ഓസ്ട്രേലിയയില്‍ കോവിഡിന് ശേഷം ജനന നിരക്ക് കുത്തനെ താഴുമെന്ന പ്രവചനവുമായി വിദഗ്ധര്‍

മെല്‍ബണ്‍: കോവിഡ് 19 ലോക്ക്ഡൗണ്‍ കാരണം ലോകമെമ്പാടുമുള്ള മിക്കവരും വീടുകളില്‍ കൂടുതല്‍ സമയമിരിക്കാനും കാര്യമായി മറ്റൊന്നും ചെയ്യാനില്ലാത്തതും കാരണം ലോകമെമ്പാടും ജനനനിരക്ക് ഏറുമെന്ന പ്രവചനങ്ങള്‍ വ്യാപകമാണ്. കോവിഡ് കാരണം ഓസ്ട്രേലിയയിലും ഇത്തരത്തില്‍ വരും മാസങ്ങളില്‍ കൂടുതല്‍ കുട്ടികള്‍ ജനിക്കുമെന്ന പ്രവചനം അടുത്തിടെ ശക്തമായിരുന്നു. എന്നാല്‍ രാജ്യത്ത് ഇത് സംഭവിക്കാന്‍ പോകുന്നില്ലെന്നും മറിച്ച് ജനന നിരക്ക് താഴാനാണ് കൂടുതല്‍ സാധ്യതയെന്നും വെളിപ്പെടുത്തി എക്കണോമിസ്റ്റുകളും ഡെമോഗ്രാഫര്മാരും ഒബ്സ്റ്റെട്രിഷിയന്സും രംഗത്തെത്തി. കോവിഡ് കാരണമുണ്ടായിരിക്കുന്ന കടുത്ത ആരോഗ്യ-സാമ്പത്തിക പ്രതിസന്ധികള്‍ കാരണം രാജ്യത്ത് ജനനനിരക്ക് വരും നാളുകളില്‍ ഇടിയാനാണ് സാധ്യതയേറെയെന്നാണ് അവര്‍ പ്രവചിക്കുന്നത്.കോവിഡ് പ്രതിസന്ധികള്‍ കാരണം ഇവിടെ ജനനനിരക്ക് കുറയുമെന്ന് മുന്നറിയിപ്പേകി രംഗത്തെത്തിയവരില്‍ പ്രമുഖനാണ് ഓസ്ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ ഡെമോഗ്രാഫറായ ഡോ. ലിസ് അല്ലെന്. ഇതു പോലുള്ള മറ്റ് ദുരന്തങ്ങളുണ്ടായ വേളയില്‍ സംഭവിച്ചത് പോലെ കോവിഡിനെ തുടര്‍ന്നും രാജ്യത്തെ ജനന നിരക്ക് വന്‍തോതില്‍ താഴാനാണ് സാധ്യതയെന്നണ് അവര്‍ പ്രവചിച്ചിരിക്കുന്നത്.
കോവിഡ് കാരണം തൊഴിലും വരുമാനവും ഇല്ലാതായതിനാല്‍ കുടുംബത്തിലേക്ക് പുതിയൊരു അംഗത്തെ കൂടി ജനിപ്പിക്കുന്നതിന് ഭൂരിഭാഗം പേരും ധൈര്യപ്പെടില്ലെന്നും ഡോ.അല്ലെന് സമര്‍ത്ഥിക്കുന്നു. നിലവില്‍ കോവിഡ് കാരണം ടോയ്ലറ്റ് പേപ്പര്‍ അല്ലെങ്കില്‍ ഭക്ഷണം പോലുള്ള അത്യാവശ്യ സാധനങ്ങള്‍ക്ക് പോലും ക്ഷാമം നേരിടുന്നതിനാല്‍ ആരും കുഞ്ഞുണ്ടാകാന്‍ ആഗ്രഹിക്കില്ലെന്നും അവര്‍ പറയുന്നു. സാമൂഹികവും ആരോഗ്യപരവും സാമ്പത്തിക പരവുമായി കടുത്ത അനിശ്ചിത്ത്വം നേരിടുന്ന ഈ വേളയില്‍ കുട്ടികള്‍ തീരെ ഇല്ലാത്തവര്‍ പോലും കുട്ടിയുണ്ടാകാന്‍ ആഗ്രഹിക്കില്ലെന്ന് വാദിക്കുന്ന വിദഗ്ധരേറെയാണ്. ഇതിന് മുമ്പുണ്ടായ ഇത്തരം ആരോഗ്യ-സാമ്പത്തിക പ്രതിസന്ധികള്‍ക്ക് ശേഷമെല്ലാം ലോകമെമ്പാടും ജനന നിരക്ക് കുറഞ്ഞ പ്രവണത ഈ വേളയില്‍ എക്സ്പര്‍ട്ടുകള്‍ എടുത്ത് കാട്ടുന്നു. ആഗോള സാമ്പത്തിക മാന്ദ്യം, ആഗോള സാമ്പത്തിക പ്രതിസന്ധി, 1918ലെ ഫ്ലൂ എന്ന മഹാമാരി അഥവാ സ്പാനിഷ്ഫ്ലൂ , ലോകമഹായുദ്ധങ്ങള്‍ തുടങ്ങിയ പ്രതിസന്ധികളുണ്ടായതിന് ശേഷം ലോകമെമ്പാടും കുട്ടികള്‍ ജനിക്കുന്ന നിരക്ക് കുത്തനെ ഇടിഞ്ഞിരുന്നുവെന്നും കോറോണക്ക് ശേഷവും ഇത് തന്നെയാണ് സംഭവിക്കാന്‍ പോകുന്നതെന്നും വിദഗ്ധര്‍ പ്രവചിക്കുന്നു.