INDIANEWS

കന്നഡ പിന്നണിഗായിക അനന്യ ഭട്ടിന്റെ പിതാവ് കൊലക്കേസില്‍ അറസ്റ്റില്‍

മൈസൂരു: പ്രശസ്ത കന്നഡ പിന്നണിഗായിക അനന്യ ഭട്ടിന്റെ പിതാവ് കൊലക്കേസില്‍ അറസ്റ്റില്‍. റിട്ട. സ്‌കൂള്‍ പ്രിന്‍സിപ്പാളെ കുത്തിക്കൊന്ന കേസിലാണ് അനന്യയുടെ പിതാവ് വിശ്വനാഥ് ഭട്ട് അടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തത്. വിശ്വനാഥ് ഭട്ടും മറ്റ് രണ്ട് അധ്യാപകരും ചേര്‍ന്നാണ് വാടകക്കൊലയാളികളെ ഏര്‍പ്പാടാക്കി കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു.

സെപ്റ്റംബര്‍ 20-നാണ് വിശ്വചേതന സംസ്‌കൃത പാഠശാലയുടെ സെക്രട്ടറിയും റിട്ട. സ്‌കൂള്‍ പ്രിന്‍സിപ്പാളുമായ പരമശിവമൂര്‍ത്തി(64)യെ വീട്ടില്‍ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പണം പലിശയ്ക്ക് കൊടുക്കുന്ന ഏര്‍പ്പാടുണ്ടായതിനാല്‍ സാമ്പത്തിക തര്‍ക്കത്തെച്ചൊല്ലിയാകും കൊലപാതകമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ ആ വഴിക്കുള്ള അന്വേഷണത്തില്‍ പോലീസിന് കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല. തുടര്‍ന്നാണ് സംസ്‌കൃത പാഠശാലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം നടത്തുകയും പ്രതികളെ പിടികൂടുകയും ചെയ്തത്.പരമശിവ മൂര്‍ത്തി സെക്രട്ടറിയായിരുന്ന സംസ്‌കൃത പാഠശാലയിലെ അധ്യാപകനാണ് വിശ്വനാഥ് ഭട്ട്. അധ്യാപകരുടെ ശമ്പളത്തില്‍നിന്നും സര്‍ക്കാര്‍ ഗ്രാന്റില്‍നിന്നും ഒരു തുക ഈടാക്കുന്നത് സെക്രട്ടറിയുടെ പതിവായിരുന്നു. ഇതേച്ചൊല്ലി അധ്യാപകരും സെക്രട്ടറിയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാവുകയും ചെയ്തു. ശമ്പളം പിടിക്കലടക്കം സെക്രട്ടറിയുടെ ഉപദ്രവം തുടര്‍ന്നതോടെയാണ് വിശ്വനാഥ് ഭട്ടും മറ്റ് രണ്ട് അധ്യാപകരും ചേര്‍ന്ന് ഇയാളെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഏഴ് ലക്ഷം രൂപയ്ക്ക് നാഗേഷ്, നിരഞ്ജന്‍ എന്നിവര്‍ക്ക് ക്വട്ടേഷന്‍ നല്‍കി. സെപ്റ്റംബര്‍ 20-ന് വാടകക്കൊലയാളികളായ ഇരുവരും പരമശിവമൂര്‍ത്തിയെ വീട്ടില്‍ക്കയറി കുത്തിക്കൊല്ലുകയായിരുന്നു.സംഭവത്തില്‍ വാടകക്കൊലയാളികളായ രണ്ട് പേരെയും മൂന്ന് അധ്യാപകരെയും അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. അതേസമയം, പിതാവ് ചെയ്ത കുറ്റകൃത്യത്തെക്കുറിച്ച് തനിക്ക് കൂടുതല്‍ വിവരങ്ങളറിയില്ലെന്നായിരുന്നു ഗായിക അനന്യയുടെ പ്രതികരണം. താന്‍ പിതാവിനോടൊപ്പമല്ല താമസമെന്നും അവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close