INDIATrending

‘കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു, നാവ് മുറിച്ചെടുത്തു’: യുപിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി

ലഖ്‌നൗ: ഉത്തര്‍പ്രദേശ് തലസ്ഥാനം ലഖ്‌നൗവിനു സമീപം കൗമാരക്കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി. യുപിയിലെ കാഖിംപൂര്‍ ഖേരി ജില്ലയിലെ ഒരു കരിമ്പിന്‍തോട്ടത്തിലാണ് പതിമൂന്നുകാരിയുടെ മൃതദേഹം കണ്ടെത്തിയതായി പോലീസ് അറിയിച്ചത്. സംഭവത്തില്‍ പ്രദേശത്തു നിന്നുള്ള രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ കഴുത്തു വരിഞ്ഞു മുറുക്കിയിരുന്നതായും കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുകയും നാവ് മുറിച്ചെടുക്കുകയും ചെയ്തിരുന്നതായും അച്ഛന്‍ പറഞ്ഞു. ലഖ്‌നൗവില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്നാണ് എന്‍ഡിടിവിയുടെ റിപ്പോര്‍ട്ട്. നേപ്പാള്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള ഒരു ഗ്രാമത്തിലായിരുന്നു ക്രൂരമായ കൊലപാതകം. പ്രതികളില്‍ ഒരാളുടെ കൃഷിസ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.
‘പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിട്ടുണ്ട്. രണ്ട് പ്രതികളെ ഇതിനോടകം അറസ്റ്റ് ചെയ്തു. ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ക്കു പുറമെ ദേശസുരക്ഷാ നിയമവും പ്രതികള്‍ക്കെതിരെ ചുമത്തും.’ ജില്ലാ പോലീസ് മേധാവിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് എല്ലായിടത്തും അന്വേഷിച്ചെന്നും ഒടുവില്‍ കരിമ്പിന്‍തോട്ടത്തില്‍ കണ്ടെത്തുകയായിരുന്നുവെന്നും അച്ഛന്‍ പറഞ്ഞു. ‘ഞങ്ങള്‍ അവളെ എല്ലായിടത്തും തിരഞ്ഞു. ഒടുവില്‍ അവളെ കരിമ്പിന്‍തോട്ടത്തില്‍ കണ്ടു. കണ്ണുകള്‍ ചൂഴ്‌ന്നെടുത്തിരുന്നു. നാവ് മുറിച്ചെടുക്കുകയും ദുപ്പട്ട കൊണ്ട് കഴുത്തു വരിഞ്ഞുകെട്ടുകയും ചെയ്തിരുന്നു.’ അച്ഛന്‍ പറഞ്ഞു.
അങ്ങേയറ്റം നാണക്കേടാണെന്നായിരുന്നു സംഭവത്തെ അപലപിച്ചുകൊണ്ട് മുന്‍ യുപി മുഖ്യമന്ത്രി മായാവതിയുടെ പ്രതികരണം. ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ സമാജ്!!വാദി സര്‍ക്കാരും ഇപ്പോഴത്തെ ബിജെപി സര്‍ക്കാരും തമ്മില്‍ എന്താണ് വൃത്യാസമെന്ന് അവര്‍ ചോദിച്ചു. ബിജെപി സര്‍ക്കാരിനു കീഴില്‍ ദളിത് വിഭാഗങ്ങള്‍ അങ്ങേയറ്റം അടിച്ചമര്‍ത്തപ്പെടുകയാണെന്നായിരുന്നു ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിന്റെ പ്രതികരണം. ‘ഇത് കാട്ടുനീതിയല്ലെങ്കില്‍ പിന്നെന്താണ്? നമ്മുടെ പെണ്‍മക്കള്‍ സുരക്ഷിതരല്ല, നമ്മുടെ വീടുകള്‍ സുരക്ഷിതരല്ല, പേടിയുടെ അന്തരീക്ഷമാണ് എവിടെയും. യോഗി ആദിത്യനാഥ് രാജിവെക്കണം.’ ചന്ദ്രശേഖര്‍ ആസാദ് പ്രതികരിച്ചു.കഴിഞ്ഞയാഴ്ചയാണ് പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിലെ ഹാപൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്. ശസ്ത്രക്രിയയ്ക്കു ശേഷം പെണ്‍കുട്ടിയുടെ നില മെച്ചപ്പെട്ടെന്നും എന്നാല്‍ അപകടനില തരണം ചെയ്തിട്ടില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

Tags
Show More

Related Articles

Back to top button
Close