INDIANEWS

കര്‍ണാടക ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ചു

ബെംഗളൂരു:കര്‍ണാടക ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ചു. പൊതുജനങ്ങളില്‍ നിന്നുള്ള പ്രതികരണത്തെ തുടര്‍ന്നാണിതെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.

പൊതുജനാഭിപ്രായം കണക്കിലെടുത്ത് തീരുമാനം പുനഃപരിശോധിച്ചുവെന്നും മന്ത്രിമാരുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും കൂടിയാലോചിച്ച ശേഷം രാത്രികാല കര്‍ഫ്യൂ പിന്‍വലിക്കാന്‍ തീരുമാനിച്ചതായും പ്രസ്താവനയില്‍ പറയുന്നു. കോവിഡ് പടരാതിരിക്കാന്‍ മുഖാവരണം ധരിക്കുകയും കൈകളുടെ ശുചിത്വവും സാമൂഹിക അകലവും പാലിക്കണമെന്നും യെദ്യൂരപ്പ അഭ്യര്‍ത്ഥിച്ചു.

അതേസമയം, കൊറോണ വൈറസ് വകഭേദം നൈജീരിയയിലും. ഒരാഴ്ചയ്ക്കിടെ ഇതു മൂന്നാമത്തെ വകഭേദമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയതില്‍ നിന്നു വ്യത്യസ്തമായാണ് കൊറോണ വൈറസ് വകഭേദം നൈജീരിയയില്‍ കണ്ടെത്തിയിരിക്കുന്നത്.

അതിവേഗ വൈറസിന്റെ ഭീഷണിയെ തുടര്‍ന്ന് ബ്രിട്ടനില്‍ നിന്ന് ഒരു മാസത്തിനിടെ തിരിച്ചെത്തിയ മുഴുവന്‍ പേരെയും പരിശോധനയ്ക്ക് വിധേയമാക്കാന്‍ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ നടപടികള്‍ ശക്തമാക്കി. യുപിയിലും ഡല്‍ഹിയിലും ഇതിനായി പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. ബ്രിട്ടനില്‍നിന്ന് എത്തുന്നവര്‍ക്ക് മേഘാലയ പ്രവേശനം വിലക്കിയിരിക്കുകയാണ്.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1700 പേരാണ് ബ്രിട്ടനില്‍ നിന്ന് മുംബൈയിലെത്തിയത്. ഗോവയില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മടങ്ങിയെത്തിയ 602 പേരെ തിരിച്ചറിഞ്ഞു. യുകെയില്‍ നിന്നെത്തിയ 26 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ പുതിയ വൈറസ് വകഭേദം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close