MoviesTrending

കമല്‍ഹാസനെയും രജനീകാന്തിനെയും തമിഴ് സിനിമയിൽ പരിചയപ്പെടുത്തിയ കെ.ബാലചന്ദര്‍ സമ്മാനിച്ച അതുല്യ നടൻ; വിവേക് അനശ്വരമാക്കിയത് ഉള്‍ക്കനമുള്ള തമാശയ്‌ക്കൊപ്പം ക്യാരക്ടര്‍ പരിവേഷവും

ചെന്നൈ: തമിഴ് സിനിമയ്ക്ക് കമല്‍ഹാസനെയും രജനീകാന്തിനെയും പരിചയപ്പെടുത്തിയ കെ.ബാലചന്ദര്‍ സമ്മാനിച്ച അതുല്യ നടനാണ് വിവേക്. ബാലചന്ദര്‍ സംവിധാനം ചെയ്ത് ഗായകന്‍ എസ്.പി.ബാലസുബ്രഹ്‌മണ്യം നായകനും സുഹാസിനി നായികയുമായ മനതില്‍ ഉറുതി വേണ്ടും എന്ന ചിത്രത്തിലെ വിവേക് എന്ന കഥാപാത്രത്തിലൂടെ 1987ലാണ് അദ്ദേഹത്തിന്റെ ചലച്ചിത്രപ്രവേശം. ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് വിവേക് തമിഴകത്ത് ശ്രദ്ധിക്കപ്പെടുന്നത്. കൗണ്ടമണി-സെന്തില്‍ തലമുറയെയും വടിവേലുവിനെയും പിന്തുടര്‍ന്ന് സ്വന്തമായൊരു അസ്തിത്വമുണ്ടാക്കിയ ഹാസ്യനടനായിരുന്നു അദ്ദേഹം.

ജനകരാജിനെപ്പോലുള്ളവര്‍ കത്തി നിന്ന കാലത്ത് സ്വതസിദ്ധമായ വേഷപ്പകര്‍ച്ചകളിലൂടെ, നായകന്റെ സഹായിയും സഹപാഠിയും കൂട്ടാളിയുമൊക്കെയായി നായകതുല്യമായ തിരയിടം സ്വന്തമാക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. ശിവജി ദ ബോസിലും മറ്റും തമിഴകത്തെ സൂപ്പര്‍ താരം രജനീകാന്തിന്റെ വരെ ചങ്ങാതിയായി ഒപ്പത്തിനൊപ്പം വേഷമിട്ട വിവേക്, ഇന്‍ ഹരിഹര്‍ നഗറിന്റെ തമിഴ് റീമേക്കായ എംജിആര്‍ നഗറില്‍ ജഗദീഷിന്റെ വേഷം അവതരിപ്പിച്ചു.റണ്‍, സാമി, പേഴകന്‍ തുടങ്ങിയ സിനിമകളിലെ പ്രകടനത്തിന് മികച്ച ഹാസ്യനടനുള്ള ബഹുമതി നേടിയ അദ്ദേഹം പതിയേ ഹാസ്യത്തോടൊപ്പം ഗൗരവമുള്ള ക്യാരക്ടര്‍ വേഷങ്ങളിലേക്കു കടക്കുകയായിരുന്നു.

സിനിമയില്‍ വൈ.ജി.മഹേന്ദ്രന്റെ കരിയര്‍ ഗ്രാഫിനോട് സാമ്യമുള്ള ഒന്നാണ് വിവേകിന്റേത്. ഉള്‍ക്കനമുള്ള തമാശയ്‌ക്കൊപ്പം ക്യാരക്ടര്‍ പരിവേഷവും വേഗം സ്വന്തമാക്കാനായ വിവേക് പാലക്കാട്ട് മാധവന്‍ എന്ന ചിത്രത്തില്‍ മലയാളിയായി അഭിനയിച്ചു. ഇളയതലമുറക്കാര്‍ക്കൊപ്പം വരെ സജീവമായിരുന്ന വിവേക് അമേരിക്കയില്‍ മകനൊപ്പം താമസിക്കാനെത്തുന്ന വിരമിച്ച പൊലീസുദ്യോഗസ്ഥനായി വേഷമിട്ട വെള്ളൈപ്പൂക്കളില്‍ അദ്ഭുതാവഹമായ പ്രകടനമാണ് കാഴ്ചവച്ചത്. 2020ല്‍ പുറത്തിറങ്ങിയ ധാരാളപ്രഭു ആണ് അവസാന ചിത്രം. 2009ല്‍ രാഷ്ട്രം പത്മശ്രീ നല്‍കി ആദരിച്ച കലാകാരനാണ് വിവേക്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close