KERALANEWS

കരിനിയമത്തിന് അംഗീകാരം നല്‍കിയ ഗവര്‍ണ്ണറുടെ നടപടി ദൗര്‍ഭാഗ്യകരം:മുല്ലപ്പള്ളി

തിരുവനന്തപുരം:മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന പോലീസ് ആക്ടിലെ ഭേദഗതിയില്‍ കേരള ഗവര്‍ണ്ണര്‍ ഒപ്പിട്ട നടപടി ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പോലീസ് ആക്ട് ഭേദഗതിക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ സമരത്തില്‍ പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.

സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന കടലാസുകളില്‍ ഒപ്പിടലല്ല ഗവര്‍ണ്ണറുടെ ചുമതല. നിയമ ഭേദഗതിയില്‍ നിയമോപദേശം തേടാന്‍ ഗവര്‍ണ്ണര്‍ തയ്യാറായില്ലെന്നത് ദു:ഖകരമാണ്. ഓര്‍ഡിനന്‍സ് തിരിച്ചുവിളിക്കാന്‍ ഗവര്‍ണ്ണര്‍ തയ്യാറാകണം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെപ്പോലെ സര്‍ക്കാരുകളുടെ ഇംഗിതത്തിന് അനുസരിച്ച് ഗവര്‍ണ്ണര്‍ ഒരിക്കലും പ്രവര്‍ത്തിക്കാന്‍ പാടില്ലായിരുന്നു. സുപ്രീം കോടതി ഈ ഓര്‍ഡിനന്‍സില്‍ പറയുന്ന വ്യവസ്ഥകള്‍ എന്നോ റദ്ദാക്കിയതാണ്.കഴിഞ്ഞ നാല്‍പ്പതുവര്‍ഷമായി കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. അദ്ദേഹം യവ്വനകാലത്ത് ഫാസിസത്തിനും വര്‍ഗീയതയ്ക്കും എതിരായ പോരാട്ടത്തില്‍ മുന്‍പന്തിയില്‍ നിന്ന വ്യക്തിയാണ്. അങ്ങനെയുള്ള മഹത് വ്യക്തി ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും നിര്‍ഭയ മാധ്യമപ്രവര്‍ത്തനത്തിനും എതിരെ കടന്നാക്രമണം നടത്തിക്കൊണ്ടുള്ള ഈ ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത് എല്ലാവരെയും ആശ്ചര്യപ്പെടുത്തിയെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഇത്തരമൊരു കരിനിയമത്തിനെതിരെ ശക്തമായി പ്രതികരിക്കേണ്ട സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരിക്ക് ഈ വിഷയത്തില്‍ വൈകിവന്ന വിവേകത്തിന് നന്ദി.മുഖ്യമന്ത്രി തികഞ്ഞ ഫാസിസ്റ്റാണ്. സ്റ്റാലിന്റേയും ഹിറ്റ്‌ലറുടേയും പ്രേതം അദ്ദേഹത്തെ പിടികൂടി.

കരിനിയമങ്ങള്‍ ഒന്നൊന്നായി സംസ്ഥാനത്ത് നടപ്പാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.യുഎപിഎ ചുമത്തി രണ്ട് യുവാക്കളെ ജയിലിലിട്ടതും ഒന്‍പത് വ്യാജ ഏറ്റുമുട്ടലുകള്‍ നടത്തി മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതും ഇതേ മുഖ്യമന്ത്രിയാണ്. കേരളത്തെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ശവപ്പറമ്പാക്കാന്‍ ഒരിക്കലും കോണ്‍ഗ്രസ് അനുവദിക്കില്ല. ഈ കരിനിയമവുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനിക്കുന്നതെങ്കില്‍ അത് ലംഘിക്കാനാണ് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് പടിക്കല്‍ എത്തിയിട്ടുള്ളതെന്നും മുല്ലപ്പള്ളി പറഞ്ഞു.

സിപിഎമ്മിന്റെ അവസാനത്തെ പച്ചത്തുരുത്താണ് കേരളം.സിപിഎമ്മിന്റെ സര്‍വ്വ നാശത്തിന് സീതാറാം യെച്ചൂരി കൂട്ടുനില്‍ക്കുന്നു.എനിക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ എന്തുകൊണ്ട് തടഞ്ഞില്ല:

തനിക്കെതിരായ സൈബര്‍ ആക്രമണം നടത്തുന്നത് സിപിഎമ്മാണ്. അതിനെതിരെ എന്തുകൊണ്ട് അന്നൊന്നും മുഖ്യമന്ത്രി നടപടിയെടുക്കാന്‍ തയ്യാറായില്ല.ക്വിറ്റ് ഇന്ത്യാ സമരകാലം മുതല്‍ തന്റെ പിതാവിനെ ഒറ്റുകൊടുക്കാന്‍ ചൂട്ടുപിടിച്ചവരാണ് സിപിഎമ്മുകാര്‍.അവര്‍ അതേ പാരമ്പര്യം ഇപ്പോഴും തുടരുന്നു.ലോകത്തെ എല്ലാ സര്‍വ്വാധിപതികളും അവരുടെ പതനകാലത്ത് കാട്ടുന്ന അവസാനത്തെ പരാക്രമാണ് മുഖ്യമന്ത്രി ഇപ്പോള്‍ കാണിക്കുന്നത്.ജനം അതിന് തെരഞ്ഞെടുപ്പിലൂടെ മറുപടി പറയുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close