
വാഷിങ്ടന്‍: ഡെമോക്രാറ്റ് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയും ഇന്ത്യന്‍ വംശജയുമായ കമല ഹാരിസിന്റെ പേര് തെറ്റായി ഉച്ചരിച്ചതില്‍ അമേരിക്കയില്‍ വ്യാപക പ്രതിഷേധം. ‘MyNameIs’, ‘IstandwithKamala’ എന്നീ ഹാഷ്ടാഗുകളുമായി കമലയുടെ അനുയായികള്‍ ഓണ്‍ലൈന്‍ പ്രചാരണം ആരംഭിച്ചു. റിപ്പബ്ലിക്കന്‍ സെനറ്റര്‍ ഡേവിഡ് പെര്‍ഡ്യൂ ആണ് തെരഞ്ഞെടുപ്പ് റാലിക്കിടെ കമലയുടെ പേര് തെറ്റായി ഉച്ചരിച്ചത്.
‘KAH”-mah-lah? Kah-MAH”-lah? Kamala-mala-mala? എനിക്കറിയില്ല, എന്തെങ്കിലുമാകട്ടെ – അദ്ദേഹം പ്രസംഗത്തിനിടെ പറഞ്ഞതിങ്ങനെ. ഇതിനെതിരെ ഉടന്‍തന്നെ കമല അനുയായികള്‍ തിരിച്ചടിച്ചു. കമലയുടെ പേരിന്റെ ഉത്ഭവവും അര്‍ഥവും വിശദീകരിച്ചുകൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ നിറയുന്നത്. പെര്‍ഡ്യൂവിനെ അപലപിച്ച് ജോ ബൈഡന്റെ പ്രചാരണ കോര്‍ഡിനേറ്റര്‍ അമിത് ജാനി ‘വര്‍ഗീയതയെ തകര്‍ത്തെറിയുക’ എന്ന പേരില്‍ പ്രചാരണത്തിനും തുടക്കം കുറിച്ചു. പേര് ഉച്ചരിച്ചതില്‍ വന്ന പിശക് മാത്രമാണിതെന്നും മറ്റൊന്നും അര്ഥമാക്കുന്നില്ലെന്നുമാണ് ജോണ്‍ ബര്‍ക്കിന്റെ വക്താവ് നല്കിയ വിശദീകരണം.