INDIANEWS

കരുത്തരായി മുന്നോട്ട്.. ഇന്ത്യയെ വിറപ്പിച്ച് മണ്ണിന്റെ മക്കള്‍

ന്യൂഡഹി: ഡല്‍ഹിയെ പാകിസ്താനിലെ ലാഹോറുമായും പെഷാവറുമായും അങ്ങകലെ അഫ്ഗാനിസ്താനിലെ ജലാലാബാദുമായും വരെ ബന്ധിപ്പിച്ച് ഷേര്‍ഷാ സൂരി നിര്‍മിച്ച ഇന്ത്യയിലെ ആദ്യത്തെ റോഡായ ഗ്രാന്റ് ട്രങ്ക് റോഡില്‍ നിരന്നു കിടക്കുന്ന വാഹനങ്ങള്‍ക്കിടയില്‍ തമ്പുകളുയരുകയാണ്. നിരവധി പടയോട്ടങ്ങളുടെയും പോരാട്ടങ്ങളുടെയും ചരിത്രമുള്ള ഈ റോഡില്‍ ഒന്നും രണ്ടും പേര്‍ക്ക് താമസിക്കാവുന്ന എളുപ്പത്തില്‍ കൊണ്ടുനടക്കാവുന്ന കൊച്ചു തമ്പുകള്‍ മുതല്‍ നടുറോഡില്‍ ഇരുമ്പുകാലുകള്‍ സ്ഥാപിച്ചുറപ്പിച്ച കൂറ്റന്‍ തമ്പുകള്‍ വരെ ഉയര്‍ന്നുകഴിഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കര്‍ഷകരെ വിളിച്ച് നടത്തിയ ചര്‍ച്ച പരാജയപ്പെടുകയും സര്‍ക്കാര്‍നിലപാട് മാറ്റാതെ ഇനിയൊരു ചര്‍ച്ച വേണ്ടെന്ന് വെക്കുകയും ചെയ്തതിനു പിറ്റേന്ന് കൂടുതല്‍ തമ്പുകളും പന്തലുകളുമുയര്‍ത്തുന്ന തിരക്കിലാണ് കര്‍ഷകര്‍.വിവാദ നിയമങ്ങള്‍ മാറ്റുന്നതുവരെ അതിര്‍ത്തിയില്‍ തന്നെ തമ്പടിക്കാന്‍ തീരുമാനിച്ചാണ് പഞ്ചാബില്‍നിന്നും ഹരിയാനയില്‍നിന്നും ട്രാക്ടറുകള്‍ ‘കാരവനു’കളാക്കി അതിര്‍ത്തിയിലെ സമരത്തിനെത്തിയ കര്‍ഷകര്‍ സമരം നീളുമെന്ന് കണ്ടതോടെ ദീര്‍ഘകാല താമസത്തിനുള്ള ഒരുക്കങ്ങളിലേക്ക് കടന്നിരിക്കുന്നത്. സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ പഞ്ചാബില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍പോലും താമസിക്കുന്നതും കെട്ടിയുയര്‍ത്തിയ തമ്പുകളിലും പന്തലുകളിലുമാണ്. നടുറോഡില്‍ താല്‍ക്കാലികമായി കെട്ടിയുയര്‍ത്തിയിരുന്ന സമരവേദിയുടെ സ്ഥാനത്ത് കൂറ്റന്‍ സ്‌റ്റേജ് വന്നു കഴിഞ്ഞു.

വളന്റിയര്‍മാര്‍ക്കും സേവനത്തിനായി വരുന്ന വിവിധ സംഘടനകള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമുള്ള പന്തലുകളുമുയര്‍ന്നതോടെ സിംഘു പതിനായിരങ്ങള്‍ സംഗമിക്കുന്ന സമര നഗരിയായി മാറിയിരിക്കുന്നു. സിംഘുവിനെ നഗരിയാക്കി കര്‍ഷകരുടെ ദീര്‍ഘകാലവാസത്തിനുള്ള ഒരുക്കങ്ങള്‍ കണ്ട ഡല്‍ഹി സര്‍ക്കാര്‍ 150ഓളം ടോയ്‌ലറ്റുകള്‍ കൊണ്ടു വന്ന് സ്ഥാപിച്ചിട്ടുണ്ട്.അഞ്ച് ടോയ്‌ലറ്റുകളടങ്ങുന്ന പോര്‍ട്ടബിള്‍ യൂനിറ്റുകള്‍ മുപ്പതോളമുണ്ട്. പൊലീസ് ബാരിക്കേഡ് മുതല്‍ സമരവേദി വരെ ഗ്രാന്റ് ട്രങ്ക് റോഡിലുണ്ട്. പഞ്ചാബില്‍നിന്നു കര്‍ഷകര്‍ക്ക് ഡല്‍ഹി സര്‍ക്കാറിന്റെ അഭിവാദ്യങ്ങളര്‍പ്പിക്കുന്ന കെജ്‌രിവാളിന്റെ ചിത്രങ്ങളുള്ള ബാനറുകളോടെയാണ് ടോയ്‌ലറ്റുകള്‍.കൈയും വീശി വരുന്നവര്‍ക്കും ലങ്കറുകള്‍ ഇടതടവില്ലാതെ വിളമ്പുന്ന ഭക്ഷണങ്ങള്‍ക്കു പുറമെ സമരസ്ഥലത്ത് രാപ്പാര്‍ക്കുന്നവര്‍ക്കുള്ള ടൂത്ത് ബ്രഷ് മുതല്‍ തണുപ്പുമാറ്റുന്നതിനുള്ള സോക്‌സും മഫ്‌ലറും കമ്പിളിപ്പുതപ്പും വരെ സന്നദ്ധ സംഘടനകളും വ്യക്തികളും വിതരണം ചെയ്യുന്നുണ്ട്.ഡല്‍ഹി അതിര്‍ത്തിയില്‍ നടുറോഡില്‍ സമരം ചെയ്യുന്ന തങ്ങളുടെ സഹോദരങ്ങള്‍ക്ക് കൊടുക്കാനെന്തെങ്കിലും കൈയില്‍ കരുതിയല്ലാതെ പഞ്ചാബില്‍നിന്നുള്ളവര്‍ സമരത്തിന് വരുന്നില്ല. വൃത്തിയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെയാണ്, ഒരു നഗരം കൊണ്ടുനടക്കുന്ന പോലെയാണിപ്പോള്‍ പഞ്ചാബി കര്‍ഷകര്‍ സിംഘുവിനെ പരിപാലിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close