
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയുന്നതായി സോണിയാഗാന്ധി പ്രവര്‍ത്തകസമിതി യോഗത്തില്‍ അറിയിച്ചു. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ ആരംഭിക്കാനും സോണിയഗാന്ധി യോഗത്തില്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് യോഗത്തില്‍ സോണിയ ഇക്കാര്യം വ്യക്തമാക്കി കത്തു നല്‍കിയതായി അറിയിച്ചത്. പാര്‍ട്ടിയില്‍ സ്ഥിരം അധ്യക്ഷനെ തെരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ട് 23 ഓളം മുതിര്‍ന്ന നേതാക്കള്‍ കത്തുനല്‍കിയ സാഹചര്യത്തിലാണ് സോണിയ നിലപാട് വ്യക്തമാക്കിയത്. യോഗത്തില്‍ സംസാരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് സോണിയ അധ്യക്ഷ പദത്തില്‍ തുടരണമെന്ന് ആവശ്യപ്പെട്ടു. പാര്‍ട്ടിയില്‍ ഇപ്പോള്‍ നേതൃമാറ്റം ആവശ്യമില്ലെന്നും മന്മോഹന് സിങ് പറഞ്ഞു.
അതേസമയം കത്തെഴുതിയ വിമത നേതാക്കളുടെ നടപടിയെക്കുറിച്ച് മന്‍മോഹന്‍സിങ് പരാമര്‍ശിച്ചില്ല.എന്നാല്‍ നേതാക്കളുടെ കത്തിനെ യോഗത്തില്‍ സംസാരിച്ച രാഹുല്‍ഗാന്ധി വിമര്‍ശിച്ചു. കത്ത് എഴുതിയത് ഇപ്പോഴല്ലെന്നും, സോണിയ അസുഖബാധിതയായി കഴിഞ്ഞപ്പോഴാണെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് രാജസ്ഥാനില്‍ പ്രതിസന്ധി നേരിട്ടപ്പോഴാണ് കത്തു തയ്യാറാക്കിയത്. അത്തരമൊരു അവസ്ഥയില്‍ ഇങ്ങനെയൊരു കത്തെഴുതിയത് ഉചിതമായില്ലെന്ന് പറഞ്ഞ് രാഹുല്‍ഗാന്ധി അതൃപ്തി തുറന്നു പ്രകടിപ്പിച്ചു. മാധ്യമങ്ങളിലൂടെയല്ല, പ്രവര്‍ത്തകസമിതി ചേര്‍ന്നാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതെന്നും രാഹുല്‍ഗാന്ധി അഭിപ്രായപ്പെട്ടു.രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് പദം ഏറ്റെടുക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി ആവശ്യപ്പെട്ടു. രാജ്യത്തെ പാര്‍ട്ടി പ്രവര്‍ത്തകരുടെ പൊതുവായ വികാരം ഇതാണ്. രാഹുല്‍ സ്ഥാനമേറ്റെടുക്കുന്നതുവരെ സോണിയ അധ്യക്ഷയായി തുടരണം. ഒറ്റക്കെട്ടായി മുന്നോട്ടുപോകേണ്ട സന്ദര്‍ഭത്തില്‍ ഇത്തരമൊരു കത്തെഴുതിയത് ക്രൂരമാണെന്നും, പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന നടപടിയായിപ്പോയെന്നും ആന്റണി പറഞ്ഞു.കത്തെഴുതിയ നടപടിയെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വിമര്‍ശിച്ചു. കത്ത് എഴുതിയ ശേഷം മാധ്യമങ്ങള്‍ക്ക് എങ്ങനെ ചോര്‍ത്തിയെന്ന് വേണുഗോപാല്‍ ചോദിച്ചു. മാധ്യമങ്ങളിലൂടെ കത്ത് ചോര്‍ത്തിയതിലൂടെ പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനത്തിന് തുല്യമായെന്നും വേണുഗോപാല്‍ ആരോപിച്ചു.
രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനങ്ങളിലുള്ള അതൃപ്തി കൊണ്ടാണ്, കോണ്‍ഗ്രസില്‍ അടിമുടി അഴിച്ചുപണി ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ സോണിയ ഗാന്ധിക്കു കത്തെഴുതിയത്. മുതിര്‍ന്ന നേതാക്കളെ അവഗണിക്കുന്ന പ്രവര്‍ത്തന രീതി രാഹുല്‍ തുടരുകയാണെന്നും ഇതു സോണിയയെ ധരിപ്പിക്കുകയാണ് കത്തിന്റെ ലക്ഷ്യമെന്നും ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇരുപത്തിമൂന്നു പ്രമുഖ നേതാക്കളായ കത്തില്‍ ഒപ്പിട്ടിട്ടുള്ളതെങ്കിലും ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, കപില്‍ സിബല്‍ എന്നിവരാണ് കത്തു തയാറാക്കിയതെന്ന് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യസഭാ തെരഞ്ഞെടുപ്പുകള്‍, സംസ്ഥാന ഘടകങ്ങളിലെ നിയമനങ്ങള്‍, രാജസ്ഥാന് പ്രതിസന്ധി എന്നിവയിലെല്ലാം രാഹുലിന്റെ ഇടപെടല്‍ മുതിര്‍ന്ന നേതാക്കളില്‍ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. ലോക്സഭയില്‍ പാര്‍ട്ടി നേതാവായിരുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ രാജ്യസഭയില്‍ എത്തിച്ചതില്‍ ഗുലാം നബി ആസാദിനും ആനന്ദ് ശര്‍മയ്ക്കും എതിര്‍പ്പുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഗുലാം നബി ആസാദിന്റെ സഭാംഗത്വം അടുത്ത വര്‍ഷം ആദ്യത്തോടെ അവസാനിക്കുകയാണ്. ഖാര്‍ഗെ രാജ്യസഭയില്‍ എത്തിയതോടെ ആസാദ് കക്ഷി നേതാവായി തുടരാന്‍ ഇടയില്ലെന്ന അഭ്യൂഹം ശക്തമാണ്.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ക്കു നേതാക്കളുടെ പിന്തുണ കിട്ടുന്നില്ലെന്ന വിമര്‍ശനം പാര്‍ട്ടിയിലുണ്ട്. നേതൃയോഗങ്ങളില്‍ പ്രിയങ്ക ഗാന്ധി തന്നെ ഇക്കാര്യം ഉന്നയിച്ചിട്ടുമുണ്ട്. എന്നാല്‍ രാഹുലിന്റെ ഈ രീതിയോടും പല സീനിയര്‍ നേതാക്കള്‍ക്കും യോജിപ്പില്ല. മോദിയെ ഒറ്റ തിരിഞ്ഞ് എതിര്‍ക്കുന്നതില്‍ കാര്യമില്ലെന്നും ബിജെപി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെയാണ് വിമര്‍ശിക്കേണ്ടതെന്നും അവര്‍ പറയുന്നു.”പാര്‍ട്ടിയില്‍ ഒരു കാര്യത്തിലും സീനിയര്‍ നേതാക്കളോട് ആലോചിക്കുന്നില്ല. കൂട്ടായ തീരുമാനങ്ങള്‍ ഉണ്ടാവണം എന്നതാണ് അവരുടെ ആവശ്യം”- ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് പറയുന്നു.