INDIANEWSTop News

ഓ​ഗസ്റ്റ് ആകുമ്പോഴേക്കും ഇന്ത്യയിലെ കോവിഡ് മരണസംഖ്യ പത്തുലക്ഷമാകും; ദേശീയ ദുരന്തത്തിന് ഉത്തരവാദികള്‍ മോദി സര്‍ക്കാര്‍ മാത്രം; മുന്നറിയിപ്പുമായി ലാന്‍സെറ്റ് ജേണൽ; ലേഖനത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന ഭാഗമെന്ന് നടി സ്വര ഭാസ്കർ

ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ ഞെട്ടിക്കുന്ന കണക്കുകൾ പങ്കുവെച്ച് നടി സ്വര ഭാസ്കർ. ലാന്‍സെറ്റ് എന്ന അന്താരാഷ്ട്ര ജേണലില്‍ വന്ന ലേഖനത്തിന്റെ പ്രസക്ത ഭാ​ഗങ്ങൾ‌ ട്വിറ്ററിൽ പങ്കുവെച്ചാണ് താരം കോവിഡിന്റെ ഭയാനകത സമീപ ഭാവിയിൽ എത്രത്തോളം രൂക്ഷമാകും എന്ന് ചൂണ്ടിക്കാട്ടുന്നത്. മരണ സംഖ്യ ഉയര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ആഗസ്റ്റ് മാസമാകുമ്പോഴേക്കും ഇന്ത്യയിലെ ആകെ മരണ നിരക്ക് പത്ത് ലക്ഷത്തിലേക്ക് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ലാന്‍സെറ്റ് ജേണലില്‍ വന്ന ലേഖനത്തിലും പറയുന്നത്.

ആഗസ്റ്റോടെ രാജ്യത്ത് പത്ത് ലക്ഷം പേര്‍ മരണപ്പെടുകയാണെങ്കില്‍ ആ ദേശീയ ദുരന്തത്തിന് ഉത്തരവാദികള്‍ മോദി സര്‍ക്കാര്‍ ആയിരിക്കുമെന്നാണ് സ്വര പങ്കുവെച്ച ഭാഗം. ലേഖനത്തില്‍ ഏറ്റവും ഭയപ്പെടുത്തിയ ഭാഗമാണതെന്നും സ്വര കൂട്ടിച്ചേര്‍ത്തു. ‘ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് മെട്രിക്‌സ് ആന്റ് ഇവാലുവേഷന്റെ പഠനമനുസരിച്ച് ആഗസ്റ്റ് മാസമെത്തുമ്പോഴേക്കും ഇന്ത്യയുടെ മരണ നിരക്ക് ഒരു മില്യണാകുമെന്നാണ്. അങ്ങനെ സംഭവിച്ചാല്‍ സ്വയം വരുത്തിവെച്ച ദേശീയ ദുരന്തത്തിന് മോദി സര്‍ക്കാര്‍ ഉത്തരവാദികളാവും. ലാന്‍സെറ്റ് ലേഖനത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന ഭാഗം.’- സ്വര ഭാസ്കർ തന്റെ ട്വിറ്ററിൽ കുറിച്ചു.

കോവിഡിനെ അതി ജീവിക്കുന്നവരും നേരിടേണ്ടി വരുന്നത് വലിയ ദുരിതമാണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. രോഗം ഭേദമായാലും പ്രതിരോധശേഷി നഷ്ടപ്പെട്ടു പോകുന്ന ആളുകളില്‍ മറ്റ് രോഗങ്ങള്‍ വേഗത്തില്‍ പിടിപെടുകയും അത് മരണത്തിലേയ്ക്ക് വരെ നയിക്കുകയും ചെയ്യും. മഹാരാഷ്ട്രയില്‍ കോവിഡ് അതിജീവിച്ച 8 പേര്‍ക്കാണ്‌ ബ്ലാക്ക് ഫംഗസ് (Mucormycosis) ബാധകാരണം മരണം സംഭവിച്ചതെന്ന്സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് (ഡിഎംഇആര്‍) ഡയറക്ടര്‍ ഡോ. തത്യാറാവു ലഹാനെ പറഞ്ഞു.

നിലവില്‍ 200 പേര്‍ ചികിത്സയിലാണ്. കോവിഡ് ഭേദമായാലും പ്രതിരോധശേഷി ദുര്‍ബലമായ അവസ്ഥയിലാണ് ബ്ലാക്ക് ഫംഗസ് ബാധ ഉണ്ടാകുന്നത്. സ്റ്റിറോയ്ഡ് മരുന്നുകളുടെ അമിത ഉപയോഗവും ഇതിനു വഴിയൊരുക്കുന്നു.മ്യൂകോര്‍ എന്ന ഫംഗസാണ് മ്യൂകോര്‍മൈകോസിസ് രോഗത്തിന് കാരണമെന്നും തണുത്ത പ്രതലത്തിലാണ് ഇവ കണ്ടുവരുന്നതെന്നും നിതി ആയോഗ് അംഗം വി.കെ.പോള്‍ പറഞ്ഞു. കോവിഡ് രോഗിയെ ഓക്‌സിജന്‍ സഹായത്തില്‍ കിടത്തുമ്പോള്‍ അതിലെ ഹ്യുമിഡിഫയറില്‍ അടങ്ങിയ വെള്ളം അണുബാധ ഉണ്ടാകാനുള്ള സാഹചര്യം വര്‍ധിപ്പിക്കുന്നതാണ് ഫംഗസ് ബാധയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

ഫംഗസ് വളരെ വേഗം രോഗികളെ ബാധിക്കുകയും വ്യാപിക്കുകയും ചെയ്യുന്നതായാണ് കണ്ടുവരുന്നതെന്ന് ഡോ. ലഹാനെ മുന്നറിയിപ്പ് നല്‍കി. ഇത് തലച്ചോറിനെ ബാധിച്ചാല്‍ മരണത്തിന് കാരണമാകുന്നു. ഈ അവസരത്തില്‍ രോഗിയുടെ ഒരു കണ്ണ് പൂര്‍ണമായും എടുത്തു കളഞ്ഞാല്‍ ജീവന്‍ നിലനിര്‍ത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധശേഷി കുറഞ്ഞവര്‍, പ്രമേഹ രോഗികര്‍, അവയവമാറ്റം നടത്തിയവര്‍ എന്നിവരിലാണ് രോഗം കൂടുതലായി ബാധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരണകാരിയായ ബ്ലാക്ക് ഫംഗസ് പലര്‍ക്കും അന്ധതയ്ക്കും കാരണമാകാറുണ്ടെന്നും ലഹാനെ അറിയിച്ചു. ഈ രോഗം ബാധിച്ചാല്‍ രോഗിക്ക് 21 ദിവസത്തേക്ക് ഒരു പ്രത്യേക കുത്തിവയ്പ്പ് നല്‍കേണ്ടതുണ്ട്. കണ്ണുവേദന, മുഖ വീക്കം, തലവേദന, പനി, മൂക്കടപ്പ്, കാഴ്ചക്കുറവ് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

എന്നാല്‍ ഇതിന്റെ ചെലവ് പ്രതിദിനം 9000 രൂപയാണെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ദിവസം സൂറത്തിലും കോവിഡ് ഭേദമായവരില്‍ ഇതേ രോഗം കണ്ടുവരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സൂറത്തിലെ കിരണ്‍ സൂപ്പര്‍ മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രി ചെയര്‍മാന്‍ മഥുര്‍ സവാനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മൂന്നാഴ്ച മുന്‍പാണു മ്യൂകോര്‍മൈകോസിസ് കണ്ടെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. 50 പേര്‍ക്ക് ചികിത്സ നടത്തികൊണ്ടിരിക്കുകയാണ്. ചികിത്സയ്ക്കായി 60 പേര്‍ കാത്തിരിക്കുന്നു. സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്നും ഇതേ പ്രശ്‌നവുമായി ബന്ധപ്പെട്ട് നിരവധിപ്പേര്‍ വിളിക്കുന്നുണ്ട്. ഏഴുപേരുടെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

വാക്‌സിനും ഓക്‌സിജനും സ്വന്തം രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കാന്‍ കഴിയാത്ത മോദി സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉയരാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. കൊവിഡ് രണ്ടാം വരവിനെ യാതൊരു മുന്‍കരുതലും ഇല്ലാതെയാണ് സര്‍ക്കാര്‍ നേരിട്ടത്. രാജ്യത്ത് ആവശ്യമായ വാക്‌സിന്‍ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയച്ചത് മുതല്‍ തുടങ്ങുന്നു മോദിയുടെ അബദ്ധങ്ങളുടെ എണ്ണം. റിസൈന്‍ മോദി മുതല്‍ നോ മോര്‍ മോദി വരെയുള്ള ഹാഷ് ടാഗുകള്‍ ദിവസേന ട്വിറ്ററില്‍ ട്രെന്റിങ്ങാണ്.

ഈ മാസത്തെ ഇന്ത്യ ടുഡേയുടെ കവറും അത്തരത്തില്‍ ഒരുു ചര്‍ച്ചക്ക് വഴിയൊരുക്കിയിരുന്നു. രാജ്യത്തെ സംഭവ വികാസങ്ങളെ ഒറ്റ ചിത്രത്തില്‍ പറഞ്ഞു വെക്കുന്ന ഒന്നാണ് ഈ മാഗസിന്‍ കവര്‍. വരി വരിയായി കിടക്കുന്ന ശവശരീരങ്ങളാണ് കവര്‍ ചിത്രം. നിരവധി പേര്‍ 2014ല്‍ ആദ്യമായി മോദി അധികാരമേറ്റപ്പോള്‍ പുറത്തിറങ്ങിയ ഇന്ത്യ ടുഡേയുടെ കവറും ഇന്നത്തെ കവറും തമ്മില്‍ താരതമ്യം ചെയ്ത് പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

2014ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ജേതാവ് എന്ന തലകെട്ടോടു കൂടിയാണ് ഇന്ത്യ ടുഡേ മോദിയെ അഭിസംഭോതന ചെയ്തത്. ഇനി മോദി രാജ്യത്തെ നല്ല നാളുകള്‍ തിരിച്ചു കൊണ്ടു വരുമെന്നായിരുന്നു തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന മാഗസിനില്‍ വന്ന ലേഖനം. എന്നാല്‍ നിലവില്‍ രാജ്യം എത്തി നില്‍ക്കുന്നത് ഇതുവരെ കണ്ടതിലും ഏറ്റവും മോശം സമയങ്ങളിലാണ്. ലോക മാധ്യമങ്ങള്‍ മുതല്‍ രാജ്യത്തെ പൗരന്‍മാര്‍ വരെ ഒരേ സ്വരത്തില്‍ ഇത് കേന്ദ്ര സര്‍ക്കാരിന്റെ ഭരണത്തിന്റെ വീഴ്ച്ചയാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close