Breaking NewsKERALANEWSTop News

കയ്യടി നേടാൻ സിപിഐ നേതാക്കൾ ആക്രമിക്കുന്നത് സിപിഎമ്മിനെ; മുട്ടിൽ മരംമുറി വിവാദത്തിൽ സിപിഎം മൗനം പാലിച്ചതോടെ വെട്ടിലായത് സിപിഐയും

തിരുവനന്തപുരം: എം സി ജോസഫൈൻ വിഷയത്തിൽ സിപിഐ നേതാക്കൾ പരസ്യ നിലപാട് സ്വീകരിച്ചതിന് പിന്നാലെ സിപിഐക്ക് പണികൊടുത്ത് സിപിഎം. മുട്ടിൽ മരംമുറി വിവാദത്തിൽ സിപിഐക്കെതിരെ ഉയരുന്ന വിവാദങ്ങളെ പ്രതിരോധിക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഎം. സിപിഐയേയും സിപിഐ നേതാവായ മുൻ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനെയും പ്രതിക്കൂട്ടിലാക്കിയാണ് മരംമുറി വിവാ​ദം കത്തുന്നത്. സാധാരണ ​ഗതിയിൽ സർക്കാരിനും മുന്നണിക്കും എതിരെ ഉയരുന്ന ഏത് ആരോപണത്തെയും സിപിഎം നേതാക്കൾ പ്രതിരോധിക്കുകയാണ് പതിവ്. സൈബർ ലോകത്തും സപിഎം അനുഭാവികൾ ഇത്തരം പ്രതിരോധം തീർക്കാറുണ്ട്. എന്നാൽ, മരംമുറി വിവാദത്തിൽ സിപിഎം നേതാക്കൾ മൗനം പാലിക്കുകയാണ്.

പാര്‍ട്ടിയെയും മുന്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനെയും പ്രതിക്കൂട്ടിലാക്കുന്നതിലുള്ള അതൃപ്തി സിപിഐ സിപിഎമ്മിനെ അറിയിച്ചിട്ടുണ്ട്. ഈ അമര്‍ഷം മൂലമാണ് മരംമുറി വിവാദവുമായി ബന്ധപ്പെട്ട് ടെലിവിഷന്‍ ചര്‍ച്ചകളില്‍ നിന്നും സിപിഐ മാറി നില്‍ക്കുന്നതെന്നാണ് വിവരം. മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതിയോടെയാണ് റവന്യൂപട്ടയ ഭൂമിയിലെ മരം മുറിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. ഇതിനായി സര്‍വകക്ഷി യോഗവും ചേര്‍ന്നിരുന്നു എന്നാല്‍ പഴി മുഴുവന്‍ സിപിഐക്കും പഴയ റവന്യൂ മന്ത്രിക്കുമെന്നതാണ് സിപിഐയെ ചൊടിപ്പിക്കുന്നത്. മരംമുറി ഉത്തരവില്‍ സിപിഎമ്മിനും സിപിഐക്കും തുല്യ ഉത്തരവാദിത്വമാണെന്നാണ് സിപിഐ നിലപാട്.

സിപിഎം നേരിടുന്ന ഏത് വിവാദത്തിലും സൈബര്‍ ഇടങ്ങളില്‍ പ്രതിരോധം തീര്‍ക്കാന്‍ സൈബറിടം കൃത്യമായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ മരംമുറി വിവാദത്തില്‍ സിപിഐക്കെതിരെ വന്ന പ്രചരണങ്ങളില്‍ നേതൃത്വം മൗനം പൂണ്ടു എന്നാണ് സിപിഐക്കുള്ളിലെ ഒരു വിഭാഗത്തിന്റെ അമര്‍ഷം. ഇതിനാലാണ് മരംമുറി വിവാദത്തിലെ ചാനല്‍ ചര്‍ച്ചകള്‍ക്ക് പോകേണ്ടെന്ന് സിപിഐ തീരുമാനിച്ചത്.

പല വിഷയങ്ങളിലും സിപിഎമ്മിനെതിരെ വിവാദം ഉണ്ടാകുന്ന സാഹചര്യങ്ങളിൽ സിപിഐ നേതാക്കൾ പ്രതിപക്ഷത്തിനൊപ്പം ചേർന്ന് ആക്രമിക്കുകയാണ് പതിവെന്ന പരാതി സിപിഎം നേതാക്കൾക്കും അണികൾക്കുണ്ട്. സമീപ കാലത്ത് വനിതാ കമ്മീഷൻ അധ്യക്ഷക്കെതിരെയും പിന്നീട് എംഎൽഎ മുകേഷിനെതിരെയും സിപിഐയുടെ യുവനേതാക്കൾ പരസ്യമായി രം​ഗത്ത് വന്നിരുന്നു. ഇതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close