
ശാന്തിവിള ദിനേശ്
അവാര്‍ഡുകളും പുരസ്കാരങ്ങളും ആര്‍ക്കാ കൊടുക്കേണ്ടത്? അര്‍ഹതപ്പെട്ടവര്‍ക്ക്. ഇവിടെ അങ്ങിനെയാണോ ചെയ്യാറ്? അതെ എന്നാണ് ഉത്തരമെങ്കില്‍ ദൂരെയെങ്ങും പോകണ്ട നമ്മുടെ ചലച്ചിത്ര അക്കാദമി വര്‍ഷംതോറും നല്കുന്ന സിനിമ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് നല്കുന്ന ജെ സി ഡാനിയേല്‍ പുരസ്കാരം നോക്കിയാല്‍ മതി. 1992 ല്‍ ആണ് ആദ്യ പുരസ്കാരം നല്‍കിയത്. ടി.ഇ.വാസുദേവന്‍. അദ്ദേഹം തലമുതിര്‍ന്ന നിര്‍മ്മാതാവും വിതരണക്കാരനുമാണ്. അതിലപ്പുറം താന്‍ നിര്‍മ്മിക്കുന്ന സിനിമയുടെ കഥ എന്താകണം, എങ്ങിനാകണം, എത്ര പാട്ടുവേണം, അത് ആരെഴുതണം, ആര് സംഗീതം നല്‍കണം, ആര് പാടണം, എന്നു വരെ തീരുമാനിക്കുന്ന ആളായിരുന്നു. കഥ കേട്ട് കഥാസന്ദര്‍ഭം കേട്ട് പാട്ട് ചെയ്യാനിരുന്നാല്‍ പാട്ട് ചെയ്തു കൊടുക്കും എന്നതിനപ്പുറം കമ്പോസിങ്ങിലോ റിക്കാര്ഡിങ്ങിലോ ആരേം കയറ്റാത്ത ആളായിരുന്നു ജി.ദേവരാജന്‍. കാശു മുടക്കുന്ന ഞാന്‍ ആ പാട്ടിന്റെ ട്യൂണ്‍ കേള്ക്കണ്ടായെങ്കില് അങ്ങിനെയുള്ള സംഗീത സംവിധായകന് എന്റെ പടം ചെയ്യേണ്ട എന്നു ശഠിച്ച നിര്‍മ്മാതാവായിരുന്നു വാസു സര് എന്ന ടി ഇ വാസുദേവന്‍. അതു കൊണ്ട് ജയ് മാരുതിയുടെ പാട്ടുകള്‍ ദേവരാജന്‍ നല്‍കിയില്ല.
അങ്ങിനെയുള്ള മനുഷ്യന് ആദ്യ ജെസി ഡാനിയേല്‍ പുരസ്കാരം ലഭിച്ചപ്പോള്‍ ആ പുരസ്കാരത്തിന്റെ മഹത്വമേറി. എന്നാല്‍ ഈ അവാര്‍ഡ് 28 വര്‍ഷത്തില്‍ എത്തി നില്ക്കുന്നേടത്തു നിന്ന് തിരിഞ്ഞു നോക്കിയാല്‍ രസകരമാണ് കാര്യങ്ങള്‍. ഇരുപത്തിരണ്ടുവര്‍ഷം കഴിഞ്ഞിട്ടാണ് എംടിക്ക് ഈ പുരസ്കാരം കിട്ടുന്നത് 2014 ല്‍. ഇരുപത്തി നാലുവര്‍ഷം കഴിഞ്ഞിട്ടാണ് അടൂരിന് കിട്ടിയത് 2016 ല്‍. ഗാനരചന, കഥ, തിരക്കഥ, സംവിധാനം, നിര്‍മ്മാണം, വിതരണം, സംഗീതം തുടങ്ങി സനിമയില്‍ സമഗ്ര സംഭാവന നല്കിയ ശ്രീകുമാരന്‍ തമ്പിയെ ഓര്‍ക്കുന്നത് ഇരുപത്തിന്നാലു പേര്‍ക്ക് നല്കിയ ശേഷമാണ് 2017 ല്‍. ഒഎന്‍വി കുറുപ്പ് അടക്കം ഈ പുരസ്കാരം ലഭിക്കാതെ പോയ എത്ര അര്‍ഹതപ്പെട്ടവര്‍ ഈ നാട്ടില്‍ ഉണ്ടായിരുന്നു എന്നറിയാമോ?
ഇതെങ്ങിനെ സംഭവിക്കുന്നു? ജെ സി ഡാനിയേല്‍ പുരസ്കാരം ലഭിച്ചവരൊക്കെ അതിന് അര്‍ഹരായവര്‍ തന്നെയാണ്. പക്ഷേ, അവരേക്കാള്‍ സീനിയറായവര്‍ നിലവില്‍ ഉള്ളപ്പോള്‍ അതു മറികടന്ന് മറ്റു ചിലര്‍ക്ക് നല്‍കുന്നതിന്റെ മാനദണ്ഡം എന്താണ്? ഇതു ചോദിച്ചാല്‍ പറയുന്നതു അക്കാദമിക്ക് ഒരു റോളുമില്ല ഒരു കമ്മിറ്റിയെ നിശ്ചയിക്കുന്നു. അവരാണ് ആളെ കണ്ടെത്തുന്നത് എന്നാണ്. അല്ലേ അല്ല. ഒരാളെ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തു വരുന്നവര്‍ നിശ്ചയിക്കുന്നു. വഴിപാടായി വയ്ക്കുന്ന കമ്മിറ്റിക്കാരോട് ഇദ്ദേഹത്തെയാണ് ഇത്തവണ ഞങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത് എന്നറിയിക്കുന്നു. അവര്‍ ഒരു പണിയുമെടുക്കാതെ ആ പറഞ്ഞ വ്യക്തിയെപ്പറ്റി എഴുതി വച്ചതിന് താഴെ ഒപ്പിട്ടു നല്കി ടിഎയും ഡിഎയും വാങ്ങി പോകുന്നു. ഇതാണ് സത്യം.
എംടിക്കും അടൂരിനും ശ്രീകുമാരന്‍ തമ്പിക്കും മുന്‍പേ മറ്റു പലരും ഈ പുരസ്കാരം വാങ്ങിക്കാനായതു ഈ ഒപ്പിടല്‍ കലാപരിപാടിയിലൂടെയാണ്. ഇത്തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സ്ക്രീനിങ് വിവാദത്തിനു പിന്നാലെ ജെസി ഡാനിയേല്‍ പുരസ്കാരം ആര്‍ക്ക് നല്‍കണം എന്ന് ഉറപ്പിച്ചിരിക്കുന്നതായാണ് വിവരം. ഒരു സൂപ്പര്‍ നായകന് നല്‍കുക. അതിലൂടെ പല ലക്ഷ്യങ്ങളാണ് അണിയറക്കാര്‍ കാണുന്നത്. ഭരിക്കുന്ന പാര്‍ട്ടിയോട് കൂറുപുലര്‍ത്തി എന്ന് കാണിക്കാം. ഈ സൂപ്പര്‍ നായകന് തന്നോടുള്ള അതൃപ്തി തീര്‍ത്ത് അടുത്തൊരു ഡേറ്റ് ഒപ്പിക്കാം. തന്റെ ഇതപര്യന്തമായുള്ള സമുദായ കൂറ് പ്രകടമാക്കാം. അതിനായുള്ള വഴിപാട് കമ്മിറ്റി ഉണ്ടാക്കാനുള്ള തലപുകഞ്ഞുള്ള ആലോചനയിലാണത്രെ വിദൂഷകന്മാര്. ഈ പറഞ്ഞ താരം ഈ പുരസ്കാരം നേടാന്‍ യോഗ്യനല്ലേ?
തീര്‍ത്തും യോഗ്യനാണ്. എന്നാല്‍ പ്രായം കൊണ്ടും സീനിയോറിറ്റി കൊണ്ടും അര്‍ഹതപ്പെട്ടവരെ മറി കടന്ന് കൊടുക്കുന്നതിലേ ബോറത്തനമുള്ളൂ. ഉദാഹരണത്തിന് 96 വയസ് പ്രായമുള്ള സിനിമയില്‍ വന്നിട്ട് 66 വര്‍ഷം പിന്നിട്ട, 325 സിനിമകളില്‍ അഭിനയിച്ച, ഇപ്പോഴും അഭിനയിക്കുന്ന ജി.കെ.പിള്ള.
ഈ പുരസ്കാരം ഇനിയെന്നാവും അദ്ദേഹത്തിന് നല്‍കുക .? അപ്പോ വരട്ടുന്യായം പറയും ഇത് സമഗ്ര സംഭാവനയ്ക്കാണെന്ന്. അപ്പോ തിരിച്ചൊരു ചോദ്യം ചോദിക്കണം. സമഗ്ര സംഭാവനയ്ക്ക് വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കണം എന്നാണങ്കില് ആറന്മുള പൊന്നമ്മയ്ക്കും ജോസ് പ്രകാശിനും ഒക്കെ എങ്ങനെ നല്കപ്പെട്ടുവെന്ന് .
അപ്പോ അതൊന്നുമല്ല സമഗ്ര സംഭാവനയുടെ മാനദണ്ഡം. കാലാകാലങ്ങളില്‍ അക്കാദമിയുടെ തലപ്പത്തിരിക്കുന്നവരുടെ ഇഷ്ടാനിഷ്ടം ആകും മാനദണ്ഡം. 96 വയസിലും ക്യാമറക്ക് മുന്നില്‍ നില്ക്കുന്ന ജി.കേശവപിള്ളയെന്ന ജികെ പിള്ള കോണ്‍ഗ്രസുകാരനാണ്. നായരാണ്. കോണ്‍ഗ്രസ് ഭരിക്കുമ്പോഴും അദ്ദേഹത്തെ ഓര്‍ക്കില്ല. ജി. സുകുമാരന്‍ നായരും പറയില്ല. കാരണം ജികെ പിള്ള ഒരു ജെന്റില്‍മാനാ. എനിക്ക് വല്ലതും തരണേന്നും പറഞ്ഞ് ഒരുത്തന്റേം പിന്നാലെ നടക്കില്ല. കെ. ബി.ഗണേഷ് കുമാര്‍ സിനിമ മന്ത്രിയായിരുന്ന കാലത്ത് ഒരു സ്ഥലത്തു വച്ച് ഞാന്‍ പറഞ്ഞു നിങ്ങള്‍ക്ക് ആദ്യമായി ഒരു വേഷം തന്ന ക്രഡിറ്റില്‍ വേണ്ട. യവനികയും സ്വപ്നാടനവും ആദമിന്റെ വാരിയെല്ലും ചെയ്ത കെ.ജി.ജോര്‍ജിന് ജെസി ഡാനിയേല്‍ അവാര്‍ഡിന് യോഗ്യതയില്ലേ? അന്ന് ഗണേഷ് കുമാര്‍ എന്നോട് പറഞ്ഞ മറുപടി ഞാനിന്നും ഓര്‍ക്കുന്നു. ശാന്തിവിളേ, അദ്ദേഹം ആ പുരസ്കാരത്തിന് അര്‍ഹനാണ്. പക്ഷേ, ഉമ്മന്‍ ചാണ്ടി സാറിനെ മൂത്രം ഒഴിക്കാന്‍ വിടാതെയാ ചിലര്‍ക്കായി ശുപാര്‍ശയുമായി ഓരോരുത്തര് നടക്കുന്നത് ഞാനെന്തു ചെയ്യാന്‍? ഇതാണ് ഇവിടെ ഓരോ പുരസ്കാരം നിശ്ചയിക്കുന്നതിന്റെ ക്രൈറ്റീരിയ. ഇവിടെ ജികെ പിള്ളമാര്‍ തഴയപ്പെടും. വമ്പന്മാര്ക്കായി ഇത്തരം പുരസ്കാരങ്ങള്‍ താലത്തില്‍ വച്ചു നല്‍കും. 1954 ല്‍ സ്നേഹസീമക്കായി ക്യാമറക്ക് മുന്നില്‍ ജി കെ പിള്ള നില്ക്കുമ്പോള് ജനിച്ചിട്ടില്ലാത്തവര്‍ നിശ്ചയിക്കുന്നു ആര്‍ക്ക് നല്‍കണം ജെസി ഡാനിയേല്‍ പുരസ്കാരം എന്ന്. പണ്ട് നടന് മധു സര് പറഞ്ഞ കണക്ക് പത്താം ക്ലാസ് തോറ്റവന് ബി എക്ക് മാര്‍ക്കിടും പോലെ