INDIATop News

കര്‍ഷകച്ചന്തകളെ രക്ഷിക്കാനാണ്, കര്‍ഷകനിയമം സര്‍ക്കാര്‍ പാസ്സാക്കിയത്, പുതിയ വോട്ട് പിടിക്കാനുള്ള വാദവുമായി മോദി

പട്‌ന: എന്ത് ധൈര്യത്തിലാണ് അവര്‍ ഇവിടെ വന്ന് വീണ്ടും വോട്ട് ചോദിക്കുന്നത്? എന്ന് മോദി. ഇടനിലക്കാരില്‍ നിന്ന് കര്‍ഷകച്ചന്തകളെ രക്ഷിക്കാനാണ്, കര്‍ഷകനിയമം സര്‍ക്കാര്‍ പാസ്സാക്കിയതെന്ന് മോദി പറയുന്നു. ബിഹാര്‍ എന്ന നാടിനെ ‘ബിമാരു’ (അസുഖബാധിതം) ആക്കാന്‍ ശ്രമിച്ചവര്‍ക്കായി വോട്ട് ചെയ്യേണ്ടെന്ന് ജനങ്ങള്‍ തീരുമാനിച്ച് കഴിഞ്ഞുവെന്നാണ് മോദി ബിഹാറിലെ സസാറാമില്‍ നടത്തിയ ആദ്യതെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞത്. പുല്‍വാമയും ഗല്‍വാനും ഉയര്‍ത്തിക്കാട്ടി, കൊവിഡില്‍ ഊന്നിയാണ് മോദിയുടെ പ്രസംഗം.കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയും ഇന്ന് ബിഹാറില്‍ തെരഞ്ഞെടുപ്പ് റാലി നടത്താനിരിക്കെ, സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചൂട് ഉയരുകയാണ്. മൂന്ന് റാലികളില്‍ പ്രധാനമന്ത്രിയും, രണ്ട് റാലികളില്‍ രാഹുല്‍ ഗാന്ധിയും പങ്കെടുക്കും.സസാറാമിലെ ബിയാഡ മൈദാനില്‍ നടക്കുന്ന റാലിയില്‍ ജെഡിയു അധ്യക്ഷനും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറും പങ്കെടുക്കുന്നുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തിലും നിരവധിപ്പേരാണ് തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാനെത്തിയത്. ”രോഗം പടര്‍ന്നുപിടിക്കുന്നതിനിടയിലും ഇത്രയധികം പേര്‍ റാലിക്ക് എത്തിയതില്‍ ജനങ്ങളോട് നന്ദി. പ്രധാനമന്ത്രിക്ക് സ്വാഗതം”, എന്ന് നിതീഷ് കുമാര്‍.കേന്ദ്രത്തില്‍ സഖ്യകക്ഷിയാണെങ്കിലും ബിഹാറില്‍ ഉടക്കി നില്‍ക്കുന്ന എല്‍ജെപിയുടെ നേതാവും അന്തരിച്ച കേന്ദ്രമന്ത്രിയുമായ രാംവിലാസ് പസ്വാന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് മോദി പ്രസംഗം തുടങ്ങിയതെന്നത് ശ്രദ്ധേയമായി. മുന്‍ കേന്ദ്രമന്ത്രിയായിരുന്ന, ഈയിടെ അന്തരിച്ച രഘുവംശപ്രസാദിനും മോദി ആദരാഞ്ജലികള്‍ നേര്‍ന്നു.കൊവിഡിനെ ബിഹാറിലെ ജനങ്ങള്‍ നേരിട്ട മാതൃക അനുകരണീയമാണെന്നും, അഭിനന്ദനാര്‍ഹമാണെന്നും മോദി പറഞ്ഞു. നിതീഷ് കൃത്യസമയത്ത് ഇടപെട്ടതുകൊണ്ടാണ്, സംസ്ഥാനത്ത് കൊവിഡ് പിടിച്ചുനിര്‍ത്താനായത്. അതിന് സംസ്ഥാനസര്‍ക്കാര്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു – മോദി പറഞ്ഞു.ഗല്‍വാന്‍ താഴ്‌വരയില്‍ ചൈനീസ് സൈന്യവുമായുള്ള ഏറ്റുമുട്ടലിലും, പുല്‍വാമ ഭീകരാക്രമണത്തിലും വീരമൃത്യു വരിച്ച ബിഹാര്‍ സ്വദേശികളായ സൈനികര്‍ക്കും മോദി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തിപ്പിടിച്ചവരാണവര്‍ – മോദി പറഞ്ഞു.ആരാണ് സംസ്ഥാനത്തെ പിന്നോട്ടടിച്ചതെന്ന് തിരിച്ചറിയണം. അഴിമതിയുടെ കൂത്തരങ്ങായി ബിഹാറിനെ മാറ്റിയതാരെന്ന് മനസ്സിലാക്കണം. സംസ്ഥാനത്തെ ക്രമസമാധാനനില ആകെ തകര്‍ന്ന അവസ്ഥയിലായിരുന്നു. അത് മാറ്റിയത് നിതീഷാണ് – മോദി പറഞ്ഞു.അതിര്‍ത്തിയിലേക്ക് സ്വന്തം പുത്രന്‍മാരെയും പുത്രിമാരെയും പോരാടാന്‍ അയച്ചവരാണ് ബിഹാറുകാര്‍. കശ്മീരിന്റെ പ്രത്യേകാധികാരം എടുത്തുകളഞ്ഞ സര്‍ക്കാരാണിത്. ഇപ്പോള്‍ ഞങ്ങള്‍ക്കെതിരെ നില്‍ക്കുന്നവര്‍ അധികാരത്തില്‍ വന്നാല്‍ കശ്മീരിന് പ്രത്യേകാധികാരം തിരികെ നല്‍കുമെന്നാണ് പറയുന്നത്. ലോക്‌സഭാതെരഞ്ഞെടുപ്പിന് മുമ്പ് കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് പണമയച്ചതിനെ പല രീതിയില്‍ പ്രതിപക്ഷം തടസ്സപ്പെടുത്താന്‍ നോക്കിയെന്ന് മോദി ആരോപിക്കുന്നു. റഫാല്‍ വിമാനങ്ങള്‍ വാങ്ങിയപ്പോള്‍ ഇടനിലക്കാരുടെയും അട്ടിമറിക്കാരുടെയും ഭാഷയിലാണ് പ്രതിപക്ഷം സംസാരിച്ചതെന്നും മോദിയുടെ ആരോപണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close