കര്‍ണാടക പോലീസ് ആംബുലന്‍സ് കടത്തിവിട്ടില്ല;ചികിത്സ ലഭിക്കാതെ വയോധിക മരണപ്പെട്ടു

കാസർകോട്: കേരള കർണാടക അതിർത്തിയായ തലപ്പാടിയിലെ ചെക്ക് പോസ്റ്റിൽ കർണാടക പോലീസ് ആംബുലൻസ് തടഞ്ഞ് മടക്കി അയച്ചതിനെ തുടർന്ന് വയോധിക മരണപ്പെട്ടു. ഉദ്യാവരയിലെ എഴുപതുകാരിയായ പാത്തുമ്മയാണ് ചികിത്സ കിട്ടാതെ മരണപ്പെട്ടത്.കർണാടക അതിർത്തി പ്രദേശത്ത് ചികിത്സ ലഭിക്കാതെയുള്ള രണ്ടാമത്തെ മരണമാണ്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് വൃക്കരോഗിയായിരുന്നു മരണപ്പെട്ട പാത്തുമ്മ മംഗലാപുരത്തേക്ക് ആംബുലൻസിൽ പോയത്. എന്നാൽ കർണാടക പോലീസ് ആംബുലൻസ് കടത്തിവിടാൻ തയാറായില്ല. തുടർന്ന് തിരികെ വീട്ടിലെത്തിച്ച സ്ത്രീ ഇന്ന് പുലർച്ചെ മരണപ്പെടുകയായിരുന്നു.
മംഗലാപുരത്തേക്ക് പോകുന്നതിനുള്ള ഇടവഴികളെല്ലാം കർണാടക മണ്ണിട്ട് അടച്ചിരിക്കുകയായിരുന്നു. തുടർന്ന് ആംബുലൻസ് കടത്തിവിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും കർണാടക പോലീസ് കടത്തിവിടാൻ തയാറായിരുന്നില്ല. കർണാടക സർക്കാരിന്റേത് നിഷേധാത്മകമായ നടപടിയെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു.
സർക്കാരിന് ചെയ്യാൻ സാധിക്കുന്നതെല്ലാം ഇക്കാര്യത്തിൽ ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്നും ഇത് രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കമാക്കി മാറ്റാതെ സമവായത്തിലൂടെ പ്രശ്നപരിഹാരം കാണണമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ അഭിപ്രായപ്പെട്ടു.