KERALANEWSTrending

ഓരോ കുടുംബത്തിനും 15 ലക്ഷം രൂപ വരെ വികസന സഹായം; ഒന്നര ലക്ഷം കുടുംബങ്ങൾക്ക് വീട്; പെൻഷൻ ഉയർത്തുക 1750 ആയി; ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ കോഴ്സുകൾ; രണ്ടാം പിണറായി സർക്കാർ അധികാരമേൽക്കുക തമിഴ്നാട്ടിലെ സ്റ്റാലിനെയും വെല്ലുന്ന പ്രഖ്യാപനങ്ങളുമായി

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറുന്നതിന് പിന്നാലെയുണ്ടാകുക വൻ ജനപ്രിയ പദ്ധതികളുടെ പ്രഖ്യാപനം. ഈ മാസം 20ന് സത്യപ്രതിജ്ഞ ചടങ്ങിന് പിന്നാലെ രണ്ടാം പിണറായി സർക്കാരിന്റെ ജനപ്രിയ പദ്ധതികൾ പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പുകളാണ് അണിയറയിൽ ഒരുങ്ങുന്നത്. ജനപ്രിയ പദ്ധതികളുടെ പ്രഖ്യാപനത്തോടെ തന്നെയാകണം രണ്ടാം വരവ് എന്ന പിണറായി വിജയന്റെ നിർബന്ധമാണ് സത്യപ്രതിജ്ഞ ചടങ്ങ് ഇത്രയും നീളാൻ കാരണമായത്. തമിഴ്നാട്ടിൽ ഡിഎംകെ അധ്യക്ഷൻ സ്റ്റാലിൻ അധികാരത്തിലേറിയപ്പോൾ നിരവധി ജനപ്രിയ പദ്ധതികളാണ് പ്രഖ്യാപിച്ചത്. അതുപോലെ കേരളത്തിലെ സാഹചര്യത്തിന് അനുയോജ്യമായ പദ്ധതികൾ പ്രഖ്യാപിച്ച് തന്നെയാകണം രണ്ടാം വരവ് ​ഗംഭീരമാക്കേണ്ടത് എന്ന നിലപാട് പിണറായി വിജയൻ സ്വീകരിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

പുതിയ ഭവന പദ്ധതി, ഉന്നത വിദ്യാഭ്യാസ രം​ഗത്ത് പുത്തൻ കോഴ്സുകൾ, 45 ലക്ഷം കുടുംബങ്ങൾക്ക് ഒരു ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ വികസന സഹായം, കേരള ബാങ്കിന്റെവിപുലീകരണം, പുത്തൻ തൊഴിലവസരങ്ങൾ തുടങ്ങി ജനപ്രിയ പദ്ധതികളാണ് അണിയറയിൽ തയ്യാറാകുന്നത്. നിലവിൽ നൽകിക്കൊണ്ടിരിക്കുന്ന സൗജന്യ കിറ്റ് വിതരണം ഓണം വരെ തുടരും. പെൻഷൻ 1750 ആക്കി ഉയർത്തും. നേരത്തേ, പെൻഷൻ അഞ്ചു വർഷം കൊണ്ട് 2500 രൂപ ആക്കി ഉയർത്തുമെന്നായിരുന്നു ഇടത് മുന്നണി പ്രകടന പത്രികയിൽ പറഞ്ഞിരുന്നത്. ഇത് ഒറ്റ വർഷം കൊണ്ട് 2000 രൂപയാക്കുന്നതിനാണ് സിപിഎം പദ്ധതി തയ്യാറാക്കുന്നത്. സിവിൽ സപ്ലൈസ് വകുപ്പിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും നിലവിൽ ലഭിക്കുന്ന സാധനങ്ങൾക്ക് പുറമേ കൂടുതൽ സാധനങ്ങൾക്ക് സബ്സിഡി ഏർപ്പെടുത്താനും പദ്ധതിയുണ്ട്.

കഴിഞ്ഞ സർക്കാർ പ്രകടന പത്രിക നടപ്പാക്കുന്നതിന് നൽകിയ പ്രാധാന്യം മുന്നണിക്കും പാർട്ടിക്കും വലിയ ​ഗുണം ചെയ്തു എന്നാണ് സിപിഎം വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഇക്കുറിയും പറഞ്ഞ വാ​ഗ്ദാനങ്ങളെല്ലാം നടപ്പാക്കുന്ന പദ്ധതികളാണ് സിപിഎം തയ്യാറാക്കുന്നത്. കിറ്റ് വിതരണവും പെൻഷൻ പരിഷ്കരണവും തെരഞ്ഞെടുപ്പിൽ ​ഗുണം ചെയ്തു എന്നാണ് ഇടത് മുന്നണി വിലയിരുത്തുന്നത്. കോവിഡ് കാലത്ത് വലിയ സാമ്പത്തിക ബാധ്യത വരാതെ എല്ലാവർക്കും സൗജന്യ കിറ്റ് നൽകാൻ കഴിയുമോ എന്ന കാര്യവും സിപിഎമ്മിന്റെ പരി​ഗണനയിലുണ്ട്.

ഒന്നാം പിണറായി സർക്കാരിനെ പോലെ തന്നെ ഓരോ വർഷവും മന്ത്രിമാരുടെ പെർഫോമൻസ് വിലയിരുത്തി പ്രോ​ഗ്രസ് റിപ്പോർട്ട് തയ്യാറാക്കി തന്നെയാകും രണ്ടാം പിണറായി സർക്കാരും പ്രവർത്തിക്കുക. കഴിഞ്ഞ തവണ അണിയറയിൽ പ്രവർത്തിച്ച പി രാജീവും കെ എൻ ബാല​ഗോപാലും ഇക്കുറി മുൻനിരയിലേക്ക് വന്ന് മന്ത്രിമാരാകുമ്പോൾ, കഴിഞ്ഞ തവണ മുൻനിരയിൽ മന്ത്രിമാരായി പ്രവർത്തിച്ച തോമസ് ഐസക്കും ജി സുധാകരനും അണിയറയിൽ നിന്ന് മന്ത്രിമാരുടെ പ്രവർത്തനങ്ങൾക്ക് മാർ​ഗനിർദ്ദേശം നൽകും. ഓരോ വകുപ്പിലും പ്രകടന പത്രികയുടെ അടിസ്ഥാനത്തിൽ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനും പാർട്ടി തലത്തിൽ മേൽനോട്ടം ഉണ്ടാകും.

ജനപ്രിയ വാ​ഗ്ദാനങ്ങളുമായാണ് ഇക്കുറി ഇടത് മുന്നണി ജനങ്ങളെ സമീപിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾക്ക് നൽകിയ മുഴുവൻ വാ​ഗ്ദാനങ്ങളും പാലിക്കാനായി എന്നും സിപിഎം അവകാശപ്പെട്ടിരുന്നു. ഇതിന് ജനങ്ങൾ നൽകിയ അം​ഗീകാരമാണ് അധികാര തുടർച്ച എന്ന സിപിഎം വിശ്വാസമാണ് ഇതുവരെയില്ലാത്ത പുത്തൻ രീതികൾക്ക് കാരണമായി നേതാക്കൾ ചൂണ്ടിക്കാട്ടന്നത്. തമിഴ്നാട്ടിൽ ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ അധികാമേറ്റതിന് പിന്നാലെ വൻ ജനപ്രിയ പദ്ധതികളാണ് പ്രഖ്യാപിച്ചത്.

കോവിഡ് ബാധിത ദുരിതാശ്വാസ പദ്ധതി പ്രകാരം അരി ലഭിക്കാന്‍ അര്‍ഹതയുള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ആദ്യഗഡുവെന്ന നിലയില്‍ 2000 രൂപ നല്‍കാന്‍ സ്റ്റാലിന്‍ ഉത്തരവിട്ടു. കോവിഡിന്റെ പശ്ചാത്തലത്തില്‍ പാവപ്പെട്ടവര്‍ക്ക് 4,000 രൂപ ധനസഹായമായി നല്‍കുമെന്ന് തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഡി.എം.കെ. വാഗ്ദാനം ചെയ്തിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ആവിന്‍ കമ്പനിയുടെ പാലിന് മേയ് മൂന്നുമുതല്‍ മൂന്നുരൂപ കുറയ്ക്കും. മേയ് എട്ടുമുതല്‍ സര്‍ക്കാര്‍ ബസുകളില്‍ വനിതകള്‍ക്ക് സൗജന്യയാത്ര. സര്‍ക്കാര്‍ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന് സബ്‌സിഡിയായി 1,200 കോടി രൂപ നല്‍കും. മുഖ്യമന്ത്രിയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം സ്വകാര്യ ആശുപത്രിയിലെ കോവിഡ് ചികിത്സാച്ചെലവ് സര്‍ക്കാര്‍ നല്‍കും.

ഇക്കുറി പ്രകടന പത്രികയിൽ ഇടത് മുന്നണി നൽകിയ വാ​ഗ്ദാനങ്ങളിൽ പ്രധാനപ്പെട്ടവ

1) 20 ലക്ഷം അഭ്യസ്തവിദ്യർക്കു തൊഴിൽ നൽകും. ഈ ലക്ഷ്യത്തോടെ തൽപ്പരരായ മുഴുവൻ അഭ്യസ്തവിദ്യർക്കും നൈപുണി പരിശീലനം നൽകും. ഇവരുടെ വിശദാംശങ്ങൾ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കും.

2) 15 ലക്ഷം ഉപജീവന തൊഴിലുകൾ സൃഷ്ടിക്കും. കാർഷിക മേഖലയിൽ 5 ലക്ഷവും കാർഷികേതര മേഖലയിൽ 10 ലക്ഷവും ഉപജീവന തൊഴിലുകൾ സൃഷ്ടിക്കും.

3) അഞ്ചു വർഷംകൊണ്ട് 15000 സ്റ്റാർട്ട് അപ്പുകൾകൂടി ആരംഭിക്കും. ഒരു ലക്ഷം പേർക്ക് പുതിയതായി തൊഴിൽ ലഭിക്കും. ഇതിന് ആവശ്യമായ നൂതനവിദ്യകൾ വികസിപ്പിക്കുന്നതിന് ഇന്നവേഷൻ ചലഞ്ചു പോലുള്ള സംവിധാനങ്ങൾക്കു രൂപം നൽകും.

4) എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളെയും ലാഭത്തിലാക്കും. വൈവിധ്യവൽക്കരിക്കുകയും വിപുലീകരിക്കു കയും ചെയ്യും. ഇതിനായി ഓരോ സ്ഥാപനത്തിന്റെയും വിശദമായ മാസ്റ്റർപ്ലാൻ പ്രസിദ്ധീകരിക്കും. ജീവനക്കാരുടെയും പെൻഷൻകാരുടെയും കാലോചിതമായ സേവനവേതന അവകാശങ്ങൾ ഉറപ്പുവരുത്തിക്കൊണ്ട് കെ.എസ്.ആർ.ടി.സി പുനരുദ്ധരിക്കും. .

5) മെച്ചപ്പെട്ട നിക്ഷേപാന്തരീക്ഷവും പശ്ചാത്തല സൗകര്യങ്ങളും ഉറപ്പുവരുത്തിക്കൊണ്ട് സ്വകാര്യ നിക്ഷേപത്തെ കേരളത്തിലേയ്ക്ക് ആകർഷിക്കും.

6) കേരളം ഇലക്ട്രോണിക് ഫാർമസ്യൂട്ടിക്കൽ ഹബ്ബ് കെൽട്രോണിനെ പുനരുദ്ധരിക്കും, സംയുക്ത സംരംഭങ്ങൾ ആരംഭിക്കും. ആമ്പല്ലൂർ ഇലക്ട്രോണി ഹാർഡ്വെയർ പാർക്ക് പൂർത്തീകരിക്കും.

7) മൂല്യവർദ്ധിത വ്യവസായങ്ങൾ റബർ പാർക്ക്, കോഫി പാർക്ക്, റൈസ് പാർക്ക്, സ്‌പൈസസ് പാർക്ക്, ഫുഡ് പാർക്ക്, ജില്ലാ ആഗ്രോ പാർക്കുകൾ തുടങ്ങിയവ സ്ഥാപിക്കും.

8) ടൂറിസം വിപണി ഇരട്ടിയാക്കും. ടൂറിസത്തിനുള്ള അടങ്കൽ ഇരട്ടിയാക്കും. പൈതൃക ടൂറിസം പദ്ധതികൾ പൂർത്തീകരിക്കും. സ്‌പൈസസ് റൂട്ട് ആവിഷ്‌കരിക്കും.

9) ചെറുകിട വ്യവസായ മേഖല സൂക്ഷ്മ ചെറുകിട, ഇടത്തരം വ്യവസായ മേഖലയിൽ സംരംഭങ്ങളുടെ എണ്ണം 1.4 ലക്ഷത്തിൽ നിന്ന് 3 ലക്ഷമായി ഉയർത്തും.

10) പ്രവാസി പുനരധിവാസം അഭ്യസ്തവിദ്യരുടെ ഡിജിറ്റൽ തൊഴിൽ പദ്ധതി, വായ്പ അടിസ്ഥാനത്തിലുള്ള സംരംഭകത്വ വികസന പരിപാടി, സേവന സംഘങ്ങൾ, വിപണന ശൃംഖല തുടങ്ങിയ തൊഴിൽ പദ്ധതികളിൽ പ്രവാസികൾക്കു പ്രത്യേക പരിഗണന നൽകും.

11) ദാരിദ്ര്യനിർമ്മാർജ്ജന പ്രവർത്തനം ശക്തിപ്പെടുത്തും. പരമദരിദ്ര കുടുംബങ്ങളുടെ സമഗ്ര ലിസ്റ്റ് തയ്യാറാക്കും. അതിലെ ഓരോ കുടുംബത്തിനെയും കരകയറ്റുന്നതിനു മൈക്രോപ്ലാൻ ഉണ്ടാക്കി നടപ്പാക്കും. 45 ലക്ഷം കുടുംബങ്ങൾക്ക് ഇങ്ങനെ 1 ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ വികസന സഹായം നൽകും.

12) കൃഷിക്കാരുടെ വരുമാനത്തിൽ 50 ശതമാനം വർദ്ധന സൃഷ്ടിക്കും. ഇതിനായി ശാസ്ത്രസാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്തും.

13) മൃഗപരിപാലനം പാലിൽ സ്വയം പര്യാപ്തത കൈവരിക്കും. പാൽ ഉത്പാദനത്തിൽ നമ്മൾ കൈവരിച്ച നേട്ടങ്ങൾ തുടർവർഷങ്ങളിലും നിലനിർത്തുകയും, കേരളത്തെ ക്ഷീര മിച്ച സംസ്ഥാനമാക്കുകയും ചെയ്യും.

14) മുഴുവൻ ആദിവാസി കുടുംബങ്ങൾക്കും പാർപ്പിടവും ഉറപ്പുവരുത്തും.

15) വിപുലമായ വയോജന സങ്കേതങ്ങൾ. വയോജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പ്രത്യേക പരിഗണന

16)ഉന്നത വിദ്യാഭ്യാസരംഗം വിപുലപ്പെടുത്തും.

17) അടുത്തവർഷം ഒന്നരലക്ഷം വീട് നിർമ്മിക്കും

18) ഭാഷയെയും കലകളെയും സംരക്ഷിക്കുന്നതിന് മുന്തിയ പരിഗണന

19) 2040 വരെ വൈദ്യുതിക്ഷാമം ഇല്ലെന്ന് ഉറപ്പുവരുത്തുന്ന പതിനായിരം കോടിരൂപയുടെ ട്രാൻസ്ഗ്രിൽഡ് പദ്ധതിയുടെ പൂർത്തീകരണം.

20) കേരളബാങ്ക് വിപുലീകരിച്ച് എൻ.ആർ.ഐ ഡെപ്പോസിറ്റ്

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close