‍ സന്നിഹിതരായത്.പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണ കരാര്‍ ഏറ്റെടുത്തിരിക്കുന്നത് ടാറ്റയാണ്. അതിനാല്‍ രത്തന്‍ ടാറ്റ ഉള്‍പ്പെടെയുള്ളവരും ചടങ്ങില്‍ സംബന്ധിച്ചു. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, രവിശങ്കര്‍ പ്രസാത്, സ്പീക്കര്‍ ഓം ബിര്‍ള തുടങ്ങിയവരാണ് ചടങ്ങില്‍ പങ്കെടുത്ത മറ്റു പ്രമുഖര്‍.കര്‍ണാടകയിലെ ശൃംഗേരി മഠത്തില്‍ നിന്നുള്ള ആറ് പൂജാരിമാരാണ് ഭൂമിപൂജയ്ക്ക് കാര്‍മികത്വം വഹിച്ചത്. പാര്‍ലമെന്റും വിവിധ മന്ത്രാലയങ്ങളുമുള്‍പ്പെടെ സെന്‍ട്രല്‍ വിസ്ത എന്ന പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. 20000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.ത്രികോണാകൃതിയിലുള്ള പാര്‍ലമെന്റ് മന്ദിരവും അതിനടുത്ത് തന്നെ പ്രധാനമന്ത്രിയുടെ വസതിയും ഓഫീസുമെല്ലാം ഉള്‍പ്പെടുന്നതാണ് സെന്‍ട്രല്‍ വിസ്ത പദ്ധതി. 3 കിലോമീറ്റര്‍ ചുറ്റളവില്‍ നീണ്ടുകിടക്കുന്നതാണ് നിര്‍ദിഷ്ട പദ്ധതി. രാഷ്ട്രപതി ഭവനും യുദ്ധ സ്മാരകമായ ഇന്ത്യാഗേറ്റിനും ഇടയിലാണ് പദ്ധതി യാഥാര്‍ത്ഥ്യമാകുക. ഇതിനിടയിലെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ പദ്ധതിയുടെ ഭാഗമായി പുനര്‍നിര്‍മ്മിക്കും.നാലുനിലയുള്ള പാര്‍ലമെന്റ് മന്ദിരമാണ് ഇതില്‍ പ്രധാനം. ഇതിന് മാത്രം ആയിരം കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. 75-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഒരേ സമയം 1224 അംഗങ്ങള്‍ക്ക് വരെ ഇരിക്കാന്‍ കഴിയുന്ന വിധമാണ് പാര്‍ലമെന്റ് മന്ദിരം നിര്‍മ്മിക്കുന്നത്.രാഷ്ട്രപതി ഭവന്‍ ഇപ്പോഴേത്തതുതന്നെ തുടരും. നിലവിലെ പാര്‍ലമെന്റ് മന്ദിരം, നോര്‍ത്ത്- സൗത്ത് ബ്ലോക്കുകള്‍ എന്നിവ പൈതൃക കേന്ദ്രങ്ങളെന്ന നിലയില്‍ നിലനിര്‍ത്തും. പദ്ധതിയെ എതിര്‍ക്കുന്ന ഹര്‍ജികളില്‍ തീര്‍പ്പാകും വരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് സുപ്രീംകോടതി തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close