ഓസ്ട്രേലിയയിലേക്ക് വിദേശത്ത് നിന്നും പ്രതിവാരം മടങ്ങി വരാന്‍ അനുവദിക്കുന്നവരുടെ പരിധി തുടരുമെന്ന് പ്രധാനമന്ത്രി

മെല്‍ബണ്‍: കോവിഡ് ഭീഷണി ഇനിയും വിട്ട് മാറിയിട്ടില്ലാത്തതിനാല്‍ വിദേശങ്ങളില്‍ നിന്നും ഓസ്ട്രേലിയയിലേക്ക് മടങ്ങിയെത്തുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന പരിധി തുടരുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി സ്കോട്ട് മോറിസന് രംഗത്തെത്തി. നിലവിലെ പരിധി പ്രകാരം പ്രതിവാരം 4000ത്തില്‍ അധികം പേര്‍ക്ക് മാത്രമാണ് ഓസ്ട്രേലിയയിലേക്ക് വരാന്‍ അനുവാദമുള്ളത്. ഈ പരിധിയില്‍ മാറ്റം വരുത്തേണ്ടെന്ന് നാഷണല്‍ കാബിനറ്റ് തീരുമാനിച്ചുവെന്നാണ് മോറിസന് വെളിപ്പെടുത്തുന്നത്. ഈ പരിധി റദ്ദാക്കുന്നത് നിലവിലെ സാഹചര്യത്തില്‍ അപകടമുണ്ടാക്കുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്.നാഷണല്‍ കാബിനറ്റ് ജൂലൈ ആദ്യമെടുത്ത തീരുമാനമനുസരിച്ച് കൃത്യമായി പറഞ്ഞാല്‍ 4175 പേര്‍ക്കാണ് വിദേശത്ത് നിന്നും ഓസ്ട്രേലിയയിലേക്ക് മടങ്ങി വരാന്‍ അനുവാദമുള്ളത്. ഇത് പ്രകാരം ഓരോ സ്റ്റേറ്റും ടെറിട്ടെറിയും ഇത് സംബന്ധിച്ച പരിധി നിശ്ചയിച്ചിട്ടുണ്ട്. പെര്‍ത്തിലേക്ക് പ്രതിവാരം വിദേശത്ത് നിന്നും പരമാവധി 525 പേര്‍ക്കാണ് മടങ്ങാന്‍ സാധിക്കുന്നത്.
ബ്രിസ്ബാനിലേക്ക് 500 പേര്‍ക്കും സിഡ്നിയിലേക്ക് 450 പേര്‍ക്കുമാണ് ആഴ്ച തോറും ഇത്തരത്തില്‍ മടങ്ങി വരാന്‍ അനുവാദം നല്‍കിയിരിക്കുന്നത്. വിക്ടോറിയയില്‍ രണ്ടാം കോവിഡ് തരംഗം ആരംഭിച്ച് മെല്‍ബണിലേക്ക് വിമാനങ്ങള്‍ വരുന്നത് നിരോധിക്കുന്നതിന് മുമ്പ് പ്രതിവാരം 6500 പേര്‍ക്ക് വിദേശത്ത് നിന്നും ഓസ്ട്രേലിയയിലേക്ക് മടങ്ങി വരാന്‍ അനുവദിച്ചിരുന്നു. ജൂലൈ ഒന്ന് മുതല്‍ ഏഴ് വരെയുള്ള ഒരാഴ്ച കാലം രാജ്യത്തേക്ക് 8450ല്‍ അധികം പേര് വിദേശത്ത് നിന്നും മടങ്ങിയെത്തിയിരുന്നുവെന്നാണ് ബോര്‍ഡര്‍ ഫോഴ്സ് വെളിപ്പെടുത്തിയിരുന്നു. വിക്ടോറിയയില്‍ കോവിഡ് മരണങ്ങളും കേസുകളും കുതിച്ചുയരാന്‍ തുടങ്ങിയതിനെ തുടര്‍ന്നായിരുന്നു ഇതില്‍ വെട്ടിക്കുറയ്ക്കല്‍ വരുത്തിയത്. ഇപ്പോഴും സാഹചര്യത്തിന് കാര്യമായ വ്യത്യാസം വരാത്തതിനാലാണ് വിദേശത്ത് നിന്നുമെത്തുന്നവര്‍ക്കുള്ള പരിധി തുടരാന്‍ കാബിനറ്റ് തീരുമാനിച്ചതെന്നും പ്രധാനമന്ത്രി വിശദീകരിക്കുന്നു.