KERALANEWSTrending

‘കരയാത്ത ഗൗരി, തളരാത്ത ഗൗരി…’ കേരള രാഷ്ട്രീയത്തെ വിരല്‍ത്തുമ്പില്‍നിര്‍ത്തി വിറപ്പിച്ച പെണ്‍ശൗര്യം;കേരളമന്ത്രി സഭയിലെ ആദ്യ വനിത; ഗൗരിയമ്മ വിട പറയുമ്പോൾ

കേരള രാഷ്ട്രീയത്തെ വിരല്‍ത്തുമ്പില്‍നിര്‍ത്തി വിറപ്പിച്ച പെണ്‍ശൗര്യവും. കേരളമന്ത്രി സഭയിലെ ആദ്യ വനിത തരംഗവുമായ ഗൗരിയമ്മക്കു വിട. ‘കരയാത്ത ഗൗരി, തളരാത്ത ഗൗരി…’ ബാലചന്ദ്രന്‍ ചുള്ളിക്കാട് വര്‍ഷങ്ങള്‍ക്കുമുമ്പ് വാക്കുകളിലൂടെ കോറിയിട്ട ഗൗരിയമ്മയുടെ നഖചിത്രം ഇന്നും മലയാള മനസ്സിന്റെ വികാരമാണ്. നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലതെ ചാഞ്ചാട്ടങ്ങള്‍ക്ക് തയ്യാറാകാതെ, ആര്‍ക്കും കീഴടങ്ങാതെ എന്തുവന്നാലും കരയാതെ,നിന്ന പെണ്‍കരുത്തിന്റെ ആദ്യ വാഗ്ദാനം… ഇടതുപക്ഷ ജനാധിപത്യമുന്നണിക്കൊപ്പം തുടങ്ങിയ ഗൗരിയമ്മ തന്റെ ഒപ്പം നില്‍ക്കുന്ന തന്റെ പാര്‍ട്ടി ഇടതുസര്‍ക്കാരിനെതിരേ സമരം ചെയ്യുന്നതിനെ പരസ്യമായി തള്ളിപ്പറയാന്‍ വയസ്സോ വയ്യായ്കയോ ഒന്നും അവര്‍ക്ക് തടസ്സവുമായില്ല.

പെട്ടെന്നുതന്നെ പാര്‍ട്ടിയും ഗൗരിയമ്മയുടെ നിലപാടുകളെ ശരിവെച്ച് പത്രക്കുറിപ്പിറക്കി. നൂറ്റിരണ്ടിലേക്ക് കടക്കുമ്പോഴും ഗൗരിയമ്മയുടെ മനസ്സും തലച്ചോറും സക്രിയമാണെന്ന് ബോധ്യമാകാന്‍ ഈ സംഭവം മാത്രം മതിയായിരുന്നു. വെല്ലുവിളിക്കാന്‍ ആരെയും അനുവദിക്കില്ല. സഹായംതേടി വരുന്നവരെ കൈവിടുകയുമില്ല. കൂടെനിന്ന് പറ്റിക്കുന്നുവെന്ന് സംശയിച്ചാല്‍ പിന്നെ രക്ഷയില്ല. ആരായാലും അവര്‍ പുറത്ത്. അടുത്തുകൂടി പദവികള്‍ കൈക്കലാക്കിയവരില്‍ പലരും ഇപ്പോള്‍ മതിലിനു വെളിയിലെത്തിയതങ്ങനെയാണ്. മനസ്സലിവില്‍ പലരെയും തിരികെ വിളിച്ച് അകത്തുകയറ്റിയിട്ടുമുണ്ട്. കൂടപ്പിറപ്പായ ശുണ്ഠിയുമായി സമരസപ്പെട്ടുപോകാന്‍ ഒരുക്കമുള്ളവര്‍ക്ക് മാത്രമേ ഈ അമ്മമനസ്സിന്റെ വലുപ്പമറിഞ്ഞ് കൂടെനില്‍ക്കാനാവൂകയുള്ളാരുന്നു….

കേരള രാഷ്ട്രീയത്തിൽ കെ ആർ ​ഗൗരിയമ്മക്ക് തുല്ല്യം കെ ആർ ​ഗൗരിയമ്മ മാത്രം. പകരം പറയാൻ മറ്റൊരു പേരില്ലാത്ത നിലയിലാണ് അവർ തന്റെ ജീവിതത്തെ മുന്നോട്ട് നയിച്ചത്. ചെറുപ്പത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയോട് ആഭിമുഖ്യം കാട്ടിയ കളത്തിപ്പറമ്പിൽ രാമൻ ഗൗരി എന്ന കെ ആർ ​ഗൗരിയമ്മ, ഐക്യകേരളത്തിന്റെ ആദ്യ മന്ത്രിസഭയിൽ അം​ഗമായി. അതിന് മുമ്പും ശേഷവും തന്റെ ശരികളെ മാത്രം ചേർത്ത് പിടിക്കുകയും ഉറക്കെ പറയുകയും ചെയ്യുന്ന സ്വഭാവമായിരുന്നു ​ഗൗരിയമ്മയുടേത്.

എല്ലാക്കാലവും ഒഴുക്കിനെതിരെ നീന്തിയ പാരമ്പര്യമാണ് ഗൗരിയമ്മയുടേത്. ശരിയെന്ന് തനിക്ക് തോന്നുന്ന കാര്യത്തിൽ എന്തുവില കൊടുത്തും ഉറച്ചുനിൽക്കുന്ന സ്വഭാവമാണ് ഗൗരിയമ്മയെ വ്യത്യസ്തയാക്കുന്നത്. 139 എംഎൽഎമാർ അനുകൂലിച്ച ആദിവാസി വിരുദ്ധ ബില്ലിനെ ഒറ്റയ്ക്ക് എതിർത്ത് തോൽപിച്ചത് തന്നെ ഉദാഹരണം. നിയമസഭ പാസാക്കിയ ബിൽ ഗൗരിയമ്മ വിയോജിപ്പ് പ്രകടിപ്പിച്ചതുകൊണ്ടുതന്നെ രാഷ്ട്രപതിമടക്കി അയച്ചു. താൻ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിൽ ആദിവാസികൾ ഇല്ലാതിരുന്നിട്ടും അവർക്കായി ഗൗരിയമ്മ പോരാടി.

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ അന്ധകാരനഴി എന്ന ഗ്രാമത്തിൽ കളത്തിപ്പറമ്പിൽ കെ. എ. രാമൻ, പാർവ്വതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14-ന് ജനനം. തിരൂർ, ചേർത്തല എന്നിവിടങ്ങളിലെ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും ബി.എ. ബിരുദവും തുടർന്ന് എറണാകുളം ലോ കോളേജിൽ നിന്നു് നിയമബിരുദവും കരസ്ഥമാക്കി. അക്കാലത്ത് ഉന്നതമായി കരുതപ്പെട്ടിരുന്ന നിയമവിദ്യാഭ്യാസം തെരഞ്ഞെടുക്കാൻ തയ്യാറായ കേരളവനിതകളുടെ ആദ്യതലമുറയിലെ അംഗം. കമ്യൂണിസ്റ്റ് പാർട്ടിയുടെ സജീവപ്രവർത്തകനായിരുന്ന ജ്യേഷ്ഠസഹോദരൻ സുകുമാരന്റെ പ്രേരണയാൽ വിദ്യാർത്ഥിരാഷ്ട്രീയത്തിലേക്കു് ഇറങ്ങിത്തിരിച്ചു. രാഷ്ട്രീയ പ്രവർത്തനത്തിടെ കൊടിയ പൊലീസ് പീഡനം അനുഭവിച്ചു.

1953-ലും 1954-ലും നടന്ന തിരുവിതാംകൂർ, തിരു-കൊച്ചി നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഗണ്യമായ ഭൂരിപക്ഷത്തോടെ അവർ വിജയിച്ചു. ഐക്യകേരളത്തിന്റെ ജനനത്തിനുതൊട്ടുശേഷം രൂപീകരിക്കപ്പെട്ട 1957-ലെ പ്രഥമകേരളനിയമസഭയിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ട് ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ, ലോകത്താദ്യമായി ബാലറ്റ് വോട്ട് ജനാധിപത്യവ്യവസ്ഥയിലൂടെ നിലവിൽ വന്ന മന്ത്രിസഭയിലും അംഗമായി. 1952-53, 1954-56 എന്നീ കാലഘട്ടങ്ങളിലെ തിരുവിതാംകൂർ-കൊച്ചി നിയമസഭകളിലും അഞ്ചാം നിയമസഭയിലൊഴികെ ഒന്നു മുതൽ പതിനൊന്നുവരെ എല്ലാ കേരള നിയമസഭകളിലും അംഗമായിരുന്നു.1957,1967,1980,1987 വർഷങ്ങളിൽ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള മന്ത്രിസഭകളിലും 2001ലെ എ.കെ. ആന്റണിയും ഉമ്മൻ ചാണ്ടിയും നയിച്ച ഐക്യ ജനാധിപത്യ മുന്നണി മന്ത്രിസഭകളിലും അവർ പ്രധാനപ്പെട്ട വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. റവന്യൂ വകുപ്പിനു പുറമേ, വിജിലൻസ്, നിയമം ,വ്യവസായം, ഭക്ഷ്യം, കൃഷി, എക്സൈസ്, സാമൂഹ്യക്ഷേമം, ദേവസ്വം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകൾക്കും നേതൃത്വം നൽകി കഴിവു തെളിയിച്ചു.

1957-ലെ പ്രഥമകേരള മന്ത്രിസഭയിലെ റവന്യൂ മന്ത്രി എന്ന നിലയിൽ ചരിത്രപ്രധാനമായ ഭൂപരിഷ്കരണ നിയമം, കേരള സർക്കാർ ഭൂമി പതിച്ചുകൊടുക്കൽ നിയമം (1958) എന്നിവ നിയമസഭയിൽ അവതരിപ്പിച്ചതും നടപ്പിൽ വരുത്തിയതും ഗൗരിയമ്മയായിരുന്നു. കേരളത്തിന്റെ പിൽക്കാല സാമ്പത്തിക-സാമൂഹ്യചരിത്രഗതി നിർണ്ണയിക്കുന്നതിൽ ഈ ബില്ലുകൾ ഗണ്യമായ പങ്കു ബഹിച്ചിട്ടുണ്ട്.

രണ്ടാമത് ഇ.എം.എസ് മന്ത്രിസഭയിൽ റവന്യൂ, ഭക്ഷ്യം, പൊതുവിതരണം, വാണിജ്യ നികുതി, സാമൂഹ്യ സുരക്ഷ, നിയമം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചു. മുൻ ഗവൺമെൻറ് അംഗീകരിച്ച ഭൂപരിഷ്കരണ ബില്ലിൽ പുരോഗമനപരവും സമൂലവുമായ നിരവധി ഭേദഗതികൾ വരുത്തി നടപ്പാക്കി. അതോടെ ജന്മിത്തം കേരളത്തിൽ നിരോധിക്കപ്പെട്ടു. മുപ്പത്തഞ്ചു ലക്ഷത്തോളം കുടിയേറ്റക്കാരും അഞ്ചുലക്ഷത്തോളം കുടികിടപ്പുക്കാരും ഭൂമിയുടെ ഉടമസ്ഥരായി. ഒരുലക്ഷത്തിലധികം ഏക്കർ ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിക്കുകയും ഗ്രാമീണ മേഖലയിലെ കർഷക തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്യുകയും ചെയ്തു.

ഇ.കെ. നായനാരുടെ നേതൃത്വത്തിൽ ആദ്യ മന്ത്രിസഭയിലും അംഗമായിരുന്നു. പതിനൊന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ നേതാവു കൂടിയായിരുന്നു ഗൗരിയമ്മ. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിനെത്തുടർന്നു കമ്മ്യൂണിസ്റ്റ് പാർട്ടി(മാർക്സിസ്റ്റ്) അംഗമായ ഇവർ 1994 ൽ പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടതിനെത്തുടർന്ന് ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്) രൂപവത്കരിച്ചു.

ആത്മകഥ (കെ.ആർ. ഗൗരിയമ്മ) എന്നപേരിൽ പ്രസിദ്ധീകരിച്ച ആത്മകഥയ്ക്ക് 2011-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 1957-ൽ മന്ത്രിസഭയിൽ മന്ത്രിമാരായിരുന്ന ടി.വി.തോമസും ഗൗരിയമ്മയും വിവാഹിതരായി. 1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ വിഭിന്ന ചേരികളിലായ അവർ പിരിഞ്ഞുതാമസിച്ചു. കുട്ടികളില്ല. ഭർത്താവിന് മറ്റൊരു സ്ത്രീയിൽ ജനിച്ച കുഞ്ഞിനെ മകനെ പോലെ സംരക്ഷിച്ചു. ജോലിയും നൽകി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close