AMERICA 2020INSIGHT

കമലയുടെ കൈയിൽ ഒതുങ്ങുമോ സെനറ്റ്

പി പി മാത്യു

യു എസ് സെനറ്റ് തെരഞ്ഞെടുപ്പ് ഫലങ്ങൾ ഇനിയും പൂർത്തിയാകാനിരിക്കെ പുതിയൊരു സാധ്യത വ്യാപക ചർച്ചാ വിഷയമാവുന്നു. നൂറു അംഗങ്ങളുള്ള സെനറ്റിൽ ഇപ്പോൾ റിപ്പബ്ലിക്കൻ പാർട്ടിക്കു 50 സീറ്റും ഡെമോക്രാറ്റിക്‌ പാർട്ടിക്കു 48 സീറ്റുമാണ് ഉള്ളത്. എന്നാൽ ജനുവരി 5 നു ജോർജിയ സംസ്ഥാനത്തു രണ്ടു സെനറ്റ് സീറ്റുകളിലേക്ക് നടക്കുന്ന പുനർ വോട്ടെടുപ്പിൽ ഡെമോക്രാറ്റുകൾ രണ്ടും നേടാൻ സാധ്യതയുണ്ട് എന്ന സ്ഥിതിവിശേഷം കാണുന്നുണ്ട്. അങ്ങിനെ സംഭവിച്ചാൽ സെനറ്റിൽ ആർക്കും ഭൂരിപക്ഷം ഇല്ലാത്ത 50 – 50 എന്ന നില വരും. ആർക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയിൽ സെനറ്റ് അധ്യക്ഷ എന്ന നിലയ്ക്ക് വൈസ് പ്രസിഡന്റ് കമല ഹാരിസിന് കാസ്റ്റിംഗ് വോട്ട് അധികാരമുണ്ട്.

ചരിത്രം കുറിച്ച് ആദ്യത്തെ യു എസ് വനിതാ വൈസ് പ്രസിഡന്റായ ഇന്ത്യൻ പൈതൃകമുള്ള ഹാരിസിന് അങ്ങിനെ ഒരു ചരിത്ര നിയോഗം കൂടി ഉണ്ടാവുമോ എന്നറിയാൻ ജനുവരി 6 വരെ കാത്തിരിക്കണം.
രണ്ടിൽ ഒരു സീറ്റ് റിപ്പബ്ലിക്കൻ പാർട്ടി നേടിയാൽ അവർക്കു ഒരു സീറ്റിന്റെ ഭൂരിപക്ഷം ലഭിക്കും. ജോർജിയയിൽ റിപ്പബ്ലിക്കൻ സെനറ്റർ ഡേവിഡ് പെർഡ്യു, ഡെമോക്രാറ്റ് ജോൺ ഓസോഫിനെയും റിപ്പബ്ലിക്കൻ സെനറ്റർ കെല്ലി ലോഫ്‌ലെർ, ഡെമോക്രാറ്റ് റഫായേൽ വെർനോക്കിനെയും നേരിടുന്നു. അഭിപ്രായ വോട്ടെടുപ്പുകളിൽ രണ്ടു ഡെമോക്രാറ്റുകൾക്കും മുൻതൂക്കമുണ്ട്.

പെർഡ്യു നവംബർ മൂന്നിലെ തെരഞ്ഞെടുപ്പിൽ വേണ്ടത്ര വോട്ട് — 50 ശതമാനത്തിൽ അധികം — നേടിയില്ല. ജോർജിയ ഭരണഘടന അനുസരിച്ചു 50 ശതമാനം വോട്ടുകൾ നേടിയില്ല എന്നതു കൊണ്ടാണ് ഏറ്റവും അധികം വോട്ട് നേടിയ രണ്ടു പേർ തമ്മിൽ രണ്ടാമങ്കം വേണ്ടി വന്നത്. പക്ഷെ നവംബർ മൂന്നിന് ഒന്നാമത് എത്തിയ പെർഡ്യു ഇപ്പോൾ പിന്നിൽ നിൽക്കുന്നതായാണ് സർവേകളുടെ സൂചന.
രണ്ടാമത്തെ തെരഞ്ഞെടുപ്പ് മറ്റൊരു രീതിയിലാണ്. ജോണി ഇസാക്‌സോൺ എന്ന സെനറ്റർ രാജി വച്ച ഒഴിവിൽ സംസ്ഥാന നിയമസഭ റിപ്പബ്ലിക്കൻ ലോഫ്‌ലേറെ സെനറ്ററായി നിയോഗിച്ചിരുന്നു. ആ സീറ്റിലേക്കാണ് ഇപ്പോൾ വോട്ടിംഗ് നടത്തുക. അരിസോണയിൽ റിപ്പബ്ലിക്കൻ ഇതിഹാസമായിരുന്ന ജോൺ മക്കയിൻ അന്തരിച്ചതോടെ ഒഴിവു വന്ന സെനറ്റ് സീറ്റിലേക്ക് ഇത് പോലെ നടന്ന വോട്ടെടുപ്പിൽ ഡെമോക്രാറ്റ് ആണ് ജയിച്ചത്. ഇക്കുറി റിപ്പബ്ലിക്കൻ പാർട്ടിക്ക് നഷ്‌ടമായ ഒരു സെനറ്റ് സീറ്റാണത്.
നവംബർ മൂന്നിനു കണ്ട മാറ്റങ്ങൾ ജോർജിയയിലും ആവർത്തിക്കും എന്ന് ഡെമോക്രറ്റുകൾ കരുതുന്നു. ട്രംപ് അവിടെ പ്രചാരണത്തിന് എത്തിയപ്പോൾ റിപ്പബ്ലിക്കൻ പാർട്ടിയിൽ ഉണ്ടായ അസ്വസ്ഥത രഹസ്യമായിരുന്നില്ല. ബൈഡൻ ഈയാഴ്ച്ച എത്തുന്നുണ്ട്.
സെനറ്റ് പിടിയിൽ ഒതുങ്ങിയാൽ നിയുക്ത പ്രസിഡന്റ് ജോ ബൈഡനു ഭരണം കുറേക്കൂടി സുഗമമാകും. റിപ്പബ്ലിക്കൻ ഭൂരിപക്ഷത്തിൽ സെനറ്റ് ഇരുന്നാൽ ബൈഡന്റെ ക്യാബിനറ്റ് അംഗങ്ങൾക്ക് അംഗീകാരം കിട്ടുന്നത് മുതൽ അദ്ദേഹത്തിന്റെ നയപരിപാടികൾക്കു പച്ചക്കൊടി കിട്ടുന്നത് വരെയുള്ള കാര്യങ്ങൾ ഏറെ ബുദ്ധിമുട്ടാവും. പ്രതിരോധ സെക്രട്ടറിയായി ചരിത്രത്തിൽ ആദ്യത്തെ ആഫ്രിക്കൻ വംശജനെ നിയമിച്ചതിൽ ഇപ്പോഴേ എതിർപ്പു തുടങ്ങിക്കഴിഞ്ഞു. 40 ശതമാനത്തിലേറെ സൈനികർ കറുത്ത വർഗക്കാർ ആണെന്ന സത്യം ചൂണ്ടിക്കാട്ടി, അതിന്റെ തലപ്പത്തു അങ്ങിനെ ഒരാൾ വരുന്നതിന്റെ അപാകത എന്താണെന്നു ബൈഡൻ ചോദിക്കുന്നു.

ജോ ബൈഡന്റെ വിജയം അസാധുവാക്കാൻ വ്യാജ ന്യായങ്ങളുമായി കോടതികൾ കയറി ഇറങ്ങിയ ഡൊണാൾഡ് ട്രംപിന് തുടർച്ചയായി തിരിച്ചടികൾ മാത്രമാണ് ലഭിച്ചത്. ഏറ്റവും ഒടുവിൽ ട്രംപ് ഏറെ പ്രതീക്ഷ അർപ്പിച്ചിരുന്ന സുപ്രീം കോടതിയും അദ്ദേഹത്തിന്റെ വാദങ്ങൾ തള്ളി. എല്ലാ സംസ്ഥാനങ്ങളും ഫലങ്ങൾ പ്രഖ്യാപിച്ചതോടെ 306 ഇലക്ടറൽ വോട്ട് ബൈഡനും 232 ട്രംപിനും എന്നതാണ് നില. ഡിസംബർ 14 തിങ്കളാഴ്ച്ച ഇലക്ടറൽ കോളജ് ഔപചാരികമായി ബൈഡന്റെ വിജയം പ്രഖ്യാപിച്ചു കഴിഞ്ഞാൽ പിന്നെ ഭരണഘടന അനുവദിക്കുന്ന ഒരു പഴുതും ട്രംപിനു ബാക്കിയില്ല.

എങ്കിലും ടെക്സസിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ നേതൃത്വത്തിൽ ഒരു യുദ്ധത്തിനു കൂടിയുള്ള ശ്രമത്തിലാണ് ട്രംപ്. 2012 ൽ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി ആയിരുന്ന സെനറ്റർ മിറ്റ് റോംനി അതിനെ “മുഴുഭ്രാന്ത്” എന്നാണ് വിളിച്ചത്. ജോർജിയ, മിഷിഗൺ, പെൻസിൽവേനിയ, വിസ്കോൺസിൻ എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കണം എന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. ഇതെല്ലാം ബൈഡൻ കീഴടക്കിയ കോട്ടകളാണ്. ദശലക്ഷക്കണക്കിനു വോട്ടുകളാണ് ഇതിൽ ഉൾപ്പെടുക. മഹാമാരിയുടെ നിയന്ത്രണങ്ങൾ വോട്ടിംഗ് നിയമങ്ങൾക്കു വിരുദ്ധമായി ഉപയോഗിച്ചു എന്നാണ് ആരോപണം. “ജനാധിപത്യത്തിന് അപകടവും വിനാശകരവും” എന്നാണു റോംനി അതേപ്പറ്റി പറഞ്ഞത്.

രാജ്യത്തിന്റെയും ഭരണഘടനയുടെയും താൽപര്യങ്ങൾ ബലികഴിക്കില്ല എന്ന നിലപാടിലേക്ക് പല റിപ്പബ്ലിക്കൻ നേതാക്കളും എത്തിക്കഴിഞ്ഞിട്ടുമുണ്ട്. ട്രംപ് പരാജയം സമ്മതിക്കാൻ വൈകേണ്ടതില്ല എന്ന് അയോവ സെനറ്റർ ചുക് ഗ്രാസ്‌ലി പരസ്യമായി പറഞ്ഞു.
ട്രംപിനെ എതിർത്താൽ തന്റെ വീടിനു മേലെ ബോംബ് വീഴുമെന്ന ഭയമുണ്ടെന്നു പെൻസിൽവേനിയ സ്റ്റേറ്റ് സെനറ്റർ കിം വാർഡ് പറഞ്ഞു. സംസ്ഥാനത്തെ വോട്ടുകൾ അസാധുവാക്കാൻ ട്രംപ് ആവശ്യപ്പെട്ടപ്പോൾ അത് നിരസിച്ചിരുന്നു വാർഡ്.
എന്നാൽ അധികാരം ഒഴിയും മുൻപ് പരമാവധി അക്രമങ്ങൾ ചെയ്തു വയ്ക്കാൻ ഉറച്ച പോലെയാണ് ട്രംപ്. നടപ്പാക്കാനുള്ള വധശിക്ഷകൾ ഉടൻ നടപ്പാക്കാൻ അദ്ദേഹം നീതിന്യായ വകുപ്പിന് ഉത്തരവ് നൽകിക്കഴിഞ്ഞു. ബൈഡന്റെ പുത്രൻ ഹണ്ടർ ബൈഡന്റെ ചൈനയിലെ ബിസിനസ് സംബന്ധിച്ച് അന്വേഷണം തുടങ്ങി വച്ചു. ഒരിക്കൽ കൂടി പ്രസിഡന്റാവാൻ 2024 ൽ വീണ്ടും മത്സരിക്കും എന്നാണ് ട്രംപ് പ്രഖ്യാപിക്കാൻ പോകുന്നു എന്ന വാർത്തകൾക്കിടയിൽ നടന്ന അഭിപ്രായ സർവേയിൽ 60% പറഞ്ഞത് അത് വേണ്ട എന്നാണ്. 65% പേര് പറഞ്ഞു അദ്ദേഹം തോൽവി സമ്മതിക്കണം എന്ന്. ബൈഡൻ സത്യപ്രതിജ്ഞ ചെയ്യുന്ന ജനുവരി 20 നു ട്രംപിന്റെ പ്രഖ്യാപനം ഉണ്ടാവാം.

ട്രംപ് ഭക്തന്മാരായ തീവ്രവാദി വെള്ളക്കാർ രാജ്യത്തിനു നിരന്തരമായ ഭീഷണിയാവും എന്ന് ഒക്ടോബറിൽ യു എസ് ആഭ്യന്തര സുരക്ഷാ വകുപ്പ് പറഞ്ഞിരുന്നു. അധികാരം ഒഴിഞ്ഞാലും 2024 ൽ മത്സരിക്കും എന്ന് പ്രഖ്യാപിക്കാൻ ട്രംപ് ഒരുങ്ങുന്നത് ഇക്കൂട്ടരെ ഉഷാറാക്കി നിർത്താനാണ് എന്നാണ് നിരീക്ഷകർ കരുതുന്നത്. ക്യുബയും വെനസ്വേലയും തെരഞ്ഞെടുപ്പിൽ ഇടപെട്ടു “കമ്മ്യൂണിസ്റ്റ്” ബൈഡനെ സഹായിച്ചു എന്ന് ഇക്കൂട്ടർ വിശ്വസിക്കുന്നു. കാരണം, തോറ്റമ്പിയ ട്രംപ് അവരെ പഠിപ്പിക്കുന്നത് അങ്ങിനെയാണ്. അത്തരം വിശ്വാസങ്ങളുമായി തെരുവിൽ ഇറങ്ങാൻ ട്രംപ് അവരെ ഒരുക്കുമ്പോൾ അമേരിക്കയിൽ ഉരുത്തിരിയുന്ന ആഭ്യന്തര ഭീകരവാദം നമ്മൾ കാണേണ്ടതുണ്ട്.
സെനറ്റർ കിം വാർഡ് പറഞ്ഞ ബോംബ് ഭീഷണിയെ ഇവിടെ ഉദാഹരണമാക്കാം. മറ്റൊന്ന് മിഷിഗൺ ഗവർണറെ തട്ടിക്കൊണ്ടു പോകാൻ നടത്തിയ ശ്രമമാണ്. മിഷിഗൺ നിയമസഭയിൽ കടന്നു അംഗങ്ങളെ ബന്ദികളാക്കി കൂട്ടക്കൊല ചെയ്‌ത്‌ ആഭ്യന്തര യുദ്ധം അഴിച്ചു വിടാൻ വെള്ളക്കാർ പരിപാടി ഇട്ടിരുന്നതായി റിപ്പോർട്ടുണ്ട്. ന്യുസിലൻഡും നോർവെയും നമ്മുടെ ഓർമയിലുണ്ട്. ആ കൊലയാളികളുടെ ദൈവം ട്രംപ് ആയിരുന്നു. എവിടേക്കാണ് അമേരിക്ക പോകുന്നത് എന്ന ചോദ്യം ഉയരുന്നത് ഈ പശ്ചാത്തലത്തിൽ കൂടിയാണ്.

ട്രംപ് ഭരണം കോവിഡിനെ പുച്ഛിച്ചു തള്ളിയെങ്കിൽ മഹാമാരി ബൈഡനു ഏറ്റവും പ്രധാന വെല്ലുവിളിയായി മാറുകയാണ്. പ്രതിദിന മരണം ബുധനാഴ്ച 3,000 കടന്നു — 3,054 ൽ റെക്കോർഡ്. ദിവസേന രണ്ടു ലക്ഷം പുതിയ കേസുകൾ ഉണ്ടാവുമ്പോൾ ഒരു ലക്ഷത്തിലധികം പേർ ആശുപത്രികളിൽ ഉണ്ട്. ആശുപത്രി സൗകര്യങ്ങൾ പരിമിതമാണ് എന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. അതുണ്ടാക്കാനുള്ള ആവശ്യം ട്രംപ് തള്ളിക്കളഞ്ഞിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ വരെ വികസിപ്പിക്കേണ്ട അവസ്ഥയിലാണ് പുതിയ ഭരണകൂടം. ക്രിസ്‌മസ്‌ സീസൺ കഴിയുമ്പോൾ കേസുകൾ ഇനിയും കൂടും എന്ന ഭയമുണ്ട്.

ഗള്‍ഫ് ടുഡേയുടെ മുന്‍ വേള്‍ഡ് എഡിറ്ററാണ് ലേഖകന്‍

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close