KERALANEWS

കടുവാപ്പേടിയില്‍ ഉറങ്ങാതെ ഒരു ഗ്രാമം

കേണിച്ചിറ: വയനാട്ടില്‍ കടുവയെ ഭയന്ന് ആളുകള്‍ പുറത്തിറങ്ങാത്തൊരു ഗ്രാമമുണ്ട്. പൂതാടി ഗ്രാമപഞ്ചായത്തിലെ ‘ചീയമ്പം 73’. കഴിഞ്ഞ നാല് മാസത്തിനിടെ കടുവ കൊന്നൊടുക്കിയ വളര്‍ത്തുമൃഗങ്ങള്‍ക്ക് കണക്കില്ല. ആടിനെയും പശുവിനെയും വളര്‍ത്തി ഉപജീവനമാര്‍ഗം കണ്ടെത്തുന്ന ആദിവാസികളടക്കമുള്ളവരുടെ ജീവിതോപാധിയാണ് കടുവയുടെ ആക്രമണത്തില്‍ ഇല്ലാതായികൊണ്ടിരിക്കുന്നത്.

ഇന്നും ഇവിടുത്തെ ഒരാടിനെ കടുവ പിടിച്ചുകൊണ്ടുപോയി. 73 ലെ കോഞ്ചത്ത് കുഞ്ഞിക്കോരു എന്നയാളുടെ ആടിനെയാണ് വ്യാഴാഴ്ച കടുവ പിടിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച മൂന്ന് ആടുകളെയാണ് കടുവ ആക്രമിച്ച് കൊന്നത്. 73 കോളനിയിലെ മാച്ചിയുടെ കൃഷിയിടത്തില്‍ മേയാന്‍ വിട്ട ആടുകളെയാണ് കടുവ കൊലപ്പെടുത്തിയത്. ആളുകള്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് ആടുകളെ ഉപേക്ഷിച്ച് കടുവ വനത്തിനുള്ളിലേക്ക് മറയുകയായിരുന്നു. പുതുക്കാട്ട് സാബുവിന്റെ രണ്ട് വയസ് പ്രായമുള്ള ആടിനെ അദ്ദേഹത്തിന്റെ മുന്നിലിട്ട് കടുവ കൊന്നിട്ടും അധികമായിട്ടില്ല. ചീയമ്പം 73 നോട് ചേര്‍ന്നുകിടക്കുന്ന ആനപ്പന്തി മുതല്‍ ഇരുളം പാമ്പ്ര വരെയുള്ള പ്രദേശങ്ങളില്‍ കടുവാശല്യം രൂക്ഷമാണ്. ചീയമ്പം ആനപ്പന്തി കോളനിയിലെ സനീഷിന്റെ രണ്ട് ആടുകളെ അടുത്തിടെയാണ് കടുവ ആക്രമിച്ച് കൊന്നത്. വീട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ആടിനെ ഉപേക്ഷിച്ച് കടുവ ഓടിമറഞ്ഞു. ഒരു മാസത്തിനിടെ സനീഷിന് ആറ് ആടുകളെയാണ് കടുവയുടെ ആക്രമണത്തില്‍ നഷ്ടമായത്.

പട്ടാപ്പകല്‍ പോലും കടുവയിറങ്ങി നിരവധി വളര്‍ത്തുമൃഗങ്ങളെ കൊന്നൊടുക്കിയിട്ടും പ്രദേശത്ത് കൂട് വെച്ച് കടുവയെ പിടികൂടാന്‍ ഇനിയും വനം വകുപ്പ് നടപടി സ്വീകരിച്ചിട്ടില്ല. സെപ്റ്റംബര്‍ പതിനഞ്ചിന് കടുവ കൊലപ്പെടുത്തിയ ആടുമായി പ്രദേശവാസികള്‍ ഇരുളത്തെ ഫോറസ്റ്റ് ഓഫീസിന് മുന്‍പില്‍ പ്രതിഷേധസമരം നടത്തിയിരുന്നു. കടുവയെ പിടികൂടാന്‍ അടിയന്തരമായി കൂട് വെക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കണമെന്നതായിരുന്നു പ്രധാന ആവശ്യം. ആവശ്യം അംഗീകരിച്ചെങ്കിലും അത് നടപ്പിലാക്കിയില്ലെന്ന് മാത്രമല്ല, ഈ സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കേണിച്ചിറ പോലീസ് ഇപ്പോള്‍ കേസെടുത്തിരിക്കുകയാണ്. ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി നടത്തുന്ന സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ പോലും അഞ്ചോളം വകുപ്പുകള്‍ ചുമത്തി കേസെടുത്ത നടപടിയില്‍ പ്രദേശത്ത് പ്രതിഷേധം ശക്തമായിരിക്കുകയാണ്. സമരത്തില്‍ പങ്കെടുത്ത പൊതുപ്രവര്‍ത്തകരെയും പോലീസ് വെറുതെ വിട്ടില്ല. അവര്‍ക്കെതിരെയും കേസെടുത്തു.

കര്‍ഷകരെയും ആദിവാസികളേയും കടുവയില്‍ നിന്നും സംരക്ഷിക്കണം എന്നാവശ്യപ്പെട്ടതിന്റെ പേരില്‍ ജയിലില്‍ പോകേണ്ടിവന്നാല്‍ അതിനും തയാറാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ എല്‍ പൗലോസ് പറയുന്നു. പാവപ്പെട്ട ആദിവാസികളടക്കമുള്ളവര്‍ സമരം നടത്തുന്നതറിഞ്ഞ് പിന്തുണയുമായി എത്തിയതിന്റെ പേരിലാണ് കെ എല്‍ പൗലോസ് അടക്കമുള്ളവരെയും കേസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ട് പത്തില്‍ താഴെയുള്ളവരാണ് സത്യഗ്രഹസമരമിരുന്നതെന്ന് കെ എല്‍ പൗലോസ് ചൂണ്ടിക്കാട്ടുന്നു. അവിടെ ഇടക്കിടെ പലരും വന്ന് പിന്തുണയറിച്ച് സംസാരിച്ച് പോയി. ഒടുവില്‍ ഡിഎഫ്ഒ വന്നപ്പോര്‍ വെറും അഞ്ച് പേര്‍ മാത്രമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഉടനെ തന്നെ കൂട് സ്ഥാപിച്ച് കടുവയെ പിടിക്കാമെന്ന് ഡിഎഫ്ഒ ഉറപ്പും നല്‍കി. എന്നാല്‍ ഇതുവരെ അതിനുള്ള ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് മാത്രമല്ല, അതിനു ശേഷവും കടുവ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച് കൊന്നു കൊണ്ടിരിക്കുകയാണ്. എന്നിട്ടും പൊതുപ്രവര്‍ത്തകരായ ഞങ്ങളുടെ അടക്കം പേരില്‍ ഗൗരവതരമായ വകുപ്പുകളിട്ട് കേസെടുത്തിരിക്കുകയാണെന്നും പൗലോസ് പറയുന്നു. കേസെടുത്ത് ഭയപ്പെടുത്താന്‍ നോക്കണ്ടെന്നും, കര്‍ഷകരുടേയും ആദിവാസികളുടേയും രക്ഷക്കായി ഞങ്ങള്‍ ഇനിയും സമര ത്തി നിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

പലപ്പോഴും ആടിനെയും പശുവിനെയും കടുവ കൊല്ലുന്ന സമയത്ത് പ്രദേശവാസികള്‍ പ്രതിഷേധം നടത്തും. വനം വകുപ്പ് പ്രദേശത്ത് ക്യാമറകള്‍ സ്ഥാപിച്ച് നീരിക്ഷണമാരംഭിക്കുമെന്നും, കൂട് സ്ഥാപിച്ച് പിടിക്കൂടാനുള്ള നടപടി സ്വീകരിക്കുമെന്നും, ആടുകളെ നഷ്ടപ്പെട്ടവര്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ നഷ്ടപരിഹാരം നല്‍കുമെന്നുമെല്ലാം പറഞ്ഞ് പ്രതിഷേധം താല്‍ക്കാലികമായി അവസാനിപ്പിക്കും. എന്നാല്‍ ചര്‍ച്ചയിലുണ്ടായ പ്രധാന തീരുമാനങ്ങളൊന്നും നടപ്പിലാക്കാറുമില്ല. അതേസമയം പ്രദേശത്ത് ഇപ്പോള്‍ ഒരു കൂട് സ്ഥാപിച്ചിട്ടുണ്ട്. ചീയമ്പം 73 യൂക്കാലിക്ക വലയിലാണ് കൂട്. സൗത്ത് വയനാട് ഡിഎഫ്ഒ രഞ്ജിത്ത് കുമാറിന്റെ നേതൃത്വ ലുള്ള ഉദ്യാഗസ്ഥ സംഘം സ്ഥലത്തെത്തി പ്രദേശവാസികളുമായി സംസാരിച്ച ശേഷമാണ് കൂട് സ്ഥാപിച്ചത്.

ചീയമ്പം 73 പ്രദേശം കാപ്പിത്തോട്ടങ്ങളാല്‍ സമൃദ്ധമാണ്. ഈ തോട്ടത്തില്‍ പകല്‍സമയത്ത് പോലും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. പലപ്പോഴും കാപ്പിത്തോട്ടത്തില്‍ പതുങ്ങിയിരിക്കുന്ന കടുവകളാണ് മേയാന്‍ വിടുന്ന ആടിനെയും പശുവിനെയും ആക്രമിക്കുന്നത്. പകല്‍സമയത്ത് പോലും ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ പേടിയാണ്. ഏത് സമയത്തും കടുവയുടെ ആക്രമണമുണ്ടാകാമെന്ന ഭയമാണ് അതിന് പ്രധാനകാരണം. പ്രദേശത്തെ അന്‍പതോളം വളര്‍ത്തുമൃഗങ്ങളെ ഇതിനകം തന്നെ കടുവ ആക്രമിച്ച് കൊന്നതായാണ് പ്രദേശവാസിയായ അപ്പി ബോളനും, ബി വി ബോളനും പറയുന്നത്. കടയിലും മറ്റും പോയി മടങ്ങിവരുന്നവര്‍ ജീവന്‍ പണയം വെച്ചാണ് വീട്ടിലേക്ക് മടങ്ങിയെത്തുന്നത്. കേസെടുത്താലും ജീവിക്കാനുള്ള അവകാശത്തിനായി പ്രതിഷേധം തുടരുമെന്ന് ഇരുവരും കൂട്ടിച്ചേര്‍ക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close