കനത്ത സുരക്ഷയില്‍ കേന്ദ്രത്തിന്റെ ബജറ്റ് ഒരുങ്ങുന്നു

ഫിബ്രവരി ഒന്നിനാണ് മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന് അവതരിപ്പിക്കുന്നത്. വരാനിരിക്കുന്ന വര്‍ഷത്തേക്കുള്ള രാജ്യത്തിന്റെ സാമ്പത്തിക പ്രവചനങ്ങളും നിലവിലെ സാമ്പത്തിക വര്‍ഷത്തെ അവലോകനവും നിര്‍വചിക്കുന്നതാകും കേന്ദ്ര ബജറ്റ്. വലിയ ഒരുക്കങ്ങളാണ് ബജറ്റിനായി ധനമന്ത്രാലയത്തില്‍ നടക്കുന്നത്.ബജറ്റിന്റെ രഹസ്യ സ്വഭാവം സൂക്ഷിക്കുന്നതിന് പാര്‍ലമെന്റിലെ നോര്‍ത്ത് ബ്ലോക്കില്‍ സ്ഥിതി ചെയ്യുന്ന ധനമന്ത്രാലയത്തിന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്റലിജന്‍സ് ബ്യൂറോ (ഐബി), ദില്ലി പോലീസ്, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) എന്നിവയുടെ നേതൃത്വത്തില്‍ ശക്തമായ സുരക്ഷയാണ് മന്ത്രാലയത്തില്‍ ഒരുക്കിയിരിക്കുന്നത്. നവംബര്‍ മാസം മുതല്‍ തന്നെ ഇവിടെ സുരക്ഷ ഏര്‍പ്പെടുത്തും. അതേസമയം ബജറ്റ് അവതരണത്തിന്റെ ഒരുമാസം മുന്‍പ് ജനവരി മാസത്തോടെ ഇവിടെ സുരക്ഷ ശക്തമാക്കി.ഹല്‍വ സെറിമണിയോട് കൂടിയാണ് ബജറ്റ് രേഖകളുടെ അച്ചടി തുടങ്ങുക. പാചകം ചെയ്ത ഹല്‍വ ധനമന്ത്രാലയത്തിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും നല്‍കും.അതിനുശേഷമായിരിക്കും ഉദ്യോഗസ്ഥര്‍ ബജറ്റുമായി ബന്ധപ്പെട്ട ജോലികള്‍ ആരംഭിക്കുന്നത്.. ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കൊഴികെ മറ്റാര്‍ക്കും ഈ ദിവസങ്ങളില്‍ വീട്ടില്‍ പോകാന്‍ പോലും അനുവാദമില്ല. ബജറ്റ് അവതരണം കഴിയും വരെ ഈ നിയന്ത്രണം തുടരും.

ബജറ്റിന്റെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ബ്ലൂ ഷീറ്റ് അതീവ ജാഗ്രതയോടെയാണ് കൈകാര്യം ചെയ്യുക. ധനമന്ത്രിക്ക് പോലും ഈ രേഖകള്‍ സൂക്ഷിക്കാനുള്ള അധികാരമില്ല. ബഡ്ജറ്റ് ജോയിന്‍ സെക്രട്ടറിക്കാണ് ഈ രേഖകള്‍ സൂക്ഷിക്കുന്നതിനുള്ള ചുമതല. ബ്ലൂ ഷീറ്റിന്റെ ആദ്യ ഡ്രാഫ്റ്റ് ബജറ്റിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാകും നിര്‍മ്മിക്കുക. ഹല്‍വ സെറിമണിക്ക് ശേഷം നോര്‍ത്ത് ബ്ലോക്കിന്റെ ബേസ്മെന്റില്‍ രണ്ട് പ്രിന്റിംഗ് പ്രസ്സുകള്‍ ഉള്ള സ്ഥലത്ത് 100 ഉദ്യോഗസ്ഥരെ പാര്‍പ്പിക്കും. ഇവരാണ് പ്രിന്റിങ്ങ്, പ്രൂഫ് റീഡിങ്ങ്, വിവര്‍ത്തനം എന്നിവ നടത്തുക. എല്ലാ സൗകര്യങ്ങളും ഉദ്യോഗസ്ഥര്‍ക്കായി ഇവിടെ ഏര്‍പ്പെടുത്തും. ഇവര്‍ക്ക് പുറംലോകവുമായി യാതൊരു ബന്ധവുമുണ്ടാകില്ല. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ ഇവര്‍ക്ക് പുറത്ത് പോകാന്‍ അനുവാദം ലഭിക്കുകയുള്ളൂ.
ഈ സാഹചര്യത്തില്‍ ഫോണ്‍ ചെയ്യണമെങ്കില്‍ പോലും ഒരു ഇന്റലിജെന്‍സ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ മാത്രമേ സാധിക്കുകയുള്ളൂ. ധനമന്ത്രിക്ക് മാത്രമേ ഈ മുറികളില്‍ എപ്പോള്‍ വേണമെങ്കിലും പ്രവേശിക്കാനുള്ള അനുമതി ഉള്ളൂ. അതേസമയം മൊബൈല്‍ ഫോണ്‍ ഇല്ലാതെ മാത്രമേ പ്രവേശിക്കാന്‍ സാധിക്കു.
ബജറ്റ് അവതരണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് മാത്രമേ ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം തയ്യാറാക്കുകയുള്ളൂ. ജനുവരി തുടക്കം മുതല്‍ നോര്‍ത്ത് ബ്ലോക്കില്‍ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. നോര്‍ത്ത് ബ്ലോക്കിലേക്ക് വരുന്നതും പോകുന്നതുമായ എല്ലാ കാര്യങ്ങളും പരിശോധിക്കാന്‍ ശക്തമായ എക്സറെ സ്കാനിങ്ങ് സംവിധാനങ്ങളും ഇവിടെ ഐബി ഏര്‍പ്പെടുത്തും. മൊബൈല്‍ ജാമറുകളും സജ്ജമാക്കിയിട്ടുണ്ടാകും. . മുതിര്‍ന്ന ഉദ്യോഗസ്ഥരുടേത് ഉള്‍പ്പെടെയുള്ള ഇന്റര്‍നെറ്റ് കണക്ഷനുകള്‍ കട്ട് ചെയ്യും. ലാന്ഡ്ലൈനുകളിലൂടെയുള്ള ഫോണ്‍ കോളുകള്‍ പോലും സൂക്ഷ്മമായി നിരീക്ഷിക്കും.