നീണ്ടു നരച്ച താടിയും വിടര്‍ന്ന കണ്ണുകളും മുഷിഞ്ഞ ഒരു ജുബ്ബയും നരച്ച സഞ്ചിയുമായി പാട്ടിന് വേറിട്ടൊരു ലോകം സൃഷ്ടിച്ച കവി.പാട്ടിന് വ്യത്യസ്തമായ വഴി തീര്‍ത്ത മുല്ലനേഴിയുടെ ഓര്‍മ്മ ദിനമാണ് ഇന്ന്.
ഒമ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ഒക്ടോബറില്‍ സുഹൃത്തിന്റെ ആഗ്രഹപ്രകാരം മുല്ലനേഴി ഒരു കവിത എഴുതി.
അല്‍പനേരം നില്‍ക്കുവാനേ
കെല്‍പു നമുക്കുള്ളുവെന്നാല്‍
അമ്മ തന്നൊരു ജീവിതം
നന്‍മകൊണ്ടു പുലര്‍ത്തണം നാം…
പിറ്റേന്ന് മുല്ലനേഴി പങ്കെടുത്തത് ഒരു അനുസ്മരണ ചടങ്ങില്‍..ത്രിശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വെച്ച് കവി അയ്യപ്പന് ശ്രദ്ധാഞ്ജലി.സ്വന്തം കവിത ചൊല്ലിയതിനൊപ്പം അയ്യപ്പന്റെ അവസാന കവിതയും ചൊല്ലി മുല്ലനേഴി പുറത്തേക്കിറങ്ങി.മഴ ചാറുന്നുണ്ടായിരുന്നു..അടുത്ത ദിവസം കണ്ണൂരില്‍ ശാസ്ത്ര സാഹിത്യ പരിഷത് സമ്മേളനം..തിരക്കിട്ടു മുല്ലനേഴി വീട്ടിലേക്കു പോയി.പിറ്റേന്ന് രാവിലെ നാട് ഉണര്‍ന്നത് മുല്ലനേഴിയുടെ മരണവാര്‍ത്ത അറിഞ്ഞാണ്.പിറ്റേവര്‍ഷം മുതല്‍ ഒക്ടോബറിലെ അടുത്തടുത്ത രണ്ടു ദിവസങ്ങള്‍ മലയാളം പ്രിയപ്പെട്ട രണ്ടു കവികളുടെ ഓര്‍മകള്‍ക്കു ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു. ഒക്ടോബര്‍ 21 ന് അയ്യപ്പന്റെ ഓര്‍മദിവസം. 22 ന് മുല്ലനേഴി.
‘ ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും,
ഓര്‍മ്മകളില്‍, പീലിനീര്‍ത്തി, ഓടിയെത്തുമ്പോള്‍ …
പ്രണയിനി നിന്‍ സ്മ്രിതികള്‍…’
ഈ പാട്ടിന്റെ വരികള്‍ മനസ്സില്‍ തട്ടിയവര്‍ ആരും ഒരുപക്ഷെ മലയാളത്തിന്റെ വിഖ്യാതനായ കവിയാണ് ഇതിന്റെ രചനയെന്നു ഓര്‍ത്തുകാണില്ല.പക്ഷെ മുല്ലനേഴി എഴുതിയ സിനിമാഗാനങ്ങളില്‍ ഒടുവിലത്തേതാണ് ഇന്ത്യന്‍ റുപ്പി എന്ന ചിത്രത്തിലെ ഈ ഗാനം.അതുകൊണ്ടുതന്നെ അത്യാവശ്യം ന്യൂ ജനറേഷന്‍ ആളുകള്‍ക്കും മുല്ലനേഴി എന്നത് ഒരു സ്മരണയാകുന്നു എന്ന് സാരം.കവിയും അതുപോലെതന്നെ ചലച്ചിത്ര ഗാനരചയിതാവും മാത്രമായിരുന്നില്ല മുല്ലനേഴി.സിനിമയില്‍ അഭിനയിക്കുക എന്ന സാഹിസികതയും അദ്ദേഹം നടത്തിയിരുന്നു.രണ്ടാമത് പുറത്തിറങ്ങിയ നീലത്താമരയിലും,സൂഫി പറഞ്ഞ കഥയിലും,കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലും മുല്ലനേഴി അഭിനയിച്ചിരുന്നു.കവികള്‍ അഭിനയിക്കുന്നത് ആദ്യമായല്ല,പക്ഷെ കവിയും ഗാനരചയിതാവും ആകുമ്പോള്‍ തന്നെ അഭിനയവും മുന്നോട്ടു കൊണ്ടുപോവുക അത്ര എളുപ്പമുള്ള കാര്യമല്ല.പലവിധ സര്‍ഗ്ഗാടമകഥകളുടെ ആക തുകയായി മുല്ലനേഴി മാഷിനെ കണക്കാക്കാവുന്നതാണ്.അറുപതിലധികം മലയാള സിനിമകള്‍ക്ക് മുല്ലനേഴി മാഷ് ഗാനങ്ങള്‍ എഴുതിയിരുന്നു.വീണപൂവ്,സന്മനസ്സുള്ളവര്‍ക്ക് സമാധാനം,കബനി,മേള,അയനം എന്നിവ അവയില്‍ ചിലതു മാത്രമാണ്.
പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം
പ്രണയവല്ലി പുഞ്ചിരിച്ച ദിവ്യയാമം…..
സന്മനസ്സുള്ളവര്‍ക്ക് സമാധാനം എന്ന ചിത്രത്തിലേതുപോലെ ഇത്തരം ഗാനങ്ങള്‍ എത്രയധികമാണ് ഒരു കാലത്തിലെ തലമുറ കേട്ടതും ഏറ്റു ചൊല്ലിയതും.ഗ്രാമീണ നിറഞ്ഞ ശീലുകളുടെ ഉടയോനായിരുന്നു മുല്ലനേഴി എന്നത് അദ്ദേഹത്തിന്റെ കവിതകള്‍ തന്നെ പറയുന്നു.വായനാസുഖമുള്ള കവിതകള്‍ ചോള(CHOL) കവിതകളുംകൂടിയായിരുന്നു.
അറുപതുകളുടെ ഒടുവില്‍ എഴുതിത്തെളിഞ്ഞ കവിയാണ് മുല്ലനേഴി. എന്നാല്‍ അറുപതുകളുടെ അസ്തിത്വവാദ/അസംബന്ധ വാദ ആധുനികതയില്‍നിന്ന് സ്വയം വിട്ടുനിന്ന കവിയായിരുന്നു അദ്ദേഹം. അരാജക വാദത്തിന്റെയും മൃത്യുബോധത്തിന്റെയും ഇരുട്ടുനിറഞ്ഞ വഴികളിലൂടെയാണ് അറുപതുകളിലെ യൂറോ-കേന്ദ്രിതമായ ആധുനിക മലയാള കവിത സഞ്ചരിച്ചിരുന്നത്. എന്നാല്‍ മുല്ലനേഴി ആ വഴി പിന്തുടര്‍ന്നില്ല. വൈലോപ്പിള്ളി, ഇടശേരി, ഒളപ്പമണ്ണ, അക്കിത്തം, ഒ എന്‍ വി എന്നിവര്‍ മലയാള കാവ്യ ചരിത്രത്തില്‍ ഉണ്ടാക്കിയ സദ് കാവ്യപാരമ്പര്യത്തെ ആഴത്തില്‍ ഉള്‍ക്കൊള്ളുകയും അവരുടെ കവിതാവഴിയുടെ തുടര്‍ച്ചയില്‍നിന്നുകൊണ്ട് സ്വന്തമായ ഒരു കവിതാലോകം നിര്‍മിച്ചെടുക്കുകയും ചെയ്തു മുല്ലനേഴി. ഭാഷയിലും വൃത്തത്തിലും കാവ്യരൂപത്തിലും പാരമ്പര്യ ബോധത്തെ നിഷേധിക്കാത്ത കവിയാണ് അദ്ദേഹം. പാരമ്പര്യത്തിന്റെ ഊര്‍ജവും വെളിച്ചവും ഉള്‍ക്കൊണ്ടുകൊണ്ട് സമകാലിക ജീവിത യാഥാര്‍ഥ്യത്തെ ആ കവിതകള്‍ ആവിഷ്‌കരിച്ചു. ഇരുട്ടിന്റെ പാട്ടുകാരനായിരുന്നില്ല മുല്ലനേഴി. വെളിച്ചത്തിന്റെ, നാളെയുടെ, നന്മയുടെ പാട്ടുകാരനായി എന്നും അദ്ദേഹം നിന്നു. കവിതയിലും ജീവിതത്തിലും വൈലോപ്പിള്ളിയായിരുന്നു മുല്ലനേഴിക്ക് ഗുരുവും വഴികാട്ടിയും. അതുകൊണ്ടുതന്നെ തെളിമയാര്‍ന്ന ജീവിതവീക്ഷണം, ഉദാത്തമായ മാനവികതാബോധം മുല്ലനേഴിക്കവിതയുടെ അടിസ്ഥാന ശ്രുതിയായിത്തീര്‍ന്നു.എന്നാല്‍ മുല്ലനേഴിയുടെ ഗാനങ്ങള്‍ പുതുമയുടെയും ആധുനികതയുടെയും അര്‍ത്ഥ തലങ്ങള്‍ കൊണ്ടും പാരമ്പര്യത്തനിമയുടെ ശുദ്ധി കൊണ്ടും ഒരേ സമയം ഹൃദ്യവും സരസവുമായിത്തീരുന്നു. തീര്‍ച്ചയായും അവയെ ലളിതപദങ്ങള്‍ കോര്‍ത്തിണക്കിയ ഒരു ഗാനഹാരമെന്നും പറയാം.
അക്ഷരങ്ങളെകുറിച്ചോര്‍ക്കുമ്പോള്‍ ഇന്നും മലയാളി മനസ്സില്‍ ഓടിയെത്തുന്ന വരികളാണ് മുല്ലനേഴിയുടെ ‘അക്ഷരം തൊട്ടു തുടങ്ങാം ആകാശം വീണ്ടുകിട്ടുവാന്‍ ഇന്നലെയോളം കണ്ട കിനാവുകള്‍.ഈ ജന്മം തന്നെ നേടാന്‍ എന്ന ഗാനത്തിലേതു.മലയാളി മറക്കാത്ത ഒട്ടനവധി ഗാനങ്ങളിലൂടെ കേരളക്കരയ്ക്കു ചിരപരിചതനായ മുല്ലനേഴി മലയാളം കണ്ട മഹാനായ കവിയാണ്.1948 മെയ് 16നാണ് ഒല്ലൂര്‍ ആവണിശ്ശേരിമുല്ലനേഴി മനയില്‍ ജനനം.മുല്ലനേഴി നാരായണന്‍ നമ്പൂതിരിയാണ് പിതാവ്.മാതാവ് നങ്ങേലി അന്തര്‍ജ്ജനവും.ഗാന്ധിയെ പാരമ്പര്യം ഉള്‍ക്കൊണ്ട കുടുംബം സാമ്പത്തികമായി പിന്നോട്ടായിരുന്നു.മൂന്നാം ക്ലാസ് മുതലാണ് അദ്ദേഹം ഔപചാരിക വിദ്യാഭ്യാസത്തിനായി സ്‌കൂളില്‍ ചേരുന്നത്.ഒല്ലൂര്‍ സ്‌കൂളില്‍ പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വൈലോപ്പിള്ളി ഹെഡ് മാസ്ററായി വന്നതായിരുന്നു, നീലകണ്ഠനിലെ കവിക്കൊരു പ്രധാനവഴിത്തിരിവായത്. .കുട്ടിക്കാലം മുതല്‍ കവിതാരചനയില്‍ വ്യാപൃതനായിരുന്നു. മധുരമായി കവിതകള്‍ ആലപിച്ചിരുന്ന അമ്മയാണ് കവിതയുടെ ലോകത്തേയ്ക്കുള്ള ആദ്യ വഴികാട്ടി . പ്രിയ കവി ശ്രീ വൈലോപ്പിള്ളിയുടെ അരുമശിഷ്യനായത് ആ പ്രതിഭയെ പുറത്തുകൊണ്ടുവരാന്‍ ഒട്ടേറെ സഹായിക്കുകയും ചെയ്തു ,വൈലോപ്പിള്ളി പകര്‍ന്നുനല്‍കിയ അളവറ്റ വാത്സല്യമാണ് മുല്ലനേഴിയുടെ ഏറ്റവും വലിയ സമ്പത്ത്.ആ സ്നേഹവാത്സല്യങ്ങളെ ആവോളം ഉള്‍ക്കൊണ്ടുതന്നെയാവണം തന്റെ ജന്മവും അദ്ധ്യാപനത്തിനായി അദ്ദേഹം മാറ്റിവെച്ചത് .ദാരിദ്ര്യം കൊടികുത്തിവാണിരുന്ന മനയില്‍ പഠനത്തിനു പണം കണ്ടെത്താനാവുമായിരുന്നില്ല എന്നതിനാല്‍ സ്വയം ജോലി കണ്ടെത്തി പണം സമാഹരിച്ചാണ് അദ്ദേഹം പഠനംതുടര്‍ന്നു പോന്നത്. ഈ അവസ്ഥ നന്നായി മനസ്സിലാക്കി ടിടിസിക്ക് പഠിക്കാനുള്ള ഫീസ് നല്‍കിയതും വൈലോപ്പിള്ളി തന്നെ. രാവവര്‍മ്മപുരം ഗവണ്മെന്റ് ഹൈസ്‌കൂളിലെ അദ്ധ്യാപകനായാണ് അദ്ദേഹം തന്റെ ഔദ്യോഗികജീവിതം ആരംഭിച്ചത്.ഞാവല്‍പ്പഴങ്ങള്‍ ‘ എന്ന ചിത്രത്തില്‍ ‘കറുകറുത്തൊരു പെണ്ണാണ് ‘ എന്നു തുടങ്ങുന്ന ഗാനം എഴുതിക്കൊണ്ടാണ് മുല്ലനേഴി ഗാനരചനാരംഗത്തു വന്നത്. പിന്നീട് ലക്ഷ്മീവിജയം, ചോര ചുവന്ന ചോര, വെള്ളം, സ്വര്‍ണ്ണപക്ഷികള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ഗാനങ്ങള്‍ എഴുതി. ‘കൈയും തലയും പുറത്തിടരുത്’ എന്ന ചിത്രത്തിലെ ‘ആകാശനീലിമ…’ എന്ന ഗാനം 1981 ലെ സംസ്ഥാന അവാര്‍ഡ് നേടി. ഇടതരും വലതരും മാറിമാറി ഭരണമേല്‍ക്കുന്ന കേരളത്തിലെ രാഷ്ട്രീയപ്രതിഭാസമാണ് പിന്നീട് നാറാണത്തു ഭ്രാന്തന്റെ ഇടതുകാലില്‍ നിന്ന് വലതിലേക്കുള്ള മന്തുമാറ്റത്തിന്റെ കവിതയായത് അടിയന്തരാവസ്ഥയോടുള്ള മുല്ലനേഴിയുടെ പ്രതികരണങ്ങള്‍ കവിതയുടെ രൂപത്തിലായിരുന്നു. അതിലൊന്നായ ‘ഏതുവഴി?’ എന്ന കവിതയില്‍ ഇങ്ങിനെ പാടുന്നു-
നാവു മുറിച്ചു കണ്ണും കാതുമൊക്കെയും
മൂടിയടച്ചുകെട്ടുന്നതില്‍ ഭേദമി-
ന്നാരാദ്ധ്യമാം മൃതിപ്പാതയില്‍ വീരരായ്
വീഴ്ക താനല്ലയോ
വീഴ്ച സത്യത്തിലുയരത്തിലേയ്ക്കുമെന്നല്ലയോ
1973ല്‍ പ്രസിദ്ധീകരിച്ച നാറാണത്തുപ്രാന്തന്‍’ ആണ് മുല്ലന്റെ അക്കാലത്തെ മാസ്റ്റര്‍പീസ് രചന. പ്രസിദ്ധീകരിക്കപ്പെടുംമുമ്പേ കവിയരങ്ങുകളിലൂടെ പ്രസിദ്ധമായിത്തീര്‍ന്ന കവിതയാണത്. നാറാണത്തുപ്രാന്തന്‍ എന്ന മിത്തിലൂടെ എക്കാലത്തെയും മനുഷ്യദുഃഖത്തിന്റെ പൊരുള്‍തേടുന്ന കവിതയാണ് അത്. 75-77 കാലം ഇന്ത്യന്‍ ചരിത്രത്തിലെ ഇരുണ്ടകാലം. അടിയന്തരാവസ്ഥയുടെ ആ ഇരുണ്ടനാളുകളോട് ധീരമായി പ്രതികരിച്ച കവിയാണ് മുല്ലനേഴി. ‘ഏതുവഴി’ എന്ന ഈ കവിതയിലൂടെ ‘നാവുമുറിച്ച’ ആ കാലഘട്ടത്തില്‍ നിലപാടുകളുടെ ശരിയായ വഴി തെരഞ്ഞെടുക്കാന്‍ കവി സുഹൃത്തിനോട് പറയുന്നു. ‘ഏറെപ്പഴകിയുറക്കുത്തി, ജീര്‍ണിച്ച പാഴ്മരമാകുവാനല്ല, മനുഷ്യര്‍ക്കു പാരിലെ ജീവിതം, കാതലിന്‍ കാതലായ് കാട്ടുതീജ്വാലയില്‍ കത്തിപ്പടരുന്ന കൊള്ളിയായ് ച്ചാമ്പലായ് പിന്നെ വളമായി മാറുവാനല്ലയോ?’ എന്ന മനുഷ്യമഹത്വത്തിന്റെ തെളിമയാര്‍ന്ന കാഴ്ചയാണ് കവിതയില്‍ . ‘ഇനി ചില നല്ലകാര്യങ്ങള്‍ പറയുവാനല്ല പ്രവര്‍ത്തിക്കുവാനുണ്ട്’ എന്ന വരികളിലാണ് കവിത അവസാനിക്കുന്നത്.
നല്ല ഭാഷയില്‍ നല്ല കാവ്യങ്ങള്‍ മാത്രം പറയുന്ന കവിതയുടെ കാലം കഴിഞ്ഞുവെന്നും ക്ഷോഭത്തിന്റെ വാക്യങ്ങളില്‍ അപ്രിയസത്യങ്ങള്‍ വിളിച്ചുപറയുന്ന രാഷ്ട്രീയ പ്രവര്‍ത്തനമായി കവിത മാറേണ്ടതിന്റെ ചരിത്രപരമായ ദൗത്യത്തിലേയ്ക്ക് ഈ കവിത വിരല്‍ചൂണ്ടുന്നു. ‘സമയം’ എന്ന കവിതയും അടിയന്തരാവസ്ഥയോട് പ്രതികരിക്കുന്ന മുല്ലനേഴിക്കവിതയാണ്. ‘ഇരയെങ്ങാണെന്നറിയാം, ഇതുരാവാണെന്നറിയാം ഇരുട്ടിന്റെ മുഖമേറെക്കറുക്കുന്നുണ്ടെന്നറിയാം’ എന്നിങ്ങനെ വന്യമായ താളത്തില്‍ കാലത്തിന്റെ രൗദ്രനടനമായി ഈ കവിത മാറുന്നു.കാവ്യഭാഷയെ സങ്കീര്‍ണമാക്കുന്ന കവിയല്ല മുല്ലനേഴി. ഭാഷ, രൂപം, ശില്‍പ്പം- എന്നീ ഘടകങ്ങളില്‍ സമൂഹത്തിന്റെ നേര്‍ക്കാഴ്ചകളെ നിര്‍വ്യാജമായി ആ കവിതകള്‍ അവതരിപ്പിച്ചു. താന്‍ പഠിപ്പിച്ചിരുന്ന സ്‌കൂള്‍ അന്തരീക്ഷവും അധ്യാപക ലോകവും മുല്ലനേഴിക്കവിതകളില്‍ ആവര്‍ത്തിച്ചുവരുന്ന പ്രമേയങ്ങള്‍ . എന്നും ഒന്നാംക്ലാസില്‍ പഠിക്കുന്ന കുട്ടി, ഒരധ്യാപകന്റെ ഡയറിയില്‍നിന്ന്, മറ്റൊരുവിദ്യാലയം- എന്നീ കവിതകളിലെല്ലാം മുല്ലനേഴിയുടെ വിദ്യാഭ്യാസ ദര്‍ശനമുണ്ട്. മനുഷ്യത്വത്തിന്റെ മഹാവിദ്യാലയത്തിലാണ് പുതിയ കുട്ടികള്‍ പഠിച്ചുവളരേണ്ടതെന്ന തിരിച്ചറിവുകളുണ്ട്. ‘എന്നും ഒന്നാംക്ലാസില്‍ പഠിക്കുന്ന കുട്ടി’ എന്ന കവിത മുല്ലന്റെ അക്കാലത്തെ ഏറ്റവും ജനപ്രിയ കവിതയായിത്തീര്‍ന്നു. ‘ആദ്യത്തെപ്പിള്ള പിറന്നു ആറപ്പേ വിളികളുയര്‍ന്നു’എന്നു തുടങ്ങുന്ന ആ കവിത ഗ്രാമീണ ബിംബങ്ങള്‍കൊണ്ടും താളക്കൊഴുപ്പുകൊണ്ടും ഇന്നും ആസ്വാദകരുടെ ഓര്‍മയിലുണ്ട് താളവും ഈണവും പകര്‍ന്നുകൊണ്ട്. കുടിച്ചുതീര്‍ത്ത ജീവിതദുഃഖത്തിന്റെ തിക്തവിഷം കടഞ്ഞുകടഞ്ഞ് സമൂഹത്തിന് അമൃതം പകരുന്ന പ്രക്രിയയായിരുന്നു മുല്ലനേഴിക്കവിത. മലയാളിയുടെ സാംസ്‌കാരിക ജീവിതത്തില്‍ വെളിച്ചം പകര്‍ന്ന കവിത. വെളിച്ചത്തിനുവേണ്ടിയുള്ള വിങ്ങലും വിതുമ്പലും പ്രാര്‍ഥനയും- അക്ഷരങ്ങളുടെ വേദനയില്‍ വിരിഞ്ഞ വെളിച്ചമാണ് മുല്ലനേഴിക്കവിത.വാണി ജയറാം പാടി അനശ്വരമാക്കിയ നായക പാലക , ഗാനഗന്ധര്‍വന്‍ പാടിയ സുലളിത പദവിന്യാസം (ചോര ചുവന്ന ചോര; ദേവരാജന്‍), മനസ്സൊരു മാന്ത്രിക കുതിരയായി പായുന്നു (മേള; എംബി ശ്രീനിവാസന്‍), ഈ നീലയാമിനി (ഞാന്‍ ഒന്നു പറയട്ടെ; കെ രാഘവന്‍), ദേവാംഗനേ നീയീ ഭൂമിയില്‍, സ്മൃതികള്‍ നിഴലുകള്‍, കൊല്ലം കണ്ടാല്‍ ഇല്ലം വേണ്ട (സ്വര്‍ണ്ണ പക്ഷികള്‍; രവീന്ദ്രന്‍), അമ്പിളി കൊമ്പത്തെ പൊന്നൂഞ്ഞാലില്‍, അമ്മേ പ്രകൃതി, (കാട്ടിലെ പാട്ട്; കെ രാഘവന്‍ ), സ്വപ്നം കൊണ്ട് തുലാഭാരം (വീണപൂവ്; വിദ്യാധരന്‍), സൗരയൂഥപഥത്തിലെങ്ങോ, കോടനാടന്‍ മലയിലെ (വെള്ളം; ദേവരാജന്‍), പ്രകാശവര്‍ഷങ്ങള്‍ക്കകലെ (അയനം; എംബി ശ്രീനിവാസന്‍), ആകാശനീലിമ, ആതിര തിരുമുറ്റത്ത് (കയ്യും തലയും പുറത്തിടരുത്; രവീന്ദ്രന്‍), യമുനാ തീരവിഹാരി (കിങ്ങിണി കൊമ്പ്; രവീന്ദ്രന്‍), പവിഴമല്ലി പൂത്തുലഞ്ഞ, കണ്ണിനു പൊന്‍കണി (സന്മനസ്സുള്ളവര്‍ക്ക് സമാധാനം; ജെറി അമല്‍ദേവ്), വസന്തം വര്‍ണ്ണ ( നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക; ജോണ്‍സണ്‍) ഈ പുഴയും സന്ധ്യകളും (ഇന്ത്യന്‍ റുപ്പീ; ഷഹബാസ് അമന്‍) എന്നിവ പ്രശസ്തങ്ങളായ മുല്ലനേഴിയുടെ തൂലികയില്‍ പിറന്ന ഗാനങ്ങള്‍.ഒരിക്കല്‍ ലാല്‍ജോസ് മുല്ലനേഴിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അനുഭവം പങ്കുവെയ്ക്കുകയുണ്ടായി.എറണാകുളത്തു നിന്ന് തൃശ്ശൂര്‍ക്കുള്ള ട്രയിന്‍ യാത്ര; ലോക്കല്‍ കമ്പാര്‍ട്ട്മെണ്റ്റില്‍. ലാല്‍ ജോസ് അസോസിയേറ്റ് ഡയറക്ട്ടറായി ജോലി ചെയ്യുന്ന കാലം – ഇരിക്കാന്‍ സീറ്റുകിട്ടാതെ ബാത്ത്‌റൂമിണ്റ്റെ ദുര്‍ഗന്ധവും ശ്വസിച്ച് 2 ബാത്ത്‌റൂമുകള്‍ക്കിടയില്‍ ഞെരുങ്ങി നില്‍ക്കുന്നു. പെട്ടെന്ന് ലാലിന്റെ പുറത്താരോ അടിച്ചു – നരച്ച താടിയും, മുഷിഞ്ഞ ജുബ്ബയും, കഷണ്ടിയുമായി മുല്ലനേഴി. ”കമലിണ്റ്റെ അസിസ്റ്റണ്റ്റ് അല്ലേ? ‘ ഈ പുഴയും കടന്നി’ണ്റ്റെ സെറ്റില്‍ നമ്മള്‍ കണ്ടിട്ടുണ്ട്. തൃശ്ശൂര്‍ക്കാണോ?” – ‘അല്ല, ഷൊര്‍ണ്ണൂര്‍ക്ക്. അവിടുന്ന് ഒറ്റപ്പലം” പിന്നെ തൃശ്ശൂരെത്തുന്നതുവരെ – ദീര്‍ഘനാളായി പരിചയമുള്ളയാളോടെന്ന പോലെ വര്‍ത്തമാനം – സാഹിത്യം, സിനിമ, രാഷ്ട്രീയം എല്ലാം ആ ചര്‍ച്ചയിലുണ്ട്.
പത്തുപന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം നീലത്താമരയുടെ കാസ്റ്റിംഗ് കാലം; വലുതും ചെറുതുമായ കഥാപാത്രങ്ങള്‍ക്ക് നടീനടന്‍മാരെ തിരഞ്ഞെടുക്കാന്‍ എം.ടി. സാറുമായി ചര്‍ച്ച .പ്രധാന കാസ്റ്റിംഗ് കഴിഞ്ഞിരുന്നു . ആല്‍ത്തറയിലെ ആശാനെന്ന കഥാപാത്രം മാത്രം ഫൈനലൈസ് ചെയ്തിരുന്നില്ല . നരച്ച താടിയുള്ള ഒരു മുഖമായിരുന്നു മനസ്സില്‍ .അറിയുന്ന താടിക്കാരായ പല നടന്‍മാരുടേയും പേരുകള്‍ ഞാന്‍ സജ്ജസ്റ്റ് ചെയ്തു. പതിവുപോലെ എല്ലാം നിശബ്ദനായി കേട്ടിരുന്നു. പിന്നെ മീശയിലൊന്നു പിടിച്ചു . സംസാരത്തിണ്റ്റെ ആദ്യലക്ഷണം,പതിയെ പറഞ്ഞു ”മുല്ലനേഴി”. ലാലും അത്ഭുതത്തോടെ പെട്ടെന്നോര്‍ത്തു. പിന്നെ ലാല്‍ ചിന്തിച്ചു.ഞാനെന്തേ ആ പേരോര്‍ത്തില്ല – ആ കഥാപാത്രത്തിനേക്കാള്‍ നല്ലൊരു കാസ്റ്റിംഗ് ഇല്ല – അങ്ങനെ മുല്ലനേഴി നീലത്താമരയിലെ ആല്‍ത്തറയിലെ ആശാനായി. പിന്നീട് സിനിമ റിലീസ് ചെയ്തപ്പോഴും അതിനു ശേഷവും അദ്ദേഹത്തിണ്റ്റെ കോളുകള്‍ ലാലിനെ തേടിയെത്തി . ലാല്‍ ജോസിന്റെ പുതിയ വിശേഷങ്ങളാരാഞ്ഞും, അദ്ദേഹത്തിന്റെ വിശേഷങ്ങളറിയിച്ചു കൊണ്ടും – അവസാനത്തെ കോള്‍ വരുമ്പോള്‍ ലാല്‍ ജോസ് തന്റെ വര്‍ഷാവസാന കണക്കുനോട്ടത്തിന്റെ തിരക്കിലായിരുന്നു. ലാലിന് സംസാരിക്കാനപ്പോള്‍ സമയമില്ലായിരുന്നു. ”തിരിച്ചു വിളിക്കാം മാഷേ” എന്നു പറഞ്ഞ് എന്തിനാണ് വിളിച്ചതെന്നന്വേഷിക്കാതെ അദ്ദേഹം ഫോണ്‍ വച്ചു.അന്നു വൈകീട്ട് അവിചാരിതമായി ചെന്നൈക്കു പോകേണ്ടി വന്നു ലാല്‍ ജോസിന് – നാലഞ്ചു ദിവസത്തിനു ശേഷം നെടുമ്പാശ്ശേരിയിലെത്തി ലഗേജിന് വെയ്റ്റ് ചെയ്യുമ്പോള്‍ റിപ്പോര്‍ട്ടര്‍ ടി.വി യില്‍ നിന്നൊരു ഫോണ്‍. ”മുല്ലനേഴി മാഷെ അനുസ്മരിക്കുമോ? ”അനുസ്മരിക്യേ എന്തിന്? എന്താ പരിപാടി?” ലാല്‍ ചോദിച്ചു. ഉള്ളിലുയര്‍ന്നു വന്ന ഒരു അപകടസൂചന അമര്‍ത്തി വച്ചുകൊണ്ട് വീണ്ടും ചോദിച്ചു ”അനുസ്മരണമോ? എന്തിന്?” – കേള്‍ക്കരുതെന്നാഗ്രഹിച്ച ഉത്തരം വന്നു,” ഇന്നു പുലര്‍ച്ച – മുല്ലനേഴി അന്തരിച്ചു. ‘ വിശേഷങ്ങളന്വേഷിക്കുന്ന ആ ഫോണ്‍ വിളി ഇനിയുണ്ടാവില്ല; അവസാനം വിളിച്ചതെന്തിനായിരുന്നു എന്ന് ഇനി ഒരിക്കലും അറിയില്ല.വേദനയോടെ ലാല്‍ ജോസ് പറയുന്നു.മുപ്പത്തിയഞ്ചു വര്‍ഷം നീണ്ട ചലച്ചിത്ര സംഗീത ജീവിതം.ആ തൂലിക ചലിയ്ക്കാതെയായിട്ട് ഇന്ന് ഒന്‍പതു വര്‍ഷം.അദ്ദേഹം നമുക്ക് സമ്മാനിച്ച മനോഹരമായ ചലച്ചിത്ര ഗാനങ്ങളിലൂടെ മാഷിനെ നമുക്ക് ഓര്‍ക്കാം.