തിരുവനന്തപുരം:പുന്നപ്ര–-വയലാർ രക്തസാക്ഷികളുടെ ജീവത്യാഗം വൃഥാവിലായില്ലെന്ന് സമര നായകൻ വി എസ് അച്യുതാനന്ദൻ പറഞ്ഞു. കമ്യൂണിസ്‌റ്റ് പാർട്ടിയെ കുഴിച്ചു മൂടിയെന്ന് അഹങ്കരിച്ച ദിവാന്റെ കൺമുമ്പിൽ ഒരു ദശാബ്‌ദത്തിനു ശേഷം കമ്യൂണിസ്‌റ്റ് പാർടി ലോകചരിത്രം സൃഷ്‌ടിച്ച് കേരളത്തിൽ അധികാരത്തിൽ വന്നു. ആ മുന്നേറ്റം തുടരുകയാണ്– പുന്നപ്ര രക്തസാക്ഷി അനുസ്‌മരണ സമ്മേളനത്തിനയച്ച സന്ദേശത്തിൽ വി എസ് പറഞ്ഞു.
തിരുവിതാംകൂറിനെ ഇന്ത്യയിൽ ലയിപ്പിക്കാതെ സ്വതന്ത്രരാജ്യമായി നിലനിർത്താനും അമേരിക്കൻ മോഡൽ ഭരണം സ്ഥാപിക്കാനുമുള്ള നീക്കമാണ് നാടുവാഴി–- ദിവാൻ ഭരണകൂടം ആവിഷ്‌കരിച്ചത്. ഇതിനെതിരെ നടന്ന ഐതിഹാസിക പുന്നപ്ര-–-വയലാർ പ്രക്ഷോഭത്തിൽ ദിവാൻ ഭരണത്തിന്റെ കിരാത വേട്ടയിൽ നൂറുകണക്കിന് സമരസഖാക്കളാണ് ജീവത്യാഗം ചെയ്‌തത്. മറ്റു നിരവധി പോരാളികൾ ജീവിക്കുന്ന രക്തസാക്ഷികളായി. അടിച്ചമർത്തലിന്റെ കിരാതമായ നടപടികളാണ് സമര സഖാക്കൾക്ക് നേരിടേണ്ടി വന്നത്.
പ്രക്ഷോഭത്തെ ചോരയിൽ മുക്കാൻ ദിവാന് കഴിഞ്ഞു. എന്നാൽ, പുന്നപ്ര–-വയലാർ സമര സേനാനികൾ ഉയർത്തിയ “അമേരിക്കൻ മോഡൽ അറബിക്കടലിൽ’ എന്ന മുദ്രാവാക്യം സാക്ഷാൽക്കരിക്കുക തന്നെ ചെയ്‌തു. സ്വാതന്ത്ര്യവും ജനാധിപത്യവും സ്ഥാപിക്കപ്പെട്ടു. നാടിന്റെ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി ജീവത്യാഗം ചെയ്‌ത പുന്നപ്ര–-വയലാർ ധീര രക്തസാക്ഷികളുടെ സ്‌മരണക്കു മുന്നിൽ ആദരാഞ്ജലി അർപ്പിക്കുന്നു–- വി എസ് പറഞ്ഞു. സന്ദേശം വാരാചരണകമ്മിറ്റി സെക്രട്ടറി കെ മോഹൻകുമാർ വായിച്ചു.