KERALA

ഓലപ്പാമ്പ് കാട്ടി മുഖ്യമന്ത്രി പേടിപ്പിക്കേണ്ട: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഓലപ്പാമ്പ് കാട്ടി മുഖ്യമന്ത്രി പേടിപ്പിക്കേണ്ടെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.തനിക്കെതിരായ ബിജു രമേശിന്റെ കോഴ ആരോപണം ഏജന്‍സികള്‍ അന്വേഷിച്ച് തള്ളിയതാണെന്നും റിപ്പോര്‍ട്ട് കോടതിക്ക് മുന്നിലുള്ളതാണെന്നും ചെന്നിത്തല പറയുന്നു. മാണിക്കെതിരായ ബാര്‍കോഴ ഒതുക്കാന്‍ ജോസ് കെ മാണി പത്ത് കോടി വാഗ്ദാനം ചെയ്തുവെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലില്‍ എന്ത് കൊണ്ട് അന്വേഷണമില്ലെന്നും കോണ്‍ഗ്രസ് ചോദിക്കുന്നു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ് മുന്നോട്ട് പോയാല്‍ കോടതിയെ സമീപിക്കുന്നതടക്കമുള്ള മറുപണി കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്.ചെന്നിത്തലയുടെ വാക്കുകള്‍ -സ്വര്‍ണ്ണക്കള്ളക്കടത്ത് കേസും മയക്കുമരുന്ന് കേസും അട്ടിമറിക്കാനുള്ള ശ്രമം നടക്കുകയാണ്. സംഘടിതമായ നീക്കമാണ് ഇതിനായി സിപിഎമ്മും സര്‍ക്കാരും നടത്തുന്നത്. നിയമാനുസൃതമായ അന്വേഷണത്തെ അട്ടിമറിക്കുകയാണ്. ഇതിന് നിയമസഭയെയും ഉപയോഗിക്കുന്നു.അന്വേഷണത്തെ അട്ടിമറിക്കാന്‍ നടന്ന ഗൂഢനീക്കങ്ങള്‍ക്ക് നിരവധി ഉദാഹരങ്ങളുണ്ട്. സ്വപ്നയെ ബെംഗളൂരുവിലേക്ക് കടക്കാന്‍ അനുവദിച്ചത് ആദ്യത്തെ നീക്കം. സിബിഐ അന്വേഷണം ആരംഭിച്ചപ്പോള്‍ അതിനെ തടയാന്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത് അടുത്തത്. പ്രോട്ടോക്കോള്‍ ഓഫീസിലെ തീപിടുത്തം അടുത്ത നിഗൂഢ നീക്കമാണ്. ലൈഫ് പദ്ധതിയിലെ സിബിഐ അന്വേഷണം തടയാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പോയത് മറ്റൊരു ഉദാഹരണം.നിയമസഭയുടെ എത്തിക്‌സ് ആന്‍ഡ് പ്രിവിലേജ് കമ്മിറ്റിയെ ദുരുപയോഗപ്പെടുത്തി കൊണ്ടായിരുന്നു മറ്റൊരു നീക്കം. ഇതിനിടെ സ്വപ്നയുടെ ശബ്ദസന്ദേശം പുറത്ത് വിട്ടു. ബിനീഷിന്റെ വീട്ടിലെ റെയ്ഡ് ബാലാവകാശ കമ്മീഷനെ കൊണ്ട് തടയാനും ശ്രമിച്ചു. അഴിമതി അന്വേഷണത്തില്‍ പെടുമെന്ന് കണ്ടപ്പോഴാണ് പിണറായി അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ഉറഞ്ഞ് തുള്ളുന്നത്. ഏജന്‍സികളുടെ വിശ്വാസം തകര്‍ക്കാനാണ്‌സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പുറത്ത് വിട്ടത്.ഇതിനെല്ലാം പിന്നില്‍ സിപിഎം ആണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഗൂഡസംഘമാണ് എല്ലാത്തിനും നേതൃത്വം വഹിക്കുന്നത്. പേഴ്‌സണല്‍ സ്റ്റാഫിലെ പ്രമുഖനായ സിഎം രവീന്ദ്രനെ വിളിച്ചപ്പോഴാണ് പിണറായിയുടെ സ്വരം മാറിയത്. കേസ് ഒഴിവാക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമത്തിന്റെ ഭാഗമായി വിജിലന്‍സിനെയും പൊലീസിനേയും നിയമസഭയെയും ദുരുപയോഗപ്പെടുത്തുന്നു. ഇതെല്ലാം അന്വേഷിക്കേണ്ടതായിട്ടുണ്ട്.പിണറായി മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ക്ക് മഹാരാഷ്ട്രയില്‍ ബിനാമി പേരില്‍ ഇരുന്നൂറ് ഏക്കര്‍ ഭൂമിയുള്ളതായി വാര്‍ത്ത പുറത്തു വന്നിട്ടുണ്ട്. ആരൊക്കെയാണ് ഈ മന്ത്രിമാരെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഇതിനെപ്പറ്റി അന്വേഷിക്കണം. സിഎജിയുടെ കരട് റിപ്പോര്‍ട്ടില്‍ ഇല്ലാത്ത കാര്യങ്ങള്‍ അന്തിമ റിപ്പോര്‍ട്ടില്‍ പറയാറുണ്ട്. ഇങ്ങനെ കൂട്ടിച്ചേര്‍ത്തത് ഉന്നയിച്ച് പ്രക്ഷോഭം നടത്തിയവര്‍ ഇപ്പോള്‍ ആക്ഷേപം ഉന്നയിക്കുകയാണെന്നും കിഫ്ബി ഓഡിറ്റ് വിവാദത്തില്‍ ചെന്നിത്തല പറഞ്ഞു.ബാര്‍കോഴ കേസില്‍ തനിക്കെതിരെ അന്വേഷണം നടത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ സ്വഗതം ചെയ്യുന്നു. ഏത് അന്വേഷണവും താന്‍ നേരിടും. ഇതുമായി ബന്ധപ്പെട്ട് ആറ് വര്‍ഷം മുന്‍പ് ആരോപണം ഉയര്‍ന്നപ്പോള്‍ അന്ന് അക്കാര്യം താന്‍ നിഷേധിച്ചതാണ്. ഞങ്ങളുടേത് കോഴ വാങ്ങുന്ന പാര്‍ട്ടിയല്ല. ഈ ആരോപണത്തിലൊക്കെ നേരത്തെ മൂന്ന് തവണ അന്വേഷണം നടത്തിയതും തള്ളിപ്പോയതുമാണ്.പഴയ വെളിപ്പെടുത്തലില്‍ ഇപ്പോള്‍ വീണ്ടും വരുന്ന അന്വേഷണം രാഷ്ട്രീയ പ്രേരിതമാണ്. അന്വേഷണത്തെ താന്‍ സ്വാഗതം ചെയ്യുന്നു. കോടതിയിലിരിക്കുന്ന കേസില്‍ വീണ്ടും അന്വേഷണം നടത്താന്‍ കഴിയുന്നതെങ്ങനെയെന്ന് വ്യക്തമാവേണ്ടതുണ്ട്. സര്‍ക്കാര്‍ നീക്കത്തിനെതിരെ അപകീര്‍ത്തി കേസിനെ കുറിച്ചും ആലോചിക്കുന്നുണ്ട്. അഴിമതിക്കാരനായ മുഖ്യമന്ത്രി പ്രതിപക്ഷനേതാവും അഴിമതിക്കാരനെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close