KERALATop News

ഔദ്യോഗിക ഫയലുകള്‍ രഹസ്യമാകുന്നതെന്തിന്? നടപടികള്‍ പരസ്യമാകുന്നതിനെ ഭയക്കുന്നതാര്?

നിയമകാര്യ ലേഖകന്‍
ഔദ്യോഗികമായി ഒരു ഫയലില്‍ ഉദ്യോഗസ്ഥരെഴുതുന്ന കുറിപ്പുകളടക്കമുള്ള നടപടിവിവരങ്ങള്‍ പുറത്തായാല്‍ അതതു വകുപ്പു സെക്രട്ടറിമാര്‍ക്കെതിരേ നടപടിയെടുക്കുമെന്ന സംസ്ഥാന ചീഫ് സെക്രട്ടറിയുടെ ഉത്തരവ് വിവാദമാവുന്ന പശ്ചാത്തലത്തില്‍ ഫയലുകളുടെ രഹസ്യാത്മകതയുടെ പിന്നിലെ ഭരണഘടനാപരമായ വസ്തുതകളെന്തെല്ലാമെന്ന് അറിയുക.
ജനാധിപത്യ ഭരണവ്യവസ്ഥയും ലിഖിതമായ ഭരണഘടനയുമുള്ള ഇന്ത്യയില്‍ ഔദ്യോഗികരഹസ്യ നിയമത്തിന്റെയും പ്രതിരോധ, വിദേശികാര്യ വകുപ്പുകളുടെയും മറ്റും പരിധിയില്‍ വരുന്ന അപൂര്‍വം വിവരങ്ങളൊഴികെ ഏതു വകുപ്പിലെയും ഏതു ഫയലിലെയും ഏതു വിവരവും പൊതുസമക്ഷം വെളിപ്പെടുത്താനാവുന്നതാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ഔദ്യോഗിക രഹസ്യ നിമയം അഥവാ ഓഫീഷ്യല്‍ സീക്രട്ട്‌സ് ആക്ട് എന്ന 1923 ലെ നിയമമം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും സാധാരണ പൗരന്മാര്‍ക്കും ഒരു പോലെ ബാധകമാണ്. ചാരവൃത്തി, വിഘടനവാദം, ദേശത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയായ ഭീകരവാദം പോലുള്ള വിധ്വംസക പ്രവൃത്തികള്‍, ആഭ്യന്തര കലാപം തുടങ്ങിയവയ്ക്ക് വഴിവച്ചേക്കാവുന്ന രഹസ്യവിവരങ്ങള്‍ പരസ്യമാക്കുന്നതു വിലക്കുന്ന നിയമമാണിത്. ദേശസുരക്ഷയെ ബാധിക്കുന്ന വിവരങ്ങളൊന്നും പരസ്യപ്പെടുത്തരുതെന്നും നിയമം നിഷ്‌കര്‍ഷിക്കുന്നു.
നന്ത്രപ്രധാനമായ സ്ഥലങ്ങളുടെ കെട്ടിടങ്ങളുടെ ചിത്രങ്ങള്‍ പ്‌ളാന്‍, ഭൂപടങ്ങള്‍, മാതൃകകള്‍, റോക്കറ്റ് മിസൈല്‍ പോലെ പ്രതിരോധപ്രാധാന്യമുള്ള സാങ്കേതികതകളുടെ ശാസ്ത്രീയരേഖകള്‍, വിദേശകാര്യബന്ധം നയതന്ത്രബന്ധം എന്നിവയെബാധിക്കുന്ന രഹസ്യ വിവരങ്ങള്‍, സൈനിക രഹസ്യങ്ങള്‍ എന്നിങ്ങനെയാണ് ഔദ്യോഗികരഹസ്യനിയമത്തിന്റെ പരിധിയില്‍ വരുന്നത്. വ്യാപകമായ പരിധിയാണ് നിര്‍ണയിച്ചിരിക്കുന്നതെങ്കിലും, വ്യക്തമായി രേഖകളുടെയും മറ്റും അക്കമിട്ട് നിഷ്‌കര്‍ഷിക്കാത്തതുകൊണ്ടു തന്നെ അതതു സര്‍ക്കാരുകള്‍ രഹസ്യം എന്നു വ്യാഖ്യാനിക്കുന്നതെന്തും നിയമത്തിന്റെ പരിധിയില്‍ വരുമെന്നതാണ് ഇതിന്റെ പ്രധാന പരിമിതി.
എന്നിരുന്നാലും ഈ നിയമമുപയോഗിച്ച് ഇന്ത്യയില്‍ ഒരു സര്‍ക്കാരിന്റെയും നടപടികളെല്ലാം രഹസ്യമാക്കി വയ്ക്കാനാര്‍ക്കും അധികാരമില്ല.ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുള്ള കാര്യങ്ങളെ ഔദ്യോഗികരഹസ്യം എന്ന മട്ടില്‍ അമര്‍ത്തിവയ്ക്കുന്നതിനെതിരേയാണ് വാസ്തവത്തില്‍ വിവരാവകാശനിയമം 2005 പാര്‍ലമെന്റ് പാസാക്കിയത്.
ഭരണനിര്‍വ്വഹണം സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ പൊതുജനങ്ങള്‍ക്ക് അവകാശം നല്‍കുന്ന നിയമമാണിത്.
ഈ നിയമത്തില്‍, വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കു നല്‍കുന്നതിനായി, എല്ലാ ഓഫീസുകളിലും പൊതുവിവരാധികാരികളെ നിയമിക്കണമെന്നും മേല്‍നോട്ടത്തിനായി, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കമ്മീഷനുകളെ നിയമിക്കണമെന്നും, ഏതൊരു ഭാരതീയപൗരനും, വിലക്കപ്പെട്ട ചുരുക്കം ചില വിവരങ്ങള്‍ ഒഴിച്ച്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയോ, സര്‍ക്കാര്‍സഹായം പറ്റുന്ന മറ്റു സ്ഥാപനങ്ങളുടെയോ, കൈവശമുള്ള ഏതൊരു രേഖയും, നിശ്ചിതതുകയടച്ച് അപേക്ഷിച്ചാല്‍ നിശ്ചിത സമയത്തിനുള്ളില്‍ നല്‍കണമെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു. നിയമവിഘാതകര്‍ക്ക് കടുത്ത പിഴശിക്ഷകളാണ് വ്യവസ്ഥചെയ്തിരിക്കുന്നത്.
എല്ലാ സര്‍ക്കാര്‍ വകുപ്പുകളും പൊതുസ്ഥാപനങ്ങളും ഈ നിയമപരിധിയില്‍ പെടും. എന്നാല്‍, കേന്ദ്ര രഹസ്യാന്വേഷണസംഘടനയടക്കം പതിനെട്ട് രഹസ്യാന്വേഷണ-സുരക്ഷാസ്ഥാപനങ്ങളെ ഈ നിയമപരിധിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. പോലീസും കോടതികളുമടക്കം മറ്റൊരു സ്ഥാപനത്തേയും ഒഴിവാക്കിയിട്ടില്ല എന്നതും ശ്രദ്ധിക്കുക. മുഖ്യമന്ത്രിമാരുയെടും പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും ഓഫീസുകളും ഇതിലുള്‍പ്പെടും.
പൊതു താല്പര്യങ്ങള്‍ക്കു ഹാനികരമാവാതെ, ഭരണകാര്യവിവരങ്ങള്‍ വെളിപ്പെടുത്തുന്നതിനും രഹസ്യകാര്യങ്ങള്‍ സംരക്ഷിക്കുന്നതിനും പരിമിതമായ പൊതുസമ്പത്ത്, യുക്തമായി ഉപയോഗിച്ച് ഒരു സംവിധാനം ഏര്‍പ്പെടുത്തുക, ഭരണകാര്യങ്ങളില്‍, സുതാര്യതയും സര്‍ക്കാര്‍ ഉത്തരവാദിത്തവും പ്രോത്സാഹിപ്പിച്ച്, അഴിമതി നിയന്ത്രിക്കുക എന്നിങ്ങനെ സുതാര്യവും വ്യാപകവുമായ ജനാധിപത്യ മൂല്യങ്ങളോടെ വിഭാവനചെയ്തു നടപ്പാക്കിയിരിക്കുന്ന വിവരാവകാശ നിയമം നിലവിലുള്ള രാജ്യത്ത് ഏതെങ്കിലും ഒരു സംസ്ഥാനം അവരുടെ ദൈനംദിന ഭരണനിര്‍വഹണനടപടിക്രമം സംബന്ധിച്ച രേഖകള്‍ പൊതുസമക്ഷം വെളിപ്പെടുന്നതു വിലക്കിക്കൊണ്ടു നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നത് ജനാധിപത്യത്തെയും ഭരണഘടനയെയും തന്നെ വെല്ലുവിളിക്കുന്നതിനു സമാനമാണ്.
മടിയില്‍ കനമില്ലെങ്കില്‍, നടപടിയില്‍ സുതാര്യതയുണ്ടെങ്കില്‍ ഭരണപരമായ ഒരു ഫയലും ഒരു നടപടിയും ഒരു വിവരവും ജനങ്ങളില്‍ നിന്ന് ഒളിച്ചുവയ്‌ക്കേണ്ട കാര്യം ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു സര്‍ക്കാരിനും ഉണ്ടാവേണ്ട കാര്യമില്ല. അപ്പോള്‍പ്പിന്നെ, 10 രൂപയ്ക്ക് നിയമപരമായി ലഭ്യമാക്കേണ്ട വിവരങ്ങള്‍ ജനാധിപത്യവ്യവസ്ഥയില്‍ മാധ്യമങ്ങള്‍ക്കോ അതുവഴി ജനങ്ങള്‍ക്കോ പൊതുനന്മ ലക്ഷ്യമാക്കി ചോരുന്നതിനെ എതിര്‍ക്കുന്നതെന്തിന് എന്ന ചോദ്യമാണ് പ്രസക്തമാകുന്നത്.

Tags
Show More

Related Articles

Back to top button
Close