ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് തിരിച്ചറിയാം

ഒരു രോഗം എന്നതിനേക്കാളുപരി പ്രായാധിക്യം മൂലമുണ്ടാകുന്ന സന്ധിയിലെ തേയ്മാനത്തെയാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് സൂചിപ്പിക്കുന്നത്.
മനുഷ്യശരീരത്തിലെ പ്രധാനപ്പെട്ട സന്ധികളിലെല്ലാമുണ്ടാകുന്ന തരുണാസ്ഥി(കാര്‍ട്ടിലേജ്)എന്ന ആവരണത്തിന്റെ കട്ടി കുറയുന്നതിനെയാണ് തേയ്മാനം എന്ന് സാധാരണയായി പറയുക. ശരീരഭാരം ഏറ്റവും കൂടുതലായി അനുഭവപ്പെടുന്ന കാല്‍മുട്ട്, ഇടുപ്പിലെ സന്ധി എന്നിവിടങ്ങളിലാണ് പ്രധാനമായും തേയ്മാനം കാണപ്പെടുന്നത്. കൂടാതെ നട്ടെല്ലിലെയും കൈകളിലെയും കാലിലെ തള്ളവിരലിലെയും സന്ധികളെ രോഗം ബാധിക്കുന്നു. പ്രായാധിക്യം പ്രധാന കാരണമാണെങ്കിലും ജീവിതശൈലിയിലെ മാറ്റമാണ് യുവാക്കളില്‍ ഓസ്റ്റിയോ ആര്‍ത്രൈറ്റിസിന് കാരണമാകുന്നത്. പൊണ്ണത്തടി വരുമ്പോള്‍ സന്ധികളിലെ മര്‍ദം താങ്ങാനാവാതെ മുട്ടുകള്‍ക്ക് തേയ്മാനം സംഭവിക്കാറുണ്ട്.
കാല്‍മുട്ടിലും ഇടുപ്പിലും അനുഭവപ്പെടുന്ന വേദന, നീരുവെക്കല്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. പ്രധാനമായും വൈകുന്നേരങ്ങളില്‍ അനുഭവപ്പെടുന്ന സന്ധിവേദന, പടികള്‍ കയറി ഇറങ്ങുമ്പോഴുള്ള വേദന, ടോയ്ലറ്റില് ഇരിക്കുമ്പോള്‍ മുട്ടുമടക്കുമ്പോഴുണ്ടാവുന്ന വലിച്ചിലും വേദനയും എന്നിവയുമാണ് പ്രാരംഭ ലക്ഷണങ്ങള്‍. അടുത്ത ഘട്ടങ്ങളില്‍ കാല്‍മുട്ട് വളയുക, സന്ധിയുടെ വഴക്കക്കുറവ് എന്നിവ കാണപ്പെടുന്നു.
ഡോക്ടറെ കാണിച്ച് ഏതുതരം സന്ധിവേദനയാണെന്ന് കണ്ടെത്തുകയാണ് ആദ്യം സ്വീകരിക്കേണ്ട ചികിത്സാരീതി. ആമവാതം (റുമാറ്റോയിഡ് ആര്‍ത്രൈറ്റിസ്) പ്രധാനമായും മരുന്നുകളിലൂടെ ചികിത്സിക്കാവുന്ന രോഗമാണ്. എന്നാല്‍ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് പ്രധാനമായും ശരീരഭാരം കുറയ്ക്കുന്നതിലൂടെയും പേശികളുടെ വ്യായാമം, ഫിസിയോതെറാപ്പി എന്നിവയിലൂടെയും നിയന്ത്രിക്കാവുന്നതാണ്.