
ന്യൂഡല്‍ഹി: കടല്‍ കൊല കേസിന്റെ വിചാരണ ഇറ്റലിയില്‍ നടത്തണം എന്ന രാജ്യാന്തര ട്രിബ്യുണല്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ കേസിന്റെ നടപടികള്‍ അവസാനിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. വെടിയേറ്റ് മരിച്ച മത്സ്യ തൊഴിലാളികളുടെ ബന്ധുക്കളുടെ വാദം കേള്‍ക്കാതെ കേസ് അവസാനിപ്പിക്കാന്‍ കഴിയില്ല എന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി. ഇറ്റലി ഇരകളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കുമ്പോള് മാത്രമേ കേസ് അവസാനിപ്പിക്കുകയുള്ളൂവെന്നും സുപ്രീം കോടതി പറഞ്ഞു.ഇറ്റലി അവര്‍ക്ക് നഷ്ടപരിഹാരം നല്കട്ടെ. അപ്പോള്‍ മാത്രമേ ഞങ്ങള്‍ പ്രോസിക്യൂഷന് പിന്‍വലിക്കാന്‍ അനുവദിക്കൂവെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ വ്യക്തമാക്കി.
യു.എന്‍ ട്രിബ്യൂണലിന്റെ തീരുമാനത്തെത്തുടര്‍ന്ന് കേസുകള്‍ പിന്‍വലിക്കണമെന്ന് സുപ്രീംകോടതിയോട് അഭ്യര്‍ത്ഥിച്ച കേന്ദ്രം, നാവികര്‍ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കുമെന്ന് ഇറ്റലി ഉറപ്പുനല്‍കിയതായും പറഞ്ഞു. എന്നാല്‍ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ആദ്യം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി പറഞ്ഞു. കേസുകള്‍ പിന്‍വലിക്കാന്‍ അനുവദിക്കുന്നതിന് മുമ്പ് ഇരകളുടെ കുടുംബങ്ങള്‍ കേള്‍ക്കേണ്ടതുണ്ടെന്നായിരുന്നു സുപ്രീം കോടതി പറഞ്ഞത്.രണ്ട് നാവികരെയും ക്രിമിനല്‍ വിചാരണ ചെയ്യുമെന്നും കുടുംബങ്ങള്‍ക്ക് പരമാവധി നഷ്ടപരിഹാരം നല്‍കുമെന്നും ഇറ്റലി കത്തില്‍ പറഞ്ഞിട്ടുണ്ടെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ 2012 ഫെബ്രുവരി 15 ന് കേരള തീരത്ത് വച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് രണ്ട് ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കേസിന് മേലാണ് കോടതി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.