KERALATrending

ഔട്ട്സ്റ്റാന്‍ഡിംഗ് യംഗ് പേഴ്സണ്‍ ഓഫ് ദി വേള്‍ഡ് 2020 ആയി ഡോ. ജജനി വര്‍ഗീസിനെ തെരഞ്ഞെടുത്തു

ലണ്ടന്‍: റോയല്‍ ഫ്രീ ഹോസ്പിറ്റലിലെയും ലണ്ടന്‍ യൂണിവേഴ്സിറ്റി കോളജിലെയും പ്ലാസ്റ്റിക് സര്‍ജനും ഓങ്കോപ്ലാസ്റ്റിക് ബ്രെസ്റ്റ് സര്‍ജറിയിലെ കണ്‍സള്‍ട്ടന്റുമായ ഡോ. ജജനി വര്‍ഗീസിനെ 2020 ഔട്ട്സ്റ്റാന്‍ഡിംഗ് യംഗ് പേഴ്സണ്‍ ഓഫ് ദി വേള്‍ഡായി തെരഞ്ഞെടുത്തു. ഇന്റര്‍നാഷണല്‍ ജൂനിയര്‍ ചേംബര്‍ ”മെഡിക്കല്‍ ഇന്നൊവേഷന്‍” വിഭാഗത്തില്‍ യുകെയില്‍ നിന്ന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട് അന്താരാഷ്ട്ര അവാര്‍ഡ് കരസ്ഥമാക്കിയ പത്ത് പേരിലെ ഏകവ്യക്തിയാണ് ഡോ. ജജനി വര്‍ഗീസ്. ബിസിനസ്, സംരംഭകത്വം, രാഷ്ട്രീയം, സര്‍ക്കാര്‍, അക്കാദമിക് അല്ലെങ്കില്‍ സാംസ്‌കാരിക നേതൃത്വം, കുട്ടികള്‍ക്കുള്ള സംഭാവന അല്ലെങ്കില്‍ ലോകസമാധാനം, മെഡിക്കല്‍ കണ്ടെത്തലുകള്‍, ശാസ്ത്രീയ മുന്നേറ്റം തുടങ്ങിയ വിവിധ മേഖലകളില്‍ അസാധാരണമായ സംഭാവനകളും നേട്ടങ്ങളും കൈവരിച്ച 110 രാജ്യങ്ങളില്‍ നിന്ന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവരില്‍ നിന്ന് 40 വയസ്സിന് താഴെയുള്ള പത്ത് ”ഇന്‍ക്രഡിബിള്‍ ലീഡേഴ്സിനെയും, ഭാവിയിലെ ഇന്നൊവേറ്റേഴ്സിനെയുമാണ്” ഇന്റര്‍നാഷണല്‍ ജൂനിയര്‍ ചേംബര്‍ ആദരിക്കുന്നത്.

ഒരു സമ്മാനപത്രവും ഫലകവും ഉള്‍ക്കൊള്ളുന്ന അവാര്‍ഡ് ജപ്പാനിലെ യോകോഹാമയില്‍ നടക്കുന്ന അന്താരാഷ്ട്ര കോണ്‍ഗ്രസില്‍ വെച്ച് സമ്മാനിക്കും. മുന്‍ വിജയികളില്‍ ജോണ്‍ എഫ്. കെന്നഡി, ഹെന്റി കിസിംഗര്‍, ജെറാള്‍ഡ് ഫോര്‍ഡ്, ഹോവാര്‍ഡ് ഹ്യൂസ്, നെല്‍സണ്‍ റോക്ക്ഫെല്ലര്‍, ആന്റണി റോബിന്‍സ്, ബെനിഗ്നോ അക്വിനോ, ജാക്കി ചാന്‍, എല്‍വിസ് പ്രെസ്ലി എന്നിവരും ഉള്‍പ്പെടുന്നു. റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് ഇന്‍ പ്ലാസ്റ്റിക് സര്‍ജറിയിലെ (എഫ്ആര്‍സിഎസ്) ഫെല്ലോയും, റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് (എംആര്‍സിഎസ്) അംഗവുമാണ് ഡോ. ജജനി വര്‍ഗീസ്. ലണ്ടന്‍ യൂണിവേഴ്സിറ്റി കോളജിലെ എംഎസ്സി പ്ലാസ്റ്റിക് സര്‍ജറിയിലെ എക്സാമിനര്‍ ബോര്‍ഡിലും അവര്‍ അംഗമാണ്.

ജനറ്റിക്സ് ഓഫ് ബ്രെസ്റ്റ് ക്യാന്‍സര്‍ എന്ന വിഷയത്തില്‍ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്നും ഫുള്‍ കേംബ്രിഡ്ജ് കോമണ്‍വെല്‍ത്ത് സ്‌കോളര്‍ഷിപ്പോടെയാണ് ഡോ. ജജനി എംഫിലും, പിഎച്ച്ഡിയും പൂര്‍ത്തിയാക്കിയത്. അതിനുശേഷം, ഉയര്‍ന്ന ബ്രെസ്റ്റ് ഡെന്‍സിറ്റിയുള്ള സ്ത്രീകളെ തിരിച്ചറിയുന്നതിനും, സ്തനാര്‍ബുദവുമായി ബന്ധപ്പെട്ട അവരുടെ ജീനുകള്‍ കണ്ടെത്തുന്നതിനുമാണ് അവര്‍ ഗവേഷണം നടത്തിയത്. ഇത് ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയും മയോ ക്ലിനിക്കുമായി സഹകരിച്ച് സ്തനാര്‍ബുദവുമായി ബന്ധപ്പെട്ട ദചഎ 365 ജീന്‍ കണ്ടെത്തുന്നതിലേക്ക് നയിച്ചു. നേച്ചര്‍ ഉള്‍പ്പെടെ നിരവധി അക്കാദമിക് ജേണലുകളില്‍ ഇത് പ്രസിദ്ധീകരിച്ചു. കാരിയറുകളില്‍ ഉയര്‍ന്ന അപകടസാധ്യത നല്‍കുന്ന ഈ ജനിതകമാറ്റം, ലോകമെമ്പാടുമുള്ള മൈക്രോഅറേകളില്‍ സ്തനാര്‍ബുദത്തെ നേരത്തേ കണ്ടെത്തുന്നതിനും, തടയുന്നതിനും, രോഗപ്രതിരോധ ചികിത്സയ്ക്കും ജനിതക സാധ്യത അധികമുള്ള സ്ത്രീകളെ തിരിച്ചറിയാന്‍ ഉപയോഗിക്കുന്നു.
രോഗനിര്‍ണയത്തിലും ചികിത്സയിലുമുള്ള പുരോഗതിക്കൊപ്പം, സ്തനാര്‍ബുദത്തിന്റെ പ്രാഥമിക രോഗനിര്‍ണയത്തിനപ്പുറം ധാരാളം സ്ത്രീകള്‍ മുന്നോട്ട് ജീവിക്കുന്നു. സ്തനാര്‍ബുദത്തെ അതിജീവിച്ച അത്തരം സ്ത്രീകളുടെ ജീവിതനിലവാരം പുനഃരുദ്ധരിക്കാന്‍ ലക്ഷ്യമിട്ടാണ് പ്ലാസ്റ്റിക് സര്‍ജനെന്ന നിലയില്‍ അവരുടെ പ്രവര്‍ത്തനം. ഓങ്കോപ്ലാസ്റ്റിക് സര്‍ജന്‍ എന്ന നിലയില്‍ ക്യാന്‍സര്‍ റീസെക്ഷന്‍, ഇംപ്ലാന്റുകളും ഓട്ടോലോഗസ് ടിഷ്യുവും ഉപയോഗിച്ച് അടിയന്തര പുനര്‍നിര്‍മ്മാണം, സ്റ്റെം സെല്ലുകള്‍ ഉപയോഗിച്ച് ഫാറ്റ് ഗ്രാഫ്റ്റിംഗും ബോഡി കോണ്ടൂറിംഗ് സര്‍ജറി എന്നിവയിലൂടെ സ്ത്രൈണ രൂപവും, ജീവിതനിലവാരവും പുനരാവിഷ്‌കരിക്കുകയും ചെയ്യുന്നു. നൂതന ഡാവിഞ്ചി റോബോട്ടുകളും, ശസ്ത്രക്രിയയില്‍ രാമന്‍ സ്പെക്ട്രോസ്‌കോപിയും ഉപയോഗിക്കുന്ന ചുരുക്കം ചില ശസ്ത്രക്രിയാ വിദഗ്ധരില്‍ ഒരാളാണ് ഡോ. ജജനി. മെഡിക്കല്‍ രംഗത്തെ നൂതന കണ്ടെത്തലുകളില്‍ സജീവമാണ് ഡോ. ജജനി വര്‍ഗ്ഗീസ്. ഈയിടെ കൊവിഡ്-19 മഹാമാരി കാലത്ത് സ്തനാര്‍ബുദ രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി വീഡിയോ ടെക്നിക്കുകള്‍ ഉപയോഗിച്ച് വെര്‍ച്വല്‍ ക്ലിനിക് സ്ഥാപിക്കുന്നതിലും അവര്‍ പ്രധാന പങ്കുവഹിച്ചു. കൂടുതല്‍ വനിതാ ശസ്ത്രക്രിയാ വിദഗ്ധര്‍ക്കായി എന്‍എച്ച്എസ് വാതില്‍ തുറക്കുമ്പോള്‍ യുസിഎല്‍ അഥീന പ്രോഗ്രാമില്‍ പ്രഭാഷണത്തിലൂടെ ഡോ. വര്‍ഗ്ഗീസ് പുതിയ വനിതാ ശസ്ത്രക്രിയാ വിദഗ്ധരെ പ്രോത്സാഹിപ്പിക്കുന്നതിനായും പരിശ്രമിക്കുന്നുണ്ട്.
ഓരോ വ്യക്തിയെയും അവരുടെ സ്വപ്നങ്ങളില്‍ എത്തിച്ചേരാന്‍ സഹായിക്കുന്നതിലും ഡോ. ജജനി വര്‍ഗ്ഗീസ് മുന്‍പന്തിയിലുണ്ട്. ‘ആരോഗ്യ പരിരക്ഷയുടെ ലഭ്യത സാര്‍വത്രികവും, അടിസ്ഥാന അവകാശവുമായിരിക്കണം’, അവര്‍ പറയുന്നു. ഗ്രാമീണ മേഖലയിലെ ഡോക്ടര്‍മാരുടെ ആവശ്യം മനസിലാക്കിയ അവര്‍ പതിനേഴു വര്‍ഷം മുമ്പ് ഇന്ത്യയില്‍ ഇമെറ്റ് സ്‌കോളര്‍ഷിപ്പുകള്‍ സ്ഥാപിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു, ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വാഗ്ദാനം ചെയ്ത്, അവരുടെ വിദ്യാഭ്യാസത്തിന്റെ അവസാന രണ്ട് വര്‍ഷം ഇന്ത്യയിലെ ഒരു പ്രദേശത്ത് ചെലവഴിക്കാന്‍ ആവശ്യപ്പെടുന്നു. വൈദ്യസഹായം ഇല്ലാതെ ബുദ്ധിമുട്ടുന്ന മേഖലകളില്‍ സേവനം ചെയ്യുന്ന ഈ ഡോക്ടര്‍മാര്‍ തങ്ങള്‍ക്ക് ലഭിക്കുന്ന സ്‌കോളര്‍ഷിപ്പ് മെഡിക്കല്‍ സൗകര്യങ്ങള്‍ അനിവാര്യമായ വിഭാഗങ്ങള്‍ക്ക് സഹായമേകി പ്രതികരിക്കുകയാണ് ചെയ്യുന്നത്.

‘ഞാന്‍ ഒരു സാധാരണ വ്യക്തിയാണ്, പക്ഷെ വിജയിക്കാനും, കഷ്ടപ്പാടുകള്‍ പരിഹരിക്കാനുമുള്ള അസാധാരണമായ പ്രേരണ ഒപ്പമുണ്ട്’, ഈ വിജയങ്ങളെക്കുറിച്ച് ചോദിക്കുമ്പോള്‍ ഡോ. ജജനി മറുപടി നല്‍കും. ‘മെച്ചപ്പെട്ട കാര്യങ്ങള്‍ തുടര്‍ച്ചയായി ചെയ്യുന്നതിന്റെ ഫലമായാണ് ഞാന്‍ മികവിനെ കണക്കാക്കുന്നത്. ആരോഗ്യത്തോടെ ഇരിക്കാനും, ചെയ്യുന്നതിനെ സ്നേഹിക്കാനും മറ്റുള്ളവരെ സഹായിക്കാനും എനിക്ക് ഭാഗ്യമുണ്ടെന്നാണ് കരുതുന്നത്. കാന്‍സര്‍ പരാജയപ്പെടില്ല. ആളുകളെയും ജീവിതത്തെയും പുനസ്ഥാപിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. എനിക്ക് ഉത്തരങ്ങള്‍ക്കായി തിരയാനും, ബാഹ്യമായ മുറിവുകള്‍ സുഖപ്പെടുത്താനും മാത്രമേ കഴിയൂ, പക്ഷേ ആത്യന്തികമായി സ്തനാര്‍ബുദം മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ സുഖപ്പെടുത്താന്‍ ദൈവത്തിന് മാത്രമേ കഴിയൂ’, അവര്‍ വിശദീകരിക്കുന്നു.
മാഞ്ചസ്റ്റര്‍, അസോസിയേഷന്‍ ഓഫ് ബ്രെസ്റ്റ് സര്‍ജറി കോണ്‍ഫറന്‍സ്, മാഞ്ചസ്റ്റര്‍, യുകെ റേഡിയോളജി ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസിലെ ഒന്നാം സമ്മാനം, കേംബ്രിഡ്ജിലെ അഡെന്‍ബ്രൂക്സ് ഹോസ്പിറ്റല്‍ റിസര്‍ച്ച് കോണ്‍ഫറന്‍സിലെ മികച്ച ഗവേഷണത്തിനുള്ള ഒന്നാം സമ്മാനം, ലണ്ടന്‍ ക്യു ഇ ഹോസ്പിറ്റല്‍ റെയ്സിംഗ് സ്റ്റാന്‍ഡേര്‍ഡ്സ് റിസര്‍ച്ച് കോണ്‍ഫറന്‍സ് എന്നിവയുള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ ഡോക്ടറെ തേടിയെത്തിയിട്ടുണ്ട്. ജനീവയില്‍ നടന്ന ലോകാരോഗ്യ സംഘടനയുടെ ഗ്രാജുവേറ്റ് പ്രോഗ്രാമില്‍ പങ്കെടുക്കാനും അവര്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കിംഗ്സ് കോളേജ് ലണ്ടന്‍, നോര്‍ത്ത് കരോലിന യൂണിവേഴ്സിറ്റി, (യുഎസ്എ), ഡ്യൂക്ക് യൂണിവേഴ്സിറ്റി (യുഎസ്എ), ബാപ്രാസ് ലണ്ടന്‍, നിഹെസ്, റോട്ടര്‍ഡാം, യൂറോപ്യന്‍ ജനറ്റിക്സ് കോണ്‍ഫറന്‍സ്- ആംസ്റ്റര്‍ഡാം, ദി അമേരിക്കന്‍ തൊറാസിക് സൊസൈറ്റി, ദി ഇന്റര്‍നാഷണല്‍ കാന്‍സര്‍ ഇമേജിംഗ് കോണ്‍ഗ്രസ്, ദി വെല്‍ക്കം സാങ്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ ഇടങ്ങളില്‍ ഡോ. ജജനി തന്റെ ഗവേഷണങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ക്ലാസിക്കല്‍ നര്‍ത്തകിയും ചിത്രകാരിയുമായ ഡോ. ജജനി വര്‍ഗീസ് തന്റെ കരിയറില്‍ ഉടനീളം നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പം ലണ്ടനില്‍ ഇവര്‍ സ്ഥിരതാമസമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close