INDIATop News

കര്‍ണാടക രാഷ്ട്രീയവും കലങ്ങി മറിയുന്നു; അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തി മുഖ്യമന്ത്രി യെദ്യൂരപ്പയും കുമാരസ്വാമിയും

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയും രാഷ്ട്രീയ എതിരാളി എച്ച് ഡി കുമാരസ്വാമിയും അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനം ഭരിക്കുന്ന ബിജെപിയും കോണ്‍ഗ്രസ് സഖ്യകക്ഷിയായ ജെഡിഎസും തമ്മില്‍ കൈകോര്‍ത്തേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ ചര്‍ച്ച നടത്തിയെന്ന സ്ഥിരീകരണം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ഓഫീസില്‍ ഇരുനേതാക്കളും തമ്മില്‍ 20 മിനിട്ടോളം ചര്‍ച്ച നടത്തിയെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്. ഇരുനേതാക്കളും തമ്മില്‍ ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ വ്യക്തമല്ലെങ്കിലും കൂടിക്കാഴ്ച തുടങ്ങുന്നതിനു മുന്‍പ് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ മുതിര്‍ന്ന മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും മുറി വിടാന്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇരുനേതാക്കളും തമ്മില്‍ രാഷ്ട്രീയ വിഷയങ്ങളൊന്നും ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് മന്ത്രിമാരും ജെഡിഎസ് നേതാക്കളും വിശദീകരിക്കുന്നത്.

ദസറഹള്ളിയിലെ മഴക്കെടുതിയെപ്പറ്റിയാണ് തങ്ങള്‍ ചര്‍ച്ച നടത്തിയതെന്നായിരുന്നു ചര്‍ച്ചയ്ക്ക് ശേഷം കുമാരസ്വാമിയുടെ പ്രതികരണം. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം കര്‍ണാടക ബിജെപി നേതൃത്വത്തില്‍ പാര്‍ട്ടി അടിമുടി അഴിച്ചുപണി നടത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ജെഡിഎസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമിയുമായുള്ള കൂടിക്കാഴ്ച. ബിജെപിയും ജെഡിഎസും തമ്മിലുള്ള സഖ്യസാധ്യത സംബന്ധിച്ചും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ചില ഫണ്ടുകള്‍ അനുവദിക്കുന്നതിനെപ്പറ്റിയാണ് ചര്‍ച്ച നടത്തിയതെന്നും വ്യക്തിപരമായ സംഭാഷണങ്ങള്‍ ഉണ്ടായില്ലെന്നും ഒരു മുതിര്‍ന്ന ബിജെപി നേതാവ് ടൈംസ് ഓഫ് ഇന്ത്യയോടു പറഞ്ഞു. എന്നാല്‍ ബിജെപിയും ജെഡിഎസും തമ്മിലുള്ള ലയനസാധ്യത സംബന്ധിച്ച് കുറച്ചു കാലമായി റിപ്പോര്‍ട്ടുകളുണ്ട്. ഇരുപാര്‍ട്ടികളും തമ്മില്‍ കൈകോര്‍ത്താല്‍ കര്‍ണാടകയിലെ പ്രമുഖ സമുദായങ്ങളായ ലിങ്കായത്ത്, വൊക്കലിഗ വോട്ടുകള്‍ ഏകോപിപ്പിക്കാന്‍ കഴിയുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. അതേസമയം, മുഖ്യമന്ത്രി യെദ്യൂരപ്പയുടെ പ്രകടനം സംബന്ധിച്ച് ബിജെപി നേതൃത്വം തൃപ്തരല്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ബിജെപി മന്ത്രിമാരായ സിഎന്‍ അശ്വന്ത് നാരായണ്‍, സി ടി രവി തുടങ്ങിയവര്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചു. ബി എസ് യെദ്യൂരപ്പ തന്നെ മുഖ്യമന്ത്രിയെന്ന നിലയില്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നും മന്ത്രിമാര്‍ അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close