INDIANEWSTrending

കര്‍ഷകരുടെ ട്രാക്ടറുകള്‍ക്ക് ഡീസല്‍ നല്‍കരുതെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍, റിപ്പബ്ലിക് ദിന ട്രാക്ടര്‍ റാലിക്കെതിരെയുള്ള കരുനീക്കത്തില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍

ലഖ്‌നൗ: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷക സംഘടനകള്‍ ട്രാക്ടര്‍ റാലി പ്രതിഷേധം നടത്താന്‍ തീരുമാനിച്ച സാഹചര്യത്തില്‍ തടയിടാനുള്ള ശ്രമവുമായി യുപി സര്‍ക്കാര്‍. കര്‍ഷകരുടെ ട്രാക്ടറുകള്‍ക്ക് ഡീസല്‍ നല്‍കരുതെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സപ്ലൈ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനുപിന്നാലെ വിവാദ നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധവുമായി കര്‍ഷകനേതാക്കളടക്കമുള്ളവര്‍ രംഗത്തെത്തി. ഇത്തരത്തിലുള്ള നടപടികളിലൂടെ സമരത്തെ നേരിടാം എന്നാണ് സര്‍ക്കാര്‍ കരുതുന്നതെങ്കില്‍ ശക്തമായ പ്രതിഷേധമുയരുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ വ്യക്തമാക്കി. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും സര്‍ക്കാര്‍ നടപടിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തി.അതേസമയം ട്രാക്ടര്‍ റാലിക്കെത്തുന്ന കര്‍ഷകര്‍ക്ക് സംയുക്ത കിസാന്‍ മോര്‍ച്ച കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഒരു ട്രാക്ടറില്‍ അഞ്ച് പേരില്‍ കൂടൂതല്‍ പാടില്ലെന്നും ട്രാക്ടറില്‍ ദേശീയ പതാകയും കര്‍ഷക സംഘടനകളുടെയും പതാകകളും മാത്രമേ പ്രദര്‍ശിപ്പിക്കാന്‍ പാടുള്ളുവെന്നും സംയുക്ത കിസാന്‍ മോര്‍ച്ച നിര്‍ദ്ദേശിച്ചു.പൊലീസ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. പൊലീസും റാലിയുടെ ഭാഗമെന്ന് ഓര്‍ക്കണം. ലഹരിയോ മറ്റു പദാര്‍ത്ഥങ്ങളോ ഉപയോഗിക്കരുത്. വടിയോ, ആയുധങ്ങളോ കൈയില്‍ കരുതരുത്. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നവ മാധ്യമ അക്കൗണ്ടുകള്‍ പിന്‍തുടര്‍ന്ന് വിവരങ്ങള്‍ അറിയാം. തെറ്റിദ്ധരിക്കുന്ന രീതിയിലുള്ള യാതൊരു മുദ്രവാക്യവും പാടില്ല. സമരത്തെ സംബന്ധിക്കുന്ന ബാനറുകള്‍ മാത്രം ട്രാക്ടറില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടുള്ളു. ഉച്ചത്തില്‍ പാട്ട് വെക്കാന്‍ പാടില്ല. റാലിയുടെ മുന്‍നിരയെ കടന്നു ഒരു ട്രാക്ടറും പോകരുത് എന്നിങ്ങനെയാണ് നിര്‍ദ്ദേശങ്ങള്‍.തലസ്ഥാന നഗരത്തെ വലയം വെക്കുംവിധം 100 കിലോമീറ്റര്‍ ദൂരത്തില്‍ റാലി സംഘടിപ്പിക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. ഒരു ലക്ഷത്തോളം ട്രാക്ടറുകളുടെ പങ്കാളിത്തം ഉണ്ടാകുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. രാജ്പഥിലെ റിപ്പബ്ലിക് ദിനാഘോഷ പരേഡ് അവസാനിച്ചാല്‍ റാലി തുടങ്ങും. വൈകീട്ട് ആറുമണിക്ക് അവസാനിപ്പിക്കും വിധമാണ് ക്രമീകരണം. റാലിക്ക് പൊലീസ് സുരക്ഷ ഒരുക്കും. പച്ച ജാക്കറ്റ് അണിഞ്ഞായിരിക്കും കര്‍ഷകര്‍ റാലിയില്‍ പങ്കെടുക്കുക.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close