NEWSWORLD

കടലില്‍ തകര്‍ന്നു വീണ ബോയിങ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെ കടലില്‍ തകര്‍ന്നു വീണ ബോയിങ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. യാത്രക്കാരുടെ ശരീര ഭാഗങ്ങളും വസ്ത്രത്തിന്റെ ഭാഗങ്ങളും വിമാനത്തിന്റെ അവശിഷ്ടങ്ങളുമാണ് ജാവ കടലില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ കണ്ടെത്തിയത്.ശനിയാഴ്ച ഉച്ചയ്ക്കു ശേഷം 2.36ന് ജക്കാര്‍ത്തയില്‍നിന്ന് വെസ്റ്റ് കാളിമന്തനിലേക്ക് പുറപ്പെട്ട ശ്രീവിജയ എയര്‍ലൈന്‍സിന്റെ ബോയിങ് 737 വിമാനമാണ് ടേക്ക് ഓഫിനു തൊട്ടു പിന്നാലെ റഡാറില്‍നിന്ന് അപ്രത്യക്ഷമായത്. ജക്കാര്‍ത്തയില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയും പിന്നീട് തകര്‍ന്നു വീഴുകയുമായിരുന്നു.വിമാനം കിടക്കുന്നതിന്റെ കൃത്യമായ സ്ഥലം കണ്ടെത്തിയിട്ടില്ല.

കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നാണ് ഇന്തൊനേഷ്യന്‍ ഗതാഗത മന്ത്രി ബുഡി കാര്യ സുമധി അറിയിച്ചു. ലാന്‍കാങ്, ലാകി ദ്വീപുകള്‍ക്കിടയില്‍ നിന്നാണ് അവശിഷ്ടങ്ങള്‍ ലഭിച്ചത്.അപകടത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. ശനിയാഴ്ച പ്രാദേശിക സമയം ഉച്ച കഴിഞ്ഞ് രണ്ടരയോടു കൂടി ജക്കാര്‍ത്തയുടെ വടക്കന്‍ തീരത്തെ ദ്വീപുകളിലുള്ള മത്സ്യത്തൊഴിലാളികള്‍ ഒരു സ്‌ഫോടന ശബ്ദം കേട്ടതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കനത്ത മഴയായതിനാല്‍ എന്താണ് സംഭവിച്ചതെന്ന് മത്സ്യത്തൊഴിലാളികള്‍ക്കു മനസിലായില്ല. വെള്ളം ഉയര്‍ന്നുപൊങ്ങുന്നതു കണ്ടു. എന്നാല്‍ സൂനാമിയോ ബോംബ് വീണതോ ആകാമെന്ന നിഗമനത്തിലായിരുന്നു അവരെന്നും രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ അസോഷ്യേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

വിമാനത്തില്‍ നിന്നുള്ള അവശിഷ്ടങ്ങളും ഇന്ധനവും ബോട്ടിനു ചുറ്റും അടിഞ്ഞുകൂടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.26 വര്‍ഷം പഴക്കമുള്ള വിമാനമാണ് തകര്‍ന്നു വീണതെന്ന് ശ്രീവിജയ എയര്‍ പ്രസിഡന്റ് ഡയറക്ടര്‍ ജെഫേഴ്‌സന്‍ പറഞ്ഞു. നേരത്തേ, യുഎസില്‍ ഉപയോഗിച്ചുകൊണ്ടിരുന്ന വിമാനമാണ് ഇതെന്നും ഇപ്പോഴും പറക്കലിന് യോഗ്യമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്നേ ദിവസം തന്നെ പോണ്‍ടിയാനക്കിലേക്കും പാങ്കല്‍ പിനാങ് നഗരത്തിലേക്കും വിമാനം പറന്നിരുന്നു.

ഒരു മണിക്കൂര്‍ വൈകി 2.36നാണ് വിമാനം പറന്നുയരുന്നത്. നാല് മിനിറ്റ് കഴിഞ്ഞപ്പോള്‍ റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. അവസാനം എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക് പൈലറ്റ് നല്‍കിയ വിവരം അനുസരിച്ച് വിമാനം 29,000 അടി മുകളിലാണ് പറന്നിരുന്നത്.അപകടത്തിന് പിന്നാലെ വിമാനത്താവളത്തിലും തുറമുഖത്തും രണ്ട് ക്രൈസിസ് സെന്ററുകള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. തകര്‍ന്നുവീണ വിമാനത്തിലെ യാത്രക്കാരുടെ ബന്ധുക്കള്‍ രണ്ട് കേന്ദ്രത്തിലും എത്തിച്ചേര്‍ന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി പത്ത് കപ്പലുകള്‍ നിയോഗിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close