KERALA

കനിവിന്റെ കണികയ് ക്കായി കാതോര്‍ത്തു എണ്‍പത്തൊമ്പതുകാരി

ജോമോന്‍ പൂഞ്ഞാര്‍, സിറ്റിസണ്‍ ജേര്‍ണലിസ്റ്റ്

വയനാട് : കോരിചൊരിയുന്ന മഴയിലും എണ്‍പത്തൊമ്പതുകാരി മൂന്നാനകുഴിയിലെ കീത്താപ്പള്ളി വീട്ടില്‍ പത്മിനി എന്ന വീട്ടമ്മ ഉറങ്ങതെ കാത്തിരിക്കുന്നത് കാട്ടുമൃഗങ്ങളുടെ വരവിനെയോര്‍ത്തല്ല, മറിച്ചു തന്നെ ഇറക്കി വിടാന്‍ വരുന്ന ഏമാന്മരെ ഓര്‍ത്ത്. 1980 ല്‍ ഇവരുടെ ഭര്‍ത്താവ് തങ്കപ്പനും സഹോദരനും ചേര്‍ന്ന് ഇവര്‍ താമസിക്കുന്ന വസ്തു ഈടു വച്ചു കള്ളുഷാപ്പു ലേലം നടത്തിയിരുന്നു. ഈക്കാലത്തു സോള്‍വെന്‍സി തുകയില്‍ വന്ന 30,000 രൂപയുടെ കുടിശികയുടെ പേരിലാണ് ഈ വൃദ്ധ ഇപ്പോള്‍ കുടിയിറക്കു ഭീഷണി നേരിടുന്നത്.
റവന്യു അധികാരികള്‍ നല്കിയ നോട്ടീസു പ്രകാരം കുടിശിക ഇപ്പോള്‍ ലക്ഷങ്ങള്‍ ആയി. സര്‍ക്കാര്‍ കനിഞ്ഞു നല്കുന്ന വിധവ പെന്‍ഷന്‍ മാത്രമാണ് ഇവരുടെ വരുമാനം. തന്റെ അവസ്ഥ ചൂണ്ടികാട്ടി ഇവര്‍ മുട്ടാത്ത വാതിലുകള്‍ ഇല്ല. ഇത്രയും കാലം ജീവിച്ച മണ്ണില്‍ കിടന്നു മരിക്കാനെങ്കിലും അനുവദിക്കണമെന്നു മാത്രമാണ് പത്മിനിയുടെ ആഗ്രഹം. ഈ ദുരിതകാലത്തു സര്‍ക്കാരിന്റെ കനിവൂ കാത്തു കാത്തിരിക്കുകയാണു ഈ നിരാലംബ.
10-12-2009ല്‍ അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് പത്മിനി സമര്‍പ്പിച്ച അപേക്ഷയ്ക്ക് തീര്‍പ്പുണ്ടായിട്ടില്ല. അന്ന് സമര്‍പ്പിച്ച അപേക്ഷ ഇപ്രകാരമാണ്:

‘ബഹുമാനപ്പെട്ട കേരളാമുഖ്യമന്ത്രി സമക്ഷം വയനാട് ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ പുറക്കാടി അംശം മൂന്നാനക്കുഴി കീത്താപ്പിള്ളില്‍ പരേതനായ തങ്കപ്പന്‍ ഭാര്യ പത്മിനി (വിധവ )ബോധിപ്പിക്കുന്ന അപേക്ഷ ടി സ്ഥലത്ത് റീ സര്‍വ്വേ നമ്പര്‍ 50/1ല്‍ (90സെന്റില്‍ 0.3140 ഹെക്ടര്‍) സ്ഥലത്ത് താമസിച്ചു വരുകയാണ് 1981-85കാലയളവില്‍ എന്റെ ഭര്‍ത്താവ് പരേതനായ തങ്കപ്പനും സഹോദരന്‍ നാരായണനും ചേര്‍ന്ന് മേല്‍പ്പടി വസ്തുവും വീടും സൊളെന്‍സി വെച്ച് കള്ള് ഷാപ്പ് ലേലം കൊണ്ടു ഒരു വര്‍ഷം കൊണ്ട് ചെത്ത് തൊഴിലാളികളുടെ പി എഫ് കുടിശിക വരുകയും ഈ സ്ഥലം റവന്യു റിക്കവറിക്ക് വിധേയമാക്കുകയും ചെയ്തു അന്ന് മുതല്‍ ഈ സ്ഥലത്തെ കുറഞ്ഞ വരുമാനമായ അടയ്ക്ക, കാപ്പി മുതലായവ പുറക്കാടി വില്ലേജില്‍ നിന്നും ലേലം വിളിച്ചുകൊണ്ടിരിക്കുകയാണ് ഇത് മൂലം നിത്യവൃത്തിക്ക് 78 വയസ് പ്രായമായ ഞാന്‍ ബുദ്ധിമുട്ടുകയാണ്, കുടിശിക തുകയായ 30, 000രൂപ ഇന്ന് മൂന്ന് ലക്ഷമായി എന്ന് അമ്പലവയല്‍ റവന്യു റിക്കവറി തഹസില്‍ദാര്‍ എന്നെ വിളിച്ച് അറിയിച്ചു. എത്രയും പെട്ടെന്ന് വീഴ്ച വരുത്തിയ തുക അടയ്ക്കാത്ത പക്ഷം വീട്ടില്‍ നിന്നും ഇറങ്ങി പോകേണ്ടി വരുമെന്നും അറിയിച്ചു. 2010മാര്‍ച്ച് 31ന് ജപ്തി നടപടികള്‍ സ്വീകരിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനാണെന്ന അറിയിപ്പും ലഭിച്ചു ജപ്തി നടപടി സ്വീകരിച്ചാല്‍ വഴിയാധാരമാകുന്ന ഈ വിധവയ്ക്കും മക്കള്‍ക്കും താമസിക്കാനൊരിടമില്ലാത്തതിനാല്‍ മുന്‍പോട്ടുള്ള ജീവിതം നയിക്കാന്‍ സാഹചര്യം ഉണ്ടാക്കി തരുവാന്‍ വയോധികയായ ഈ വിധവ താഴ്മയായി അപേക്ഷിക്കുന്നു, എന്ന് പത്മിനി കീത്താപ്പിള്ളില്‍ വീട്, വാളവയല്‍ പി ഒ, മൂന്നാനക്കുഴി, കേണിച്ചിറ വഴി വയനാട് ജില്ല, 673596.

ഇപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് ഇന്നും തീര്‍പ്പ് കല്പിച്ചിട്ടില്ല, ഇന്ന് ഇവരുടെ ആകെയുള്ള വരുമാനം സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷന്‍ മാത്രമാണ് അതാവട്ടെ വാര്‍ദ്ധക്യ അസുഖത്തിന് ചികിത്സ നടത്താന്‍ മാത്രമേയുള്ളൂ. ഇവര്‍ കഴിയുന്ന ചെറിയ വീടാവട്ടെ എപ്പോള്‍ വേണമെങ്കിലും നിലം പതിക്കാവുന്ന അവസ്ഥയിലും. മക്കള്‍ക്ക് കൂലിപ്പണിയാണ്, ഇപ്പോള്‍ ഉള്ളവീട് പുനര്‍നിര്‍മ്മിയ്ക്കാന്‍ സര്‍ക്കാരും, പഞ്ചായത്ത് അധികൃതരും, സംഘടനകളും കനിയണം എന്നതാണ് ഈ പാവം വീട്ടമ്മയുടെ അപേക്ഷ.

പത്മിനി അമ്മയുടെ വീട്

Tags
Show More

Related Articles

Back to top button
Close