INDIANEWSTrending

കര്‍ഷകരും സര്‍ക്കാരുമായി എട്ടാംഘട്ട ചര്‍ച്ച പുരോഗമിക്കുന്നു,ഇന്നത്തെ ചര്‍ച്ചയില്‍ തീരുമാനം ഉണ്ടാകും : കൃഷിമന്ത്രി

ന്യൂഡല്‍ഹി: കര്‍ഷകസമരം 44-ാം ദിവസത്തിലേക്ക് കടന്ന ഘട്ടത്തില്‍ സര്‍ക്കാര്‍ കര്‍ഷകസംഘടനകളുമായി എട്ടാംവട്ട ചര്‍ച്ച ഡല്‍ഹിയില്‍ ആരംഭിച്ചു. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുന്നതില്‍ ആദ്യം ചര്‍ച്ച വേണമെന്ന നിലപാടിലാണ് കര്‍ഷകര്‍. നിയമം നടപ്പാക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാമെന്ന പുതിയ ഫോര്‍മുല കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ചേക്കുമെന്ന് സൂചനയുണ്ട്. ഇന്നത്തെ ചര്‍ച്ചയില്‍ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. ഇന്നു തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരം കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് കര്‍ഷക സംഘടനകള്‍.
ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനിലാണ് കര്‍ഷകരും സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ച നടക്കുന്നത്. കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിനെ കൂടാതെ പീയുഷ് ഗോയല്‍ അടക്കമുള്ള മറ്റ് മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കര്‍ഷക സംഘടനകളെ പ്രതിനിധീകരിച്ച് 41 നേതാക്കളും ഇന്നത്തെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്. ഇന്നത്തെ ചര്‍ച്ചയില്‍ ഏറെ പ്രതീക്ഷയുണ്ടെന്ന് തോമര്‍ ചര്‍ച്ചയ്ക്ക് മുന്‍പ് മാധ്യമങ്ങളെ കണ്ടപ്പോള്‍ പ്രതികരിച്ചിരുന്നു.മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്ന ഒറ്റ അജണ്ടയിലൂന്നിയ ചര്‍ച്ച വേണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മറ്റ് ചര്‍ച്ചകളൊന്നും വേണ്ടെന്ന നിലപാടാണ് കര്‍ഷക സംഘടനകള്‍ സ്വീകരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ചില ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറായേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാമെന്ന ഫോര്‍മുലയാണ് കേന്ദ്രം മുന്നോട്ടുവെക്കാന്‍ ആലോചിക്കുന്നത്. ഈ ഫോര്‍മുല പ്രകാരം, സര്‍ക്കാര്‍ നിലപാടില്‍നിന്ന് മുന്നോട്ടു പോയെന്ന് തോന്നുമെങ്കിലും രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ഭരണം നടത്തുന്നത് ബി.ജെ.പിയോ ബി.ജെ.പി. നേതൃത്വം നല്‍കുന്ന മുന്നണിയോ ആണ്. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഈ നിയമം നടപ്പാക്കുകയും മറ്റ് നാമമാത്ര സംസ്ഥാനങ്ങളില്‍ മാത്രം ഈ നിയമം നടപ്പാക്കിതിരിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടാകുമ്പോള്‍ കര്‍ഷകര്‍ക്ക് ഇടയില്‍ത്തന്നെ ഭിന്നതയ്ക്ക് വഴിവെച്ചേക്കും. ഇത്തരമൊരു ആശങ്ക കര്‍ഷക നേതാക്കള്‍ക്ക് ഇടയിലുണ്ട്. അതിനാല്‍ തന്നെ കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കാതെ സമരത്തില്‍നിന്ന് പിന്നോട്ടുപോകേണ്ടതില്ലെന്നാണ് കര്‍ഷക സംഘടനകളുടെ നിലപാട്.ദേശീയതലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ ഒരു നിയമം നടപ്പാക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കുക എന്നത് ശരിയാകില്ലെന്ന നിയമോപദേശമാണ് കര്‍ഷകസംഘടനകള്‍ക്ക് ലഭിച്ചിരിക്കുന്നത്. ഒന്നുകില്‍ രാജ്യമാകെ ഒറ്റനിയമം. അല്ലാതെ ചില സംസ്ഥാനങ്ങള്‍ നിയമം നടപ്പാക്കുകയും മറ്റ് സംസ്ഥാങ്ങള്‍ നിയമം നടപ്പാക്കേണ്ടതില്ലെന്നുമുള്ള നിലപാട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണെന്നാണ് കര്‍ഷകസംഘടനകള്‍ പറയുന്നത്. അതിനാല്‍ തന്നെ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം.കൂടാതെ മിനിമം താങ്ങുവില സംബന്ധിച്ച് നിയമപരമായ ഉറപ്പ് നല്‍കണമെന്ന ആവശ്യവും കര്‍ഷകര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close